തൊഴിൽ നിയമങ്ങളുടെ ലംഘനം; നോയിഡയിലെ 203 കരാറുകാരുടെ ലൈസൻസ് റദ്ദാക്കി ജില്ലാ ഭരണകൂടം
India
തൊഴിൽ നിയമങ്ങളുടെ ലംഘനം; നോയിഡയിലെ 203 കരാറുകാരുടെ ലൈസൻസ് റദ്ദാക്കി ജില്ലാ ഭരണകൂടം
മുഹമ്മദ് നബീല്‍
Saturday, 18th April 2026, 4:21 pm

നോയിഡ: നോയിഡയിൽ തൊഴിലാളി പ്രതിഷേധങ്ങൾക്ക് പിന്നാലെ ലേബർ നിയമങ്ങൾ ലംഘിച്ചതിന് 24 ഫാക്ടറികളിലെ 203 കരാറുകാരുടെ ലൈസൻസ് റദ്ദാക്കാനും സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്താനും നടപടിയെടുത്ത് ഗൗതം ബുദ്ധ നഗർ ജില്ലാ ഭരണകൂടം.

തൊഴിലാളികൾക്ക് നൽകാനുള്ള 1.16 കോടി രൂപ കുടിശ്ശിക ഉടൻ തന്നെ നൽകാൻ കരാറുകാർക്ക് ലേബർ ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശം നൽകി. തൊഴിലാളികൾക്ക് ലഭിക്കേണ്ട നിയമപരമായ ആനുകൂല്യങ്ങൾ നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കരാറുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും, കുടിശ്ശിക ഉടൻ തീർപ്പാക്കാൻ അവർക്ക് നിർദ്ദേശം നൽകിയതായും അഡീഷണൽ ലേബർ കമ്മീഷണർ രാകേഷ് ദ്വിവേദി പറഞ്ഞു.

‘തൊഴിലാളി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 203 കരാറുകാരുടെ ലൈസൻസ് റദ്ദാക്കാനും, കുടിശ്ശിക ഈടാക്കാനും, അവരുടെ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്താനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ബാക്കിയുള്ള കരാറുകാരെയും തിരിച്ചറിഞ്ഞുവരികയാണ് അവർക്കെതിരെയും കർശന നടപടിയുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന തൊഴിലാളിസമരങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെ തൊഴിലുടമകളായ കരാറുകാരെക്കുറിച്ചും അന്വേഷണം നടക്കുമെന്നും അഡീഷണൽ ലേബർ കമ്മീഷണർ കൂട്ടിച്ചേർത്തു.

വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഗൗതം ബുദ്ധ നഗറിൽ നടന്ന സമരങ്ങളെ തുടർന്ന്, സർക്കാർ നിയോഗിച്ച ഉന്നതതല സമിതി വേതനം പരിഷ്കരിക്കാൻ ശുപാർശ ചെയ്തതിന് പിന്നാലെയാണ് കരാറുകാർക്കെതിരെയുള്ള ഈ നടപടി.

ഗൗതം ബുദ്ധ നഗറിലെയും അയൽ ജില്ലയായ ഗാസിയാബാദിലെയും 74 തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് 21% വേതന വർദ്ധനവ് നടപ്പിലാക്കി. പുതുക്കിയ ശമ്പളം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നതായും, പുതിയ നിരക്ക് പ്രകാരമുള്ള പേയ്‌മെന്റുകൾ മെയ് 7 നും മെയ് 10 നും ഇടയിൽ നൽകണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

എന്നാൽ നോയിഡയിലെ സമരങ്ങൾ ഇപ്പോഴും തുടരുകയാണ് അടിസ്ഥാനവേതനം 20000 രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അധികസമയം ജോലിചെയ്യുന്ന തൊഴിൽലാളികൾക്ക് നിലവിൽ ഒരു ആനുകൂല്യങ്ങളും നൽകുന്നില്ല.

Content Highlight: Violation of labor laws; District administration cancels licenses of 203 contractors in Noida

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം