| Wednesday, 16th July 2025, 7:41 pm

ചെന്നൈ യൂണിവേഴ്‌സല്ലെന്ന് പറഞ്ഞത് വെറുതേയല്ല, ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകനായി സിനിമയിലേക്കെത്തി പിന്നീട് നടനായും സംവിധായകനായും പ്രേക്ഷകരെ വിസ്മയിപ്പിച്ചയാളാണ് വിനീത് ശ്രീനിവാസന്‍. സൈക്കിള്‍ എന്ന ചിത്രത്തിലൂടെ നായകനായ വിനീത് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സംവിധായകകുപ്പായവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു. ആദ്യ സംവിധാനസംരഭത്തിന് 15 വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

സംവിധായകനായതിന്റെ 15ാം വര്‍ഷത്തെക്കുറിച്ച് വിനീത് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. പുതിയ സംവിധാനസംരംഭത്തെക്കുറിച്ച് സൂചനയും പോസ്റ്റിലുണ്ടായിരുന്നു. സ്ഥിരം സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ത്രില്ലര്‍ ഴോണറിലാകും പുതിയ ചിത്രമമെന്നായിരുന്നു വിനീത് തന്റെ പോസ്റ്റില്‍ കുറിച്ചത്.

എന്നാല്‍ ചിത്രം ചെന്നൈ യൂണിവേഴ്‌സിലാണോ, ചെന്നൈയിലെ അധോലോകത്തിന്റെ കഥ പറയുന്ന സിനിമയാണോ, തുടങ്ങി നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. വിനീതിന്റെ മുന്‍ ചിത്രങ്ങളായ ഹൃദയത്തിലും വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ചെന്നൈ റഫറന്‍സ് പ്രേക്ഷകര്‍ക്ക് കല്ലുകടിയായി തോന്നിയത് വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ ചിത്രം ചെന്നൈ ബേസ്ഡ് അല്ലെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിനീത് പങ്കുവെച്ചിരിക്കുകയാണ്. ഹെലന്‍, ഹൃദയം, ഫിലിപ്‌സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നോബിള്‍ തോമസാണ് വിനീതിന്റെ പുതിയ നായകന്‍. കരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗംഭീര ഫസ്റ്റ് ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിനീത് തന്റെ ട്രാക്ക് മാറ്റിയത് വിശ്വസിക്കാനാകാതെയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ജേക്കബിന്റെ സ്വര്‍ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് നോബിളായിരുന്നു. അഭിനയിച്ച സിനിമകളില്‍ സോഫ്റ്റ് വേഷങ്ങള്‍ മാത്രം ചെയ്ത നോബിള്‍ ആക്ഷന്‍ ഹീറോയാകുമ്പോള്‍ സിനിമാപ്രേമികള്‍ ആകാംക്ഷയിലാണ്. നിവിന്‍ പോളി, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ വ്യത്യസ്തമായ ഷേഡുകള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ വിനീത് ഇത്തവണയും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.

ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല. ഒമ്പത് വര്‍ഷത്തിന് ശേഷം വിനീതും ഷാന്‍ റഹ്‌മാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കരത്തിനുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സെപ്റ്റംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight; Vineeth Sreenivasan’s new directorial movie first look out

We use cookies to give you the best possible experience. Learn more