| Friday, 31st July 2020, 12:50 pm

'ബ്രിട്ടാസിന് മരട് ഫ്ളാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മൗനം ഇപ്പോഴില്ല'; ജോണ്‍ ബ്രിട്ടാസിനെതിരെയുള്ള ആരോപണം റീ ട്വീറ്റ് ചെയ്ത് വിനു.വി ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൈരളി ന്യൂസ് ചാനല്‍ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിനെതിരെയുള്ള ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക്കരിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചതിന് പിന്നാലെ ആരംഭിച്ച ചാനല്‍ യുദ്ധത്തിലെ പുതിയ സംഭവമാണിത്.

ബ്രിട്ടാസ് ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പേരില്‍ ജേണലിസം ക്ലാസ് എടുക്കുന്നുണ്ട് കൈരളി ടിവിയില്‍. സൗജന്യം ആണ്. മിസ്സായാല്‍ വിഷമിക്കേണ്ട. ഇപ്പോള്‍ എന്നും ഉണ്ട്. അത് കൊണ്ട് നാളെയും പ്രതീക്ഷിക്കാം. വാചാലന്‍ ആണ് ബ്രിട്ടാസ്. മരട് ഫ്ലാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മൗനം ഇല്ല എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ റെജിമോന്‍ കുട്ടപ്പന്റെ ട്വീറ്റ്. ഈ ട്വീറ്റ് ആണ് വിനു വി ജോണ്‍ റീ ട്വീറ്റ് ചെയ്തത്.

സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും കേന്ദ്രീകരിച്ച് നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലെ ആക്രമണം പ്രതിരോധിക്കാന്‍ കൈരളി ന്യൂസിനെയും ദേശാഭിമാനിയെയും സമൂഹമാധ്യമങ്ങളെയും കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കൈരളി ചാനല്‍ മാനേജിംഗ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം ചര്‍ച്ചകളുടെ അവതരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം അവതാരകനായി എത്തിയതോടെ ബാര്‍ക് റേറ്റിംഗിലും കൈരളി നില മെച്ചപ്പെടുത്തിയിരുന്നു.

നേരത്തെ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പിന്നിലായിരുന്ന കൈരളി ന്യൂസ് ജോണ്‍ ബ്രിട്ടാസ് അവതാരകനായതിന് പിന്നാലെ ന്യൂസ് 18, മീഡിയാ വണ്‍ ചാനലുകളെ പിന്നിലാക്കി ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ വളര്‍ച്ചാ നിരക്കില്‍ അഞ്ചാമത് എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more