| Friday, 15th March 2019, 11:15 pm

വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യത്തില്‍ സ്ഥാനമില്ല; ന്യൂസിലാന്‍ഡിലെ വെടിവെയ്പ്പിനെ അപലപിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളിക്കു നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസിലന്‍ഡിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും നരേന്ദ്രമോദി പറഞ്ഞു.

വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന് കത്തെഴുതി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളിക്കു നേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രതികരിക്കാനോ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനോ തയ്യാറാവാത്ത ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരുന്നു.

ഇത്തരം ഒരു ആക്രമണം ഇന്ത്യയില്‍ സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം അതിനെ രാഷ്ട്രീയവത്കരിക്കുകയും, മുസ്ലിംങ്ങളെ അക്രമിച്ചവരെ രഹസ്യമായി പിന്തുച്ചേക്കുമായിരുന്നെന്നുമാണ് മുഫ്തി തന്റെ ട്വീറ്റില്‍ പറഞ്ഞത്.

Read Also : ബ്രെണ്ടന്‍ ടറന്റ്; ന്യൂസിലാന്‍ഡ് വെടിവെപ്പിനു പിന്നിലെ മുസ്‌ലിം വിരുദ്ധനും ട്രംപ് അനുകൂലിയും വംശീയ വെറിയനുമായ തീവ്രവാദി

അതേസമയം ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒമ്പത് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരുക്കേറ്റിട്ടുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും പറഞ്ഞു. സംഭവത്തില്‍ പിന്നാലെ ഇയാളെ കാണാതാതായും വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ ഉടന്‍ വേണമെന്നും ഒവൈസി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ന്യൂസീലന്‍ഡ് അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളില്‍ ഇന്നുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടെന്ന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ ഭീകരവാദികളാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞിരുന്നു.

അഹീ െഞലമറ ന്യൂസിലാന്‍ഡ് വെടിവെയ്പ്: 40 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍; ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദികള്‍; ലക്ഷ്യം വെച്ചത് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും

കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. ന്യൂസിലാന്റിനെ വീടായി തെരഞ്ഞെടുത്തവരാണ് ഇവരെന്നും ന്യൂസിലാന്‍ഡ് കുടിയേറി വന്നവരുടെ വീട് തന്നെയാണെന്നും ജെസിന്‍ഡ പറഞ്ഞു.

അക്രമികള്‍ക്ക് ന്യൂസിലാന്‍ഡില്‍ സ്ഥാനമില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്ലിംങ്ങളുള്ളത്.

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്.

വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. താരങ്ങളെല്ലാം സുരക്ഷിതരാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നാളെ ന്യൂസിലാന്‍ഡിനെതിരായി ടെസ്റ്റ് മത്സരം കളിക്കുന്നതിനായാണ് ബംഗ്ലാദേശ് ടീം നഗരത്തിലെത്തിയിരുന്നത്.

അക്രമികളിലൊരാള്‍ വെടിവെയ്പിന്റെ ദൃശ്യം ഫേസ്ബുക്കില്‍ ലൈവ് കൊടുത്തിരുന്നു. ഫേസ്ബുക്ക് ഇത് റിമൂവ് ചെയ്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more