| Sunday, 15th June 2025, 12:26 pm

ഗുരുവായൂര്‍ അമ്പലനടയില്‍ ഏറ്റവും റിസ്‌ക്കുള്ള കഥാപാത്രം നിഖിലയുടേതാണ്: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദീപു പ്രദീപ് തിരക്കഥ എഴുതി വിപിന്‍ ദാസ് സംവിധാനം ചെയ്ത് 2024 പുറത്തിറങ്ങിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍,ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഗുരുവായൂര്‍ അമ്പലനടയിലും നുണക്കുഴിയിലും നിഖിലയുടെ എക്‌സ്പ്രഷന്‍ ഒരുപോലെയാണ് എന്ന തരത്തിലുള്ള ട്രോളുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. ഇപ്പോള്‍ ഗുരുവായൂര്‍ അമ്പലനടയിലെ നിഖിലയുടെ പെര്‍ഫോമന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് വിപിന്‍ ദാസ്.

താനും നിഖിലയും അത്തരത്തിലുള്ള ട്രോളുകള്‍ പരസ്പരം ഷെയര്‍ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ശരിക്കും നിഖില സിനിമയില്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും എത്ര ട്രോളുണ്ടെന്ന് പറഞ്ഞാലും ആ കഥാപാത്രം ഒന്ന് മിണ്ടിയാല്‍ സിനിമ തീരുമെന്നും വിപിന്‍ പറയുന്നു.

നിഖിലയുടെ കഥാപാത്രം ഒന്ന് ചിരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്താല്‍ സിനിമ മാറി പോകും, ഒന്നും സംസാരിക്കരുത് എക്‌സ്പ്രഷന്‍ ഇടരുതെന്നാണ് താന്‍ അവരോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിഖിലയുടെയും ജോമന്റെയും ആയിരുന്നു സിനിമയില്‍ ബുദ്ധിമുട്ടുള്ള റോളുകളെന്നും വിപിന്‍ പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും നിഖിലയും പരസ്പരം അത്തരം ട്രോളുകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ശരിക്കും നിഖില അതില്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്. ഇത് ട്രോളാകുന്നുണ്ടെങ്കിലും, ആ കഥാപാത്രം ഒന്ന് മിണ്ടിയാല്‍ സിനിമ തീരും. ആ കഥാപാത്രം ഒന്ന് ചിരിക്കുകയോ, ഒന്ന് ദേഷ്യപ്പെടുകയോ ചെയ്താല്‍ സിനിമ മാറും. വന്ന് മിണ്ടാതെ നില്‍ക്കുക, ഒരു എക്‌സ്പ്രഷനും ഇല്ലാതെ നില്‍ക്കുക എന്നാണ് നിഖിലയോട് ഞാന്‍ പറഞ്ഞത്.

എക്‌സ്പ്രസ് ചെയ്യരുത്. ചെയ്ത് കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു സൈഡിലോട്ട് ചായുന്നത് പോലെ തോന്നും. പലപ്പോഴും പല സീനിലും നമ്മള്‍ നിഖിലയെ എടുത്ത് മാറ്റും. വെറുതെ നിര്‍ത്തിയിട്ട് പോസ്റ്റ് ആക്കണ്ട കണ്‍ഫ്യൂഷന്‍ കൂട്ടണ്ട എന്നൊക്കെ വിചാരിച്ച്. അപ്പോള്‍ നിഖിലയെ മാക്‌സിമം ഒഴിവാക്കിയാണ് പോയികൊണ്ടിരുന്നത്. സിനിമയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു, നിഖിലയും പിന്നെ ഒന്ന് ജോമോന്റെ സീനും,’ വിപിന്‍ ദാസ് പറയുന്നു.

Content highlight: Vipin Das about Nikhila’s performance in Guruvayur ambalanadayil 

We use cookies to give you the best possible experience. Learn more