ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
കരിയറില്‍ തനിക്ക് നഷ്ടമായ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്. അനിയത്തിപ്രാവ് എന്ന സിനിമ താന്‍ വേണ്ടെന്നു വെച്ചതാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെന്നും അത് തെറ്റാണെന്നും വിനീത് പറഞ്ഞു. ആ സിനിമയിലേക്ക് തന്നെ പരിഗണിക്കുക മാത്രമായിരുന്നു ചെയ്തതെന്നും അത് പിന്നീട് നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാലിനിയെ നായികയാക്കി അവതരിപ്പിക്കുന്ന ആദ്യ ചിത്രം എന്നായിരുന്നു അനിയത്തിപ്രാവിന്റെ പ്രത്യേകതയെന്നും നായികാപ്രധാന്യമുള്ള സിനിമയായിരുന്നു അതെന്നും താരം പറയുന്നു. ഭരതന്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്ക് കാരണം തനിക്ക് പോകേണ്ടി വന്നെന്നും തന്നെയടക്കം പലരെയും ഫാസില്‍ പരിഗണിച്ചു എന്നതാണ് സത്യമെന്നും വിനീത് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അനിയത്തിപ്രാവ് ഞാന്‍ വേണ്ടെന്നു വെച്ചതല്ല. പലരും അങ്ങനെ ധരിച്ച് വെച്ചിട്ടുണ്ട്. ആ പടത്തിലേക്ക് പാച്ചിക്ക എന്നെ വിളിച്ചു എന്നത് മാത്രമേ സത്യമുള്ളൂ. പാച്ചുവും അത്ഭുതവിളക്കും സിനിമയുടെ ഷൂട്ടിനിടെ ഷാനു എന്നോട് ഈ കാര്യം ചോദിച്ചിരുന്നു. ‘അനിയത്തിപ്രാവ് വേണ്ടെന്ന് വെച്ചിരുന്നോ’ എന്ന്. അതിന്റെ മറുപടി ഷാനുവിനോട് പറയുകയും ചെയ്തു.
പാച്ചിക്ക എന്നെ ഓഫീസിലേക്ക് വിളിച്ചിട്ട് സിനിമയുടെ കഥ പറഞ്ഞു. അന്ന് ഈ പടം ശാലിനിയെ നായികയായി അവതരിപ്പിക്കുന്നു എന്ന രീതിയിലാണ് ഉദ്ദേശിച്ചത്. പാച്ചിക്ക തന്നെയാണ് എന്നോട് ഈ കാര്യം പറഞ്ഞത്. ഞാനാണെങ്കില്‍ ആ സമയത്ത് മെയിന്‍ റോളുകള്‍ മാത്രം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കാതല്‍ ദേശം പോലുള്ള സിനിമകളായിരുന്നു ആ സമയത്ത് ഞാന്‍ ചെയ്തത്.
അത് മാത്രമല്ല, പാച്ചിക്ക എന്നോട് കഥ പറഞ്ഞതിന്റെ അടുത്ത ദിവസം എനിക്ക് പോകാനുണ്ടായിരുന്നു. ഭരതന്‍ സാര്‍ ഡയറക്ട് ചെയ്ത മഞ്ജീരധ്വനി എന്ന തെലുങ്ക് പടത്തിന്റെ ഷൂട്ട് തൊട്ടടുത്ത ദിവസം തുടങ്ങാനിരിക്കുകയായിരുന്നു. പല നടന്മാരുടെ കൂടെ പാച്ചിക്ക എന്നെയും പരിഗണിച്ചിരുന്നു എന്ന് മാത്രമാണ് സത്യം. അല്ലാതെ ഞാന്‍ ആ കഥ വേണ്ടെന്ന് വെച്ചിട്ടില്ല,’ വിനീത് പറയുന്നു.
Content Highlight: Vineeth saying director Fazil considered him for Aniyathipravu movie