| Thursday, 11th April 2024, 11:43 am

അത്തരം സീനുകളിലെല്ലാം അപ്പുവായിരുന്നു ഞങ്ങളുടെ ക്ലാപ്പ് ബോയ്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന പ്രണവ് ഇന്ന് മലയാളത്തിലെ പ്രധാന യുവനടൻമാരിൽ ഒരാളാണ്.

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമാ ആഗ്രഹവുമായി തമിഴ്നാട്ടിലെ കോടമ്പാക്കത്തേക്ക് പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് വർഷങ്ങൾക്ക് ശേഷം.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വമ്പൻ താരനിര ഒന്നിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ. പല സീനുകളിലും ക്ലാപ്പ് ബോയായി പ്രണവ് നിന്നിട്ടുണ്ടെന്നും പ്രണവിന് അതെല്ലാം ഇഷ്ടമാണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘അപ്പുവിന് ഷോട്ട് ഇല്ലാത്ത സമയത്ത് അവൻ ലൊക്കേഷനിലേക്ക് വരുമായിരുന്നു. ഞങ്ങൾ കണ്ട്രോൾ സ്പേസുകളിൽ നിന്ന് ഒരുപാട് ഷോട്ടുകൾ എടുത്തിട്ടുണ്ട്. അതായത് ലോഡ്ജ് മുറികളിൽ നിന്നെല്ലാം ഷോട്ട് എടുക്കുമ്പോൾ വളരെ ലിമിറ്റഡായിട്ടുള്ള സ്ഥലം മാത്രമേ ഉണ്ടാവുള്ളൂ.

അതുകൊണ്ട് തന്നെ എല്ലാവർക്കും. അങ്ങോട്ട് കയറാൻ പറ്റില്ല. എ.ഡിസിനൊന്നും കയറാൻ കഴിയില്ല. ധ്യാനിന്റെ ഷോട്ടാണ് എടുക്കുന്നതെങ്കിൽ അപ്പു ആ സീനിന് ക്ലാപ്പ് അടിക്കും. എന്നിട്ട് അത് കയ്യിൽ വെച്ച് മാറി നിൽക്കും. അങ്ങനെ കുറെ സീനിൽ അപ്പു ക്ലാപ്പ് ചെയ്തിട്ടുണ്ട്. അകത്തേക്ക് ഒരുപാട് പേർക്ക് കയറാൻ സ്ഥലമില്ലാത്ത സീനുകളിലെല്ലാം അപ്പു ക്ലാപ്പ് അടിച്ചിട്ടുണ്ട്.

അവന് ഷൂട്ട്‌ ഇല്ലാത്ത സമയത്ത് ഇടയ്ക്കു ലൊക്കേഷനിൽ വരും. അപ്പോൾ ക്ലാപ്പ് ഞങ്ങൾ കയ്യിൽ എടുത്ത് കൊടുക്കും. എ. ഡിയായിട്ടാണല്ലോ തുടങ്ങിയത്. അതുകൊണ്ട് അതെല്ലാം ചെയ്യാൻ ഇഷ്ടമാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Shares The Shooting Experiences Of Varshangalkk shesham Movie

We use cookies to give you the best possible experience. Learn more