| Tuesday, 10th December 2024, 9:32 pm

തട്ടത്തിന്‍ മറയത്തിലെ ആ പാട്ടിന് ലഭിച്ച ഹേറ്റ് കമന്റുകള്‍; അന്ന് അവള്‍ അതില്‍ ഒരുപാട് വിഷമിച്ചു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2012ല്‍ മലയാളത്തില്‍ വലിയ വിജയമായ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളിയും ഇഷ തല്‍വാറും ഒന്നിച്ച സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് വിനീത് ശ്രീനിവാസനായിരുന്നു.

അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, സണ്ണി വെയ്ന്‍, ശ്രീറാം രാമചന്ദ്രന്‍, ഭഗത് മാനുവല്‍, മണിക്കുട്ടന്‍, ശ്രീനിവാസന്‍ തുടങ്ങിയ നിരവധി മികച്ച താരങ്ങളായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

തട്ടത്തിന്‍ മറയത്തിലെ മിക്ക പാട്ടുകളും അന്ന് ഹിറ്റാകുകയും ചെയ്തിരുന്നു. അതില്‍ ഏറെ ഹിറ്റായ പാട്ടായിരുന്നു അനു എലിസബത്ത് ജോസ് എഴുതി ഷാന്‍ റഹ്‌മാന്‍ ഈണം നല്‍കിയ ‘മുത്തുച്ചിപ്പി പോലൊരു’ എന്ന പാട്ട്. രമ്യ നമ്പീശനും സച്ചിന്‍ വാര്യരും ചേര്‍ന്നായിരുന്നു ആ പാട്ട് പാടിയത്.

എന്നാല്‍ തുടക്കത്തില്‍ ആ പാട്ടിന് ഹേറ്റ് കമന്റുകളായിരുന്നു ലഭിച്ചതെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. അതേസമയം സിനിമയുടെ രണ്ട് ടീസറുകളും ‘അനുരാഗത്തിന്‍ വേളയില്‍’ എന്ന പാട്ടും തുടക്കത്തില്‍ തന്നെ സ്വീകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ആ സമയത്ത് ബേസ് വോയ്സില്‍ ഒരു ഗായിക പാടി കഴിഞ്ഞാല്‍ സ്വീകരിക്കപെടാന്‍ പ്രയാസമായിരുന്നുവെന്നും ഹേറ്റ് കമന്റില്‍ രമ്യ നമ്പീശന്‍ ഒരുപാട് വിഷമിച്ചുവെന്നും വിനീത് പറയുന്നു. ലീഫി സ്റ്റോറീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.

‘തട്ടത്തിന്‍ മറയത്തിന്റെ ടീസര്‍ ഇറങ്ങിയതിന് ശേഷമായിരുന്നു ‘മുത്തുച്ചിപ്പി’ എന്ന പാട്ട് ഇറങ്ങിയത്. ടീസര്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. സിനിമയുടെ രണ്ടാമത്തെ ടീസറും ‘അനുരാഗത്തിന്‍ വേളയില്‍’ എന്ന പാട്ടും അതുപോലെ തന്നെ ഹിറ്റായിരുന്നു.

എന്നാല്‍ ‘മുത്തുച്ചിപ്പി’ എന്ന പാട്ട് ഇറങ്ങിയപ്പോള്‍ മൊത്തം ഹേറ്റ് കമന്റുകളായിരുന്നു വന്നത്. അന്ന് അതിന്റെ കാരണം എന്താണെന്ന് നമുക്ക് മനസിലായില്ല. ബേസ് വോയ്സില്‍ ഒരു ഗായിക പാടി കഴിഞ്ഞാല്‍ അത് സ്വീകരിക്കപെടാന്‍ പ്രയാസമായിരുന്ന സമയാമായിരുന്നു.

‘മുത്തുച്ചിപ്പി’ പാടിയത് രമ്യ നമ്പീശനായിരുന്നു. ഹേറ്റ് കമന്റുകള്‍ വന്നതോടെ രമ്യക്ക് അതില്‍ ഒരുപാട് വിഷമമായി. പക്ഷേ പിന്നീട് ആ പാട്ട് തട്ടത്തിന്‍ മറയത്തിലെ ബാക്കി എല്ലാ പാട്ടിനെയും കടന്ന് മുന്നോട്ടുപോയി. രമ്യക്കും സച്ചിനും ഒരുപാട് അവാര്‍ഡ് ഫങ്ഷനുകളില്‍ ആ പാട്ടിന് അവാര്‍ഡുകളും കിട്ടി,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Vineeth Sreenivasan Talks About Thattathin Marayathu’s Song

We use cookies to give you the best possible experience. Learn more