| Friday, 13th December 2024, 5:16 pm

ഒരു വടക്കന്‍ സെല്‍ഫിയിലെ ഉമേഷിന് പ്രചോദനമായത് ആ നടന്‍: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകനായി തന്റെ കരിയര്‍ തുടങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്‍. ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ് മേക്കര്‍ സംവിധായകനും നടനും നിര്‍മാതാവുമെല്ലാമാണ് അദ്ദേഹം. ഏറ്റവും ഒടുവില്‍ വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രവും തിയേറ്ററില്‍ ശ്രദ്ധ നേടിയിരുന്നു.

വിനീത് ശ്രീനിവാസന്റെ രചനയില്‍ ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു വടക്കന്‍ സെല്‍ഫി. നിവിന്‍ പോളി നായകനായ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഉമേഷ് എന്ന അലസനായ ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെയും കുറിച്ച് സംസാരിച്ച ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ഒരുപാട് പേരുടെ പ്രതിനിധിയായിരുന്നു ഉമേഷ് എന്ന കഥാപാത്രം.

ഉമേഷ് എന്ന കഥാപാത്രത്തെ തന്റെ അനുജനും നടനുമായ ധ്യാന്‍ ശ്രീനിവാസനെ കണ്ടുകൊണ്ടാണ് എഴുതിയതെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. ചിത്രത്തിലെ നിവിന്‍ പോളിയുടെ ഡയലോഗുകളെല്ലാം എഴുതുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ എങ്ങനെയാണ് ആ സാഹചര്യത്തിന് മറുപടി നല്‍കുക എന്ന് നോക്കിയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘വടക്കന്‍ സെല്‍ഫി എന്ന സിനിമക്ക് വേണ്ടി ഞാന്‍ ഡയലോഗുകളെല്ലാം എഴുതുമ്പോള്‍ ആലോചിച്ചത് ധ്യാന്‍ ആണെങ്കില്‍ ആ ഭാഗത്ത് എന്ത് ഡയലോഗ് പറയും എന്നാണ്. അത് ആലോചിച്ചിട്ടാണ് കുറേ ഡയലോഗുകള്‍ എഴുതിയത്.

അതായത് ‘ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍ പേടി തോന്നുന്നു’ എന്ന് അമ്മ പറയുമ്പോള്‍ ‘അച്ഛന് എന്തെങ്കിലും അസുഖം?’ എന്ന് നിവിന്‍ പറയുന്ന ഡയലോഗെല്ലാം ധ്യാന്‍ പറയാന്‍ സാധ്യതയുള്ളതാണ്. അങ്ങനെ കുറേ എണ്ണം വടക്കന്‍ സെല്‍ഫിയില്‍ ചേര്‍ത്തിട്ടുണ്ട്. ‘അച്ഛന്‍ എന്റെ വികാരങ്ങള്‍ ഒന്നും മനസിലാകാതെ വെറുതെ പഞ്ച് ഡയലോഗ് അടിച്ചിട്ട് കാര്യമില്ല’ എന്നതെല്ലാം ധ്യാന്‍ പറയുന്നതാണ്,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Vineeth Sreenivasan Says Nivin Pauly’s Character In Oru Vadakkan Selfi Movie Was Inspired By Dhyan Sreenivasan

We use cookies to give you the best possible experience. Learn more