ബേസിൽ അന്ന് അഭിനയിക്കാൻ വന്നതല്ല, വളരെ ക്യൂട്ട് ആയിരുന്നു അവൻ: വിപിൻ ആറ്റ്‌ലി
Malayalam Cinema
ബേസിൽ അന്ന് അഭിനയിക്കാൻ വന്നതല്ല, വളരെ ക്യൂട്ട് ആയിരുന്നു അവൻ: വിപിൻ ആറ്റ്‌ലി
കെ.എസ് ഷാബിന
Saturday, 18th July 2026, 10:34 am

ഹോംലി മീൽസ് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനും എഴുത്തുകാരനുമാണ് വിപിൻ ആറ്റ്‌ലി. ബെൻ, വട്ടമേശ സമ്മേളനം, മ്യൂസിക്കൽ ചെയർ എന്നിവയാണ് അദ്ദേഹം എഴുതി സംവിധാനം ചെയ്ത ചിത്രങ്ങൾ. വിപിൻ ആറ്റ്‌ലി തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്റപ്പന്റെ അത്ഭുത പ്രവൃത്തികൾ’.

അനൂപ് കണ്ണന്റെ സംവിധാനത്തിൽ വിപിൻ ആറ്റ്‌ലി നായകനായി 2014ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഹോംലി മീൽസ്’. ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ് ‘എഡിറ്റർ ബേസിൽ’ എന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഹോംലി മീൽസ്.വിപിൻ ആറ്റ്‌ലി.Photo:The Hindu

ഇപ്പോൾ ഹോംലി മീൽസ് എന്ന സിനിമയിലേക്ക് ബേസിൽ ജോസഫ് എങ്ങനെയാണ് എത്തിയത് എന്ന് ഓർത്തെടുക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ വിപിൻ ആറ്റ്‌ലി. ‘ജാങ്കോ സ്പേസ്’എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിപിൻ.

‘ഹോംലി മീൽസ്’ എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ‘എഡിറ്റർ ബേസിൽ’ എന്നൊരു കഥാപാത്രത്തെ ഞാൻ ഉൾപ്പെടുത്തിയിരുന്നു. അന്ന് ഞങ്ങളുടെ ചാനലിൽ ജോലി ചെയ്തിരുന്ന ഒരു പയ്യന്റെ പേര് ബേസിൽ എന്നായിരുന്നു. ആ പേരിൽ നിന്നാണ് സിനിമയിലെ കഥാപാത്രത്തിന് ‘പൊട്ടൻ ബേസിൽ’ എന്ന് പേരിടുന്നത്.

ആ സമയത്താണ് ബേസിൽ ജോസഫ് ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി വരുന്നത്. അപ്പോൾ അവനെത്തന്നെ പിടിച്ച് ഞങ്ങൾ ആ വേഷത്തിൽ അഭിനയിപ്പിക്കുകയായിരുന്നു. പിന്നീട് മാത്രമാണ് കഥാപാത്രത്തിന്റെ പേരും അവന്റെ യഥാർത്ഥ പേരും ഒന്നാണെന്ന കാര്യം തന്നെ ഞങ്ങൾ ശ്രദ്ധിക്കുന്നത്.

ബേസിൽ ജോസഫ്.Photo;Screengrab/Youtube/Wikepedia

അന്ന് ബേസിലിന് അഭിനയിക്കാൻ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. സിനിമ സംവിധാനം ചെയ്യാനായിരുന്നു അവന് കൂടുതൽ ഇഷ്ടം. അവൻ ഷോർട്ട് ഫിലിമുകളൊക്കെ ചെയ്ത് നടക്കുന്ന സമയമായിരുന്നു അത്. ‘കുഞ്ഞിരാമായണം’ എന്ന സിനിമയുടെ സംവിധാനത്തെക്കുറിച്ച് മാത്രമാണ് അവൻ അന്ന് സംസാരിച്ചിട്ടുള്ളത്. പിന്നീടാണ് അവൻ അഭിനയത്തിലേക്ക് കടക്കുന്നത്. ‘ഹോംലി മീൽസി’ലേക്ക് അസിസ്റ്റന്റ് ഡയറക്ടറായി വിളിച്ചപ്പോൾ, ഒരു വേഷം കൊടുത്തത് കൊണ്ട് അവൻ അഭിനയിച്ചു എന്ന് മാത്രം.

സിനിമയിൽ എനിക്കും ബേസിലിനും ഒന്നിച്ചായിരുന്നു എല്ലാ സീനുകളും. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഭയങ്കര രസകരമായാണ് അവൻ അത് ചെയ്തത്. അവൻ വളരെ നന്നായി അഭിനയിക്കുന്നുണ്ടെന്ന് ഞാൻ അന്ന് സംവിധായകൻ അനൂപേട്ടനോട് (അനൂപ് കണ്ണൻ) പറയുകയും ചെയ്തു. ഞങ്ങൾ ഒരുമിച്ച് സീക്വൻസുകൾ ഷൂട്ട് ചെയ്യുമ്പോൾ അവൻ ‘പൊട്ടൻ ബേസിൽ’ ആയിട്ടാണ് ഇരിക്കേണ്ടത്. അന്ന് ബേസിലിന് നല്ലൊരു ബേബി ഫേസ് ആയിരുന്നു, കാണാൻ നല്ല ക്യൂട്ടുമായിരുന്നു’, വിപിൻ ആറ്റ്‌ലി പറയുന്നു.

Content Highlight:Vipin Ately talks about Basil Joseph character in homely meals movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.