| Wednesday, 27th March 2024, 1:49 pm

ആ സിനിമയുടെ ഷൂട്ടിങ്ങ് കാരണം ലാലങ്കിളിന് അദ്ദേഹത്തിന്റെ വീട്ടില്‍ കയറാന്‍പോലും കഴിഞ്ഞില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകനായി എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഷൂട്ടിങ്ങ് നടന്നതിനെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ലാലങ്കിള്‍ ലൊക്കേഷനില്‍ ഒരു തവണ വന്നിട്ടുണ്ട്. ഞങ്ങള്‍ അപ്പോള്‍ അദ്ദേഹത്തിന്റെ എറണാകുളത്തെ വീട്ടില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു സീക്വന്‍സ് അവിടെ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ലാലങ്കിള്‍ വന്നപ്പോള്‍ റൂമില്‍ മൊത്തം നമ്മളുടെ ക്രൂ കൂടി നില്‍ക്കുകയാണ്.

നിങ്ങള്‍ ഷൂട്ടിലാണല്ലേ എന്ന് അങ്കിള്‍ ചോദിച്ചു. ഞങ്ങള്‍ ഇതിനിടയില്‍ അദ്ദേഹത്തെ അകത്തേക്ക് വിളിക്കാനും മറന്നു പോയി. ലാലങ്കിള്‍ പുറത്ത് നിന്ന് തന്നെ ഞങ്ങളെ വിഷ് ചെയ്തിട്ട് പോയി.

അങ്കിള്‍ പോയ ശേഷമാണ് അദ്ദേഹത്തെ വീടിന്റെ അകത്തേക്ക് വിളിച്ചില്ലല്ലോ എന്നോര്‍ക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടിലാണ് നമ്മള്‍ ഷൂട്ട് ചെയ്യുന്നതെന്ന് ഓര്‍ക്കണം.

ഹൃദയത്തിന്റെ ഷൂട്ടിന്റെ സമയത്ത് അദ്ദേഹം കോളേജില്‍ വന്നിരുന്നു. അന്ന് ലാലങ്കിള്‍ അതിന്റെ ഫുട്ടേജൊക്കെ കണ്ട ശേഷമാണ് പോയത്. ഇത്തവണ ഒന്നും കണ്ടിട്ടില്ല. പിന്നെ പാട്ട് ഞാന്‍ അയച്ചു കൊടുത്തപ്പോള്‍ എനിക്ക് മെസേജ് അയച്ചിരുന്നു. ഇറ്റ്‌സ് ബ്യൂട്ടിഫുള്‍ എന്നായിരുന്നു ആ മെസേജ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാലിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിവിന്‍ പോളി ഗസ്റ്റ് റോളിലുമെത്തുന്നുണ്ട്.


Content Highlight: Vineeth Sreenivasan Talks About Mohanlal

Latest Stories

We use cookies to give you the best possible experience. Learn more