യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റിസണ്‍സിനെ തകര്‍ത്തുവിട്ടത്.
ഫെഡ്രികോ വാല്‍വെര്‍ദെയുടെ ഹാട്രിക് കരുത്തിലാണ് റയല്‍ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ തന്നെയായിരുന്നു താരത്തിന്റെ മൂന്ന് ഗോളുകളും പിറന്നത്.
വാല്‍വെര്‍ദെയുടെ രണ്ടാം ഗോളിന് വിനീഷ്യസ് ജൂനിയറാണ് വഴിയൊരുക്കിയത്. ഈ അസിസ്റ്റിലൂടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും വിനീഷ്യസിന് സാധിച്ചു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനായി ഏറ്റവുമധികം അസിസ്റ്റ് നേടുന്ന താരമെന്ന നേട്ടമാണ് വിനി സ്വന്തമാക്കിയത്. ഇത് 31ാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് വേദിയില്‍ ബ്രസീലുകാരന്‍ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്. തന്റെ 80ാം മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്.
വിനീഷ്യസ് ജൂനിയർ
റയല്‍ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമാണ് വിനീഷ്യസ് ഇടം പിടിച്ചത്. 101 മത്സരത്തില്‍ നിന്നുമാണ് താരം 31 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
വരും മത്സരങ്ങളില്‍ ഒറ്റ തവണ കൂടി ഗോളിന് വഴിയൊരുക്കിയാല്‍ റോണോയെ മറികടക്കാനും വിനീഷ്യസിന് സാധിക്കും.
മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് റയല്‍ കളത്തിലിറങ്ങിയത്. മറുവശത്ത് എര്‍ലിങ് ഹാലണ്ടിനെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 എന്ന രീതിയിലാണ് പെപ് ഗ്വാര്‍ഡിയോള ടീമിനെ കളത്തില്‍ വിന്യസിച്ചത്.
ആദ്യ മിനിട്ടുകളില്‍ തന്നെ ഇരു ടീമുകളും ആക്രമിച്ചുകളിച്ചു. ഇരു ടീമിന്റെയും ഗോള്‍മുഖം പലപ്പോഴായി വിറച്ചെങ്കിലും 21ാം മിനിട്ടില്‍ വാല്‍വെര്‍ദെയിലൂടെ റയല്‍ മുമ്പിലെത്തി. ഗോള്‍ കീപ്പര്‍ തിബൗട്ട് കോര്‍ട്വാ നല്‍കിയ ലോങ് പാസില്‍ നിന്നുമാണ് ഗോള്‍ പിറന്നത്.
ആദ്യ ഗോള്‍ പിറന്ന് എട്ടാം മിനിട്ടില്‍ വാല്‍വെര്‍ദെ രണ്ടാം ഗോളും അടിച്ചെടുത്തു. ഇത്തവണ വിനീഷ്യസാണ് ഗോളടിക്കാന്‍ അവസരമൊരുക്കി. 43ാം മിനിട്ടില്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി വാല്‍വെര്‍ദെ കരുത്ത് കാട്ടി.
തുടര്‍ന്നും ഇരുവരും ആക്രമിച്ചുകളിച്ചെങ്കിലും ഗോളടിക്കാന്‍ സാധിക്കാതെ പോയതോടെ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം ആഘോഷിച്ചു. എംബാപ്പെയടക്കമുള്ളവര്‍ പുറത്തുനില്‍ക്കവെയാണ് ലോസ് ബ്ലാങ്കോസിന്റെ കൂറ്റന്‍ വിജയമെന്നതും ആരാധകര്‍ക്ക് ആശ്വാസവും ആവേശവും സമ്മാനിക്കുന്നുണ്ട്.
മാര്‍ച്ച് 18നാണ് രണ്ടാം പാദ മത്സരം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയമാണ് വേദി.
Content Highlight: Vinicius Jr equaled Cristiano Ronaldo’s record of most assist for Real Madrid in Champions League