വിപിന്‍ ദാസ് രചനയില്‍, ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത് 2024 പുറത്തിറങ്ങിയ ചിത്രമാണ് ‘വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്.‘ മക്കളെ തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തുന്ന മാതാപിതാക്കളുടെയും അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രമായിരുന്നു വാഴ.
ചിത്രത്തില്‍ സിജു സണ്ണി, അമിത് മോഹന്‍ രാജേശ്വരി, ജോമോന്‍ ജ്യോതിര്‍, അനുരാജ് ഒ.ബി, അന്‍ഷിദ് അനു, സാഫ് ബ്രോസ്, ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, നോബി മാര്‍ക്കോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്ക് പുറമെ ഹാഷിര്‍, അലന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഴയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് വിപിന്‍ ദാസ്. വാഴയുടെ രണ്ടാം ഭാഗത്തില്‍ എല്ലാവരും തന്നെ പുതുമുഖങ്ങളാണെന്ന് അദ്ദേഹം പറയുന്നു. ഹാഷിറും ടീമും മാത്രമല്ല, അമീന്‍ ടീമും യുറേക്കാ സ്റ്റോറിയിലെ ദേവരാജ് തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്ന് വിപിന്‍ ദാസ് പറഞ്ഞു.
മഴ കാരണം ഷൂട്ട് നിര്‍ത്തിവെച്ചതാണെന്നും ഉടനെ അത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഴ 2 കുറച്ചു കൂടെ വലിയ സ്‌കെയിലിലാണ് പോകുന്നതെന്നും ചിത്രത്തിന്റെ സംഗീതവും മറ്റ് ടെക്‌നീഷ്യന്‍സുമെല്ലാം പുതിയ ആളുകളാണെന്നും വിപിന്‍ ദാസ് പറഞ്ഞു.
‘വാഴ 2 വില്‍ ഹാഷീറും ടീമുമുണ്ട്. അമീനും ടീമുമുണ്ട്. അതുപോലെ യുറേക്ക സ്‌റ്റോറിയിലെ ദേവരാജ് ഉണ്ട്. ഫൈസല്‍ സാബിര്‍ ശബരി ഇവരൊക്കെയുണ്ട്. പിന്നെയും കുറെ പേരുണ്ട്. എഴുതിയത്രയും ഇവരൊക്കെയാണ്. ഇനിയും എഴുതുമ്പോള്‍ ബാക്കിയുള്ളവര് വരുമായിരിക്കും. ഇപ്പോള്‍ ഷൂട്ട് നടക്കുകയാണ്. മഴ കാരണം ഒരു നാലഞ്ച് ദിവസമായിട്ട് ഷൂട്ട് ബ്രേക്ക് ചെയ്തു. ഒരാഴ്ച്ച കഴിഞ്ഞിട്ട് വീണ്ടും തുടങ്ങും. ഒരു മൂന്നാല് ഷെഡ്യൂള്‍ ഉണ്ട്.
വാഴ 2 കുറച്ച് ലാര്‍ജ് സ്‌കെയിലില്‍ വരുന്ന പടമാണ്. വാഴയുടെ ആദ്യ ഭാഗത്തെ കഥയല്ല. ഇത് വേറെ ഒരു കഥയാണ്. മ്യൂസിക് ഇപ്രാവിശ്യം ഒരാറ് ഏഴ് പേരെ സെലക്ട് ചെയ്യുന്നുണ്ട്. 450 പേരെ ഷോട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആരെയും തിരിച്ച് അറിയിച്ചിട്ടില്ല. നമുക്ക് ഓഡിഷന്‍ കോളുണ്ടായിരുന്നു മ്യൂസ്‌ക്കിന് വേണ്ടി. റീല്‍സില് ഉള്ളവര് മാത്രമല്ല, മ്യൂസിക്കിനും ടെക്‌നീഷ്യന്‍സും ക്യാമറയും എല്ലാം പുതിയ ആളുകളാണ്,’ വിപിന്‍ ദാസ് പറയുന്നു.
Content Highlight: Vipin Das about Vazha 2