ഹോംലി മീൽസ് അന്ന് ഇറങ്ങിയപ്പോൾ മോശം അഭിപ്രായം ആയിരുന്നു, പിന്നീടാണ് നല്ല അഭിപ്രായം വന്നത്: വിപിൻ ആറ്റ്‌ലി
Malayalam Cinema
ഹോംലി മീൽസ് അന്ന് ഇറങ്ങിയപ്പോൾ മോശം അഭിപ്രായം ആയിരുന്നു, പിന്നീടാണ് നല്ല അഭിപ്രായം വന്നത്: വിപിൻ ആറ്റ്‌ലി
കെ.എസ് ഷാബിന
Sunday, 19th July 2026, 11:39 am

ഹോംലി മീൽസ്’ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനും എഴുത്തുകാരനുമാണ് വിപിൻ ആറ്റ്‌ലി. ‘ബെൻ’, ‘വട്ടമേശ സമ്മേളനം’, ‘മ്യൂസിക്കൽ ചെയർ’ എന്നിവയാണ് അദ്ദേഹം എഴുതി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. വിപിൻ ആറ്റ്‌ലി തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്റപ്പന്റെ അത്ഭുത പ്രവൃത്തികൾ’.

അനൂപ് കണ്ണന്റെ സംവിധാനത്തിൽ വിപിൻ ആറ്റ്‌ലി നായകനായി 2014ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഹോംലി മീൽസ്’. ചിത്രം തിയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും, പിന്നീട് മികച്ച അഭിപ്രായങ്ങൾ നേടിയതിനെ കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും നായകനുമായ വിപിൻ ആറ്റ്‌ലി മനസ് തുറക്കുകയാണിപ്പോൾ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് വിപിൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

വിപിൻ ആറ്റ്‌ലി.Photo:The Hindu

ഹോംലി മീൽസ്’ എന്ന സിനിമ അന്ന് തിയേറ്ററിൽ ഇറങ്ങിയ സമയത്ത് നല്ല അഭിപ്രായങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറച്ചുപേർക്ക് ഫസ്റ്റ് ഹാഫ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. മറ്റ് പ്രതികരണങ്ങളൊന്നും വരാത്തതുകൊണ്ട് മനസ് മടുത്തുപോയി. ഇത്രയും കഷ്ടപ്പെട്ട് എടുത്ത സിനിമ ആളുകൾ കാണുന്നില്ലല്ലോ എന്ന ചിന്തയായി. അന്ന് ഞങ്ങൾക്ക് എല്ലാവർക്കും വലിയ വിഷമം ഉണ്ടായിരുന്നു; പിന്നീട് എല്ലാവരും ആ കാര്യം മറന്നു.

പിന്നീട് ഞാൻ വർക്കലയിൽ എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഇരിക്കുമ്പോഴാണ് ശർമാജി വിളിച്ച് പറയുന്നത്, സിനിമയുടെ ഡി.വി.ഡി ഇറങ്ങിയെന്നും ആളുകൾ കണ്ട് തുടങ്ങി ഭയങ്കര നല്ല അഭിപ്രായമാണ് പറയുന്നതെന്നും. ഡി.വി.ഡി ഇറങ്ങിയ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. ഞങ്ങൾക്കാണെങ്കിൽ ആ സിനിമയെക്കുറിച്ചുള്ള ചിന്തകളൊക്കെ വിട്ടിരിക്കുകയായിരുന്നു. നാലോ അഞ്ചോ മാസങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ ഡി.വി.ഡി പുറത്തിറങ്ങുന്നത്. അപ്പോഴാണ് ഡി.വി.ഡി ഇറങ്ങിയ വിവരവും ആളുകൾക്ക് പടം ഇഷ്ടപ്പെടുന്നുണ്ടെന്ന കാര്യവും ഞങ്ങൾ അറിയുന്നത്.

 

വിപിൻ ആറ്റ്‌ലി.Photo:Mathrubhumi

സിനിമ റിലീസ് ചെയ്ത ഉടനെ നമ്മൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സമയമുണ്ട്. ആ സമയത്ത് അനുകൂലമായി ഒന്നും തന്നെ ലഭിച്ചില്ല. പിന്നീട് ഞാൻ ‘ബെൻ’ എന്ന സിനിമയുടെ ജോലികൾ തുടങ്ങി, ശ്രദ്ധ മുഴുവൻ അതിലായി. അതുകൊണ്ട് തന്നെ പിന്നീട് വന്ന ആ ഒരു എക്സൈറ്റ്മെന്റ് പൂർണമായി ആസ്വദിക്കാൻ കഴിഞ്ഞില്ല. പിന്നീടാണ് ഈ സിനിമ ആളുകൾക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ തുടങ്ങിയത്.

ആ സമയത്ത് തിയേറ്ററിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും മോശം റിവ്യൂ ലഭിച്ചതും ഏറ്റവും മോശം പടമെന്ന് പറയപ്പെട്ടതും അതായിരുന്നു. പിന്നീടാണ് ആളുകൾ സിനിമ കണ്ടിട്ട് നല്ലതാണെന്നൊക്കെ പറഞ്ഞു തുടങ്ങിയത്. അതിന്റെ ലോജിക് എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ആദ്യം ഇഷ്ടപ്പെടുന്നില്ല, പിന്നീട് ഇഷ്ടപ്പെടുന്നു,’ വിപിൻ ആറ്റ്‌ലി പറയുന്നു.

Content Highlight: Vipin Atley talks about his movie Homely Meals

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.