| Sunday, 20th April 2025, 9:23 pm

കളിയാക്കി വിളിക്കാന്‍ തുടങ്ങിയ ആ പേര് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്, അതൊക്കെ നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: വിനു മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോഹിതദാസ് മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് വിനു മോഹന്‍. നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. കരിയറിന്റെ തുടക്കത്തില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ വിനു മോഹന് സാധിച്ചു. എന്നാല്‍ പിന്നീട് മോശം സ്‌ക്രിപ്റ്റ് സെലക്ഷനുകള്‍ താരത്തിന് തിരിച്ചടിയായി മാറി.

സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിക്കുന്ന ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് വിനു മോഹന്‍. ട്രോളന്മാര്‍ കളിയാക്കി വിളിക്കുന്ന ഗാലക്‌സി സ്റ്റാര്‍ എന്ന പേര് താന്‍ ഒരുപാട് എന്‍ജോയ് ചെയ്യാറുണ്ടെന്ന് വിനു മോഹന്‍ പറഞ്ഞു. ട്രോളുണ്ടാക്കുക എന്നത് ചെറിയ പണിയായി താന്‍ കാണുന്നില്ലെന്നും അതിന് ഒരുപാട് എഫര്‍ട് ആവശ്യമാണെന്നും വിനു മോഹന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടര മണിക്കൂറുള്ള സിനിമയില്‍ ചെറിയൊരു ഫ്രാക്ഷന്‍ ഓഫ് സെക്കന്‍ഡ് മാത്രമുള്ള രംഗങ്ങള്‍ കട്ട് ചെയ്ത് അതിനെ ട്രോള്‍ വീഡിയോയാക്കി മാറ്റുക എന്നത് നിസാര കാര്യമല്ലെന്നും അത് മറ്റുള്ളവരെ ചിരിപ്പിക്കുന്നത് കൊണ്ട് അതില്‍ തെറ്റില്ലെന്നും വിനു മോഹന്‍ പറഞ്ഞു. ട്രോളുകള്‍ അതിര് കടക്കാത്തതുകൊണ്ട് അതില്‍ ഒഫന്‍ഡഡാകാറില്ലെന്നും വിനു മോഹന്‍ കൂട്ടിച്ചേര്‍ത്തു.

അത്യാവശ്യം ക്രിയേറ്റിവിറ്റി ആവശ്യമുള്ള ജോലിയാണ് ട്രോളുണ്ടാക്കലെന്നും തന്നെക്കുറിച്ചുള്ള എല്ലാ ട്രോളുകള്‍ക്കും താന്‍ റിപ്ലൈ നല്‍കാറുണ്ടെന്നും വിനു മോഹന്‍ പറഞ്ഞു. ഒരുപാട് ട്രോളുകള്‍ കണ്ട് മറക്കുന്നയാളാണ് എല്ലാവരുമെന്നും എന്നാല്‍ ചില ട്രോളുകള്‍ മാത്രമേ മനസില്‍ തങ്ങി നില്‍ക്കുകയെന്നും വിനു മോഹന്‍ കൂട്ടിച്ചേര്‍ത്തു. അത്തരം ട്രോളുകളെ പ്രശംസിക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നും വിനു മോഹന്‍ പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു വിനു മോഹന്‍.

‘ചെയ്ത സിനിമകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിലൊരെണ്ണം പോലും ചെയ്യണ്ട എന്ന ചിന്ത വന്നിട്ടില്ല. പിന്നെ അന്ന് ചെയ്ത പല സിനിമകളും ഇന്ന് ട്രോള്‍ പേജുകളില്‍ കാണുന്നുണ്ട്. ‘ഗാലക്‌സി സ്റ്റാര്‍’ എന്ന വിളിപ്പേരും എനിക്ക് തന്നിട്ടുണ്ട്. ആ പേര് എനിക്ക് ഒരുപാട് ഇഷ്ടമാണ്. സത്യം പറഞ്ഞാല്‍ എന്നെപ്പറ്റിയുള്ള ട്രോളുകളെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഈ ട്രോളൊക്കെ ഉണ്ടാക്കുന്നത് ചെറിയൊരു പണിയായിട്ട് ഞാന്‍ കാണുന്നില്ല. അതിന് നല്ല എഫര്‍ട്ട് ആവശ്യമുണ്ട്.

രണ്ടര മണിക്കൂറുള്ള ഒരു സിനിമ കുത്തിയിരുന്ന് കണ്ടിട്ട് അതിലെ ഫ്രാക്ഷന്‍ ഓഫ് സെക്കന്‍ഡ് വരുന്ന ഭാഗം എടുത്ത് ട്രോള്‍ ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ അത് എളുപ്പമുള്ള കാര്യമല്ല. എന്നെപ്പറ്റിയുള്ള ട്രോളെല്ലാം ഞാന്‍ കാണാറുണ്ട്. അതിനെല്ലാം റിപ്ലൈ കൊടുക്കാറുമുണ്ട്. നമ്മള്‍ ഒരുദിവസം എത്രയോ ട്രോളുകള്‍ കാണുന്നു. അതില്‍ വളരെ കുറച്ച് മാത്രമല്ലേ നമ്മുടെ മനസില്‍ തങ്ങി നില്‍ക്കുന്നുള്ളൂ. അത്തരം ട്രോളുകളെ പ്രശംസിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം,’ വിനു മോഹന്‍ പറയുന്നു.

Content Highlight: Vinu Mohan about the Galaxy Star trolls he got from social media

We use cookies to give you the best possible experience. Learn more