അരിഷ്ടത്തിന് ആളെക്കൊല്ലാനും സാധിക്കും, അശാസ്ത്രീയ ചികിത്സകള്‍ക്കിട്ട് കൊട്ടുന്ന വാഴ 2
Malayalam Cinema
അരിഷ്ടത്തിന് ആളെക്കൊല്ലാനും സാധിക്കും, അശാസ്ത്രീയ ചികിത്സകള്‍ക്കിട്ട് കൊട്ടുന്ന വാഴ 2
അമര്‍നാഥ് എം.
Sunday, 12th April 2026, 6:00 pm

12 ദിവസം പിന്നിടുമ്പോള്‍ 150 കോടി കളക്ഷന്‍ നേടി സിനിമാലോകത്തെ മൊത്തത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് വാഴ 2. എടുത്തുപറയാന്‍ വലിയ സ്റ്റാര്‍ കാസ്റ്റോ ബജറ്റിന്റെ ആധിക്യമോ ഇല്ലാതിരുന്നിട്ടും ഇത്രയും വലിയ കളക്ഷന്‍ നേടിയത് ചിത്രത്തിന്റെ കണ്ടന്റ് അത്രമാത്രം ശക്തമായതുകൊണ്ടാണ്. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി വാഴ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍.

ആദ്യഭാഗത്തിന്റെ അതേ കഥപറച്ചില്‍ രീതിയ തന്നെയാണ് രണ്ടാം ഭാഗത്തിനും. പ്രധാന കഥാപാത്രങ്ങളുടെ ബാല്യം മുതല്‍ കൗമാരം വരെയുള്ള ജീവിതം വളരെ നാച്ചുറലായി വാഴ 2ല്‍ വരച്ചിട്ടിട്ടുണ്ട്. കോമഡിക്കൊപ്പം ഇമോഷനും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം എല്ലാ പ്രേക്ഷകരുമായും കണക്ടാകുന്നുണ്ട്. അതോടൊപ്പം സാമൂഹിക പ്രാധാന്യമുള്ള പല വിഷയങ്ങളെക്കുറിച്ചും വാഴ 2 സംസാരിക്കുന്നുണ്ട്.

അതിലൊന്നാണ് ബിജുക്കുട്ടന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അരിഷ്ട സേവ. എന്തിനും ഏതിനു അരിഷ്ടം കഴിക്കുകയും സ്വന്തം മകന് ഇടക്കിടെ അരിഷ്ടം നല്‍കുകയും ചെയ്യുന്നയാളാണ് ഈ കഥാപാത്രം. ഒടുവില്‍ ലിവര്‍ സിറോസിസ് ബാധിച്ചാണ് ഈ കഥാപാത്രം മരിക്കുന്നത്. യാതൊരു ദുശ്ശീലവും ഇല്ലാത്ത ഈ കഥാപാത്രത്തിന്റെ അമിതമായ അരിഷ്ടസേവ ആരോഗ്യത്തെ ബാധിക്കുമെന്ന് തിരക്കഥാകൃത്ത് വിപിന്‍ ദാസ് പറയാതെ പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലും ഇതിനെക്കുറിച്ച് ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സാമൂഹിക നിരീക്ഷകന്‍ ഡോക്ടര്‍ മനോജ് വെള്ളവാട് ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. വാഴ 2ലൂടെ ഒളിച്ചുകടത്തപ്പെടുന്ന അരിഷ്ടവിരുദ്ധത ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മനോജ് വെള്ളനാട് ചോദിക്കുന്നുണ്ട്. നിരന്തരമുള്ള അരിഷ്ടസേവ മാത്രമാണ് അയാളുടെ ലൈഫ് സ്റ്റൈലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

സമൂഹത്തില്‍ അരിഷ്ടോഫോബിയ ഉണ്ടാക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ നീക്കമാണ് ഇത്തരമൊരു കഥാപാത്രത്തെ നിര്‍മിച്ചതിന് പിന്നിലെന്നും ഈ സിനിമ നിരോധിക്കേണ്ടതില്ലേയെന്നും പരിഹാസരൂപേണ ചോദിച്ചുകൊണ്ടാണ് മനോജ് വെള്ളനാട് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ബിജുക്കുട്ടന്റെ കഥാപാത്രത്തിന്റെ അരിഷ്ട സേവയെക്കുറിച്ച് മറ്റ് ചില പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

കാലമെത്ര മാറിയാലും ചികിത്സാരീതികള്‍ എത്ര പുരോഗമിച്ചാലും സ്വയം ചികിത്സിച്ച് അസുഖം വലുതാക്കുന്ന ഒരുകൂട്ടമാളുകളുടെ പ്രതിനിധിയാണ് വാഴ 2ലെ ബിജുക്കുട്ടന്റെ കഥാപാത്രം. ആളുകളെ പിടിച്ചിരുത്തി ബോധവത്കരണം നല്‍കുന്നതിനെക്കാള്‍ ഇംപാക്ട് ഇത്തരം സീനുകള്‍ കൊണ്ട് സാധിക്കുമെന്ന് വാഴ 2 തെളിയിച്ചു.

ഇത് മാത്രമല്ല, മറ്റ് പല വിഷയങ്ങളെയും വാഴ 2 വിമര്‍ശിക്കുന്നുണ്ട്. സ്‌കൂളില്‍ സദാചാര ഗുണ്ടായിസം നടത്തുന്ന അധ്യാപകര്‍, കൊച്ചുകുട്ടികളെ ലഹരിക്ക് അടിമകളാക്കുന്ന അടുപ്പമുള്ളവര്‍, വലിയ പ്രതീക്ഷയില്‍ വിദേശത്ത് പഠനത്തിനായി ചെന്ന് നിരാശരാകുന്ന യുവാക്കള്‍ എന്നിവരെയെല്ലാം ചിത്രത്തില്‍ വരച്ചിടുന്നുണ്ട്.

Content Highlight: Vipin Das criticizing unscientific medications in Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം