ഈ മോന്‍ പപ്പടം ചോദിച്ചു, ആ മോന്‍ കൊടുത്തില്ല; പപ്പട ലഹളയുടെ അറിയാക്കഥ പറഞ്ഞ വിപിന്‍ ദാസ് ബ്രില്യന്‍സ്
Malayalam Cinema
ഈ മോന്‍ പപ്പടം ചോദിച്ചു, ആ മോന്‍ കൊടുത്തില്ല; പപ്പട ലഹളയുടെ അറിയാക്കഥ പറഞ്ഞ വിപിന്‍ ദാസ് ബ്രില്യന്‍സ്
അമര്‍നാഥ് എം.
Monday, 13th April 2026, 7:14 am

മോളിവുഡില്‍ ബ്ലോക്ക്ബസ്റ്ററാകാന്‍ ഗംഭീര കണ്ടന്റുണ്ടായാല്‍ മതിയെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് വാഴ 2ന്റെ വിജയം. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ 150 കോടിയിലേറെ നേടി അത്ഭുതവിജയമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സാ അണിയിച്ചൊരുക്കിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ആദ്യഭാഗത്തിന് സ്‌ക്രിപ്റ്റ് ഒരുക്കിയ വിപിന്‍ ദാസ് തന്നെയാണ് വാഴ 2ന്റെ സ്‌ക്രിപ്റ്റും തയാറാക്കിയത്. എല്ലാതരം പ്രേക്ഷകര്‍ക്കും കണക്ടാകുന്ന തരത്തില്‍ കോമഡി രംഗങ്ങളും അതോടൊപ്പം ഹൃദയത്തില്‍ തൊടുന്ന തരത്തില്‍ ഇമോഷണല്‍ രംഗങ്ങളും ഒരുക്കാന്‍ വിപിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ ചര്‍ച്ചയാകുന്നത് സ്‌ക്രിപ്റ്റിലെ ചില ബ്രില്യന്‍സുകളാണ്.

ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് സീനില്‍ ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ വരുന്ന സീനിന് ഗംഭീര റെസ്‌പോണ്‍സാണ് ലഭിക്കുന്നത്. ജോമോന്‍ ജ്യോതിറും സിജു സണ്ണിയുമെല്ലാം ഒറ്റ സീന്‍ കൊണ്ട് തിയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റി. ഈ ടെയ്ല്‍ എന്‍ഡില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഡയലോഗ് വൈറലായിരിക്കുകയാണ്. ഹാഷിറും വാഴ 1ലെ ഗ്യാങ്ങും കൂടി അമീനെയും ഗ്യാങ്ങിനെയും തല്ലാനുള്ള കാരണം എന്താണെന്ന് വയസായ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്.

‘ഈ മോന്‍ പപ്പടം ചോദിച്ചു, ആ മോന്‍ കൊടുത്തില്ല. അതാ അടിയായത്’ എന്നായിരുന്നു മറ്റൊരു സ്ത്രീ പറഞ്ഞത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനിന്ന ഒരു സംഭവത്തെയാണ് വിപിന്‍ ഈ സീനില്‍ വരച്ചിട്ടത്. ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ കല്യാണ സദ്യക്കിടെ പപ്പടത്തിന്റെ പേരില്‍ അടി നടന്നെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തല്ലുണ്ടാക്കുന്നവരാണ് കൊല്ലം ജില്ലയിലുള്ളവരെന്ന മുന്‍വിധി ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ കൊല്ലം ജില്ലക്ക് ഒരു മോശം ഇമേജായിരുന്നു ഇത്തരം വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ പപ്പടത്തിന്റെ പേരിലാവില്ല അടിയുണ്ടായതെന്നും അതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടായേക്കുമെന്നും വിപിന്‍ ദാസ് പറഞ്ഞുവെക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും കൊല്ലം ജില്ലയുടെ പേരില്‍ നടക്കുന്ന ട്രോളുകളെ ഒരു പരിധിവരെ കുറക്കാന്‍ വാഴ 2ന് സാധിക്കുമെന്നാണ് കരുതുന്നത്. വിപിന്‍ ദാസ് എന്ന സംവിധായകന്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തമുള്ളവനാണെന്ന് ഇത്തരം ചെറിയ കാര്യങ്ങള്‍ കൊണ്ട് മനസിലാക്കാം. വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായാല്‍ അതിന്‍ വിപിന്റെ പങ്ക് ചെറുതാകില്ല.

Content Highlight: Vipin Das brilliance in the climax fight of Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം