| Wednesday, 15th January 2025, 10:25 am

ആ ടൊവിനോ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും വലിയ വിജയമൊന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല: വിനീത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് കുമാര്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. സിനിമയില്‍ വിനോദ് എന്ന കഥാപാത്രമായി എത്തിയത് ടൊവിനോ തോമസായിരുന്നു. ദര്‍ശന രാജേന്ദ്രനായിരുന്നു നായികയായി അഭിനയിച്ചത്.

ടൊവിനോക്കും ദര്‍ശനക്കും പുറമെ അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, സഞ്ചന നടരാജന്‍, രേഖ, വിശാഖ് നായര്‍ തുടങ്ങിയവരും ഡിയര്‍ ഫ്രണ്ടിനായി ഒന്നിച്ചിരുന്നു. എന്നാല്‍ സിനിമ ബോക്‌സോഫീസില്‍ പരാജയം നേരിടുകയായിരുന്നു.

ഡിയര്‍ ഫ്രണ്ടിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ അതൊരു മാസ് ഓഡിയന്‍സിന് വേണ്ടിയുള്ള സിനിമയല്ലെന്ന ബോധ്യം തങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നെന്ന് പറയുകയാണ് സംവിധായകനും നടനുമായ വിനീത് കുമാര്‍.

നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍, ഒ.ടി.ടിയില്‍ മികച്ച അഭിപ്രായം നേടിയിട്ടും ആദ്യം റിലീസായ തിയേറ്ററുകളില്‍ എന്തുകൊണ്ടാണ് ഡിയര്‍ ഫ്രണ്ട് ശ്രദ്ധിക്കാതെ പോയത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഓരോ സിനിമയും അതിന്റെ സ്വഭാവം അനുസരിച്ച് ഓരോ രീതിയിലാണല്ലോ പറയുന്നത്. ഡിയര്‍ ഫ്രണ്ടിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ ഇത് ഒരു മാസ് ഓഡിയന്‍സിന് വേണ്ടിയുള്ള സിനിമ അല്ല എന്ന ബോധ്യം ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു.

തിയേറ്ററുകളില്‍ നിന്നും വലിയൊരു വിജയമൊന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ സിനിമ എങ്ങനെ വില്‍ക്കണമെന്ന് ആദ്യമേ തന്നെ നിര്‍മാതാക്കളായ ഷൈജു ഖാലിദിനും സമീര്‍ താഹിറിനും ധാരണയു ണ്ടായിരുന്നു.

പിന്നെ ഒ.ടി.ടി എന്നത് ഇപ്പോള്‍ ചെറിയ സിനിമകള്‍ക്ക് വലിയൊരു സാധ്യതയാണല്ലോ. വലിയൊരു വിഭാഗം പ്രേക്ഷകരും ഇത്തരം സിനിമകള്‍ ഒ.ടി.ടിയില്‍ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് എന്നതാണ് സത്യം,’ വിനീത് കുമാര്‍ പറഞ്ഞു.

Content Highlight: Vineeth Kumar Talks About Dear Friend And Tovino Thomas

We use cookies to give you the best possible experience. Learn more