മമ്മൂക്ക കാരണമാണ് ഞാന്‍ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടന്നത്; അതിന് ശേഷം ഫോക്കസ് കിട്ടി: വിനീത് കുമാര്‍
Malayalam Cinema
മമ്മൂക്ക കാരണമാണ് ഞാന്‍ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടന്നത്; അതിന് ശേഷം ഫോക്കസ് കിട്ടി: വിനീത് കുമാര്‍
ഐറിന്‍ മരിയ ആന്റണി
Saturday, 14th March 2026, 10:53 pm

മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റില്‍ ഇപ്പോഴുമുള്ള നടനാണ് വിനീത് കുമാര്‍. ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം സിനിമയില്‍ വന്നിട്ട് ഏകദേശം 37വര്‍ഷങ്ങള്‍ പിന്നിട്ടു. വടക്കന്‍വീരഗാഥ, ദേവദൂതന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടന്‍ അഭിനയിച്ചിട്ടുണ്ട്.

ഡിയര്‍ ഫ്രണ്ട്, അയാള്‍ ഞാനല്ല തുടങ്ങിയ സിനിമകളിലൂടെ സംവിധാനത്തിലും തന്റെ സാന്നിധ്യം അറിച്ച താരത്തിന്റെ 2024ല്‍ റിലീസായ റൈഫിള്‍ ക്ലബ്ബിലെ പ്രകടനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയില്‍ തന്റ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവരാന്‍ സഹായിച്ചത് മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു.

‘കണ്ണൂരിലെ പഴയങ്ങാടിയിലുള്ള വെങ്ങര എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അഞ്ചാം ക്ലാസ് വരെ അവിടെ പഠിച്ചു. പിന്നീട് ചൊവ്വ സ്‌കൂളിലേക്കും അവിടെ നിന്ന് കൂടാളി സ്‌കൂളിലേക്കും മാറി. ബ്രണ്ണന്‍ കോളേജിലാണ് ഡിഗ്രി പഠനം. നാട് എന്റെ കംഫര്‍ട്ട് സോണായിരുന്നു. പിന്നീട് എറണാകുളത്തേക്ക് മാറാനും കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു കടക്കാനും കാരണം മമ്മൂക്കയാണ്.

ആ സമയത്ത് കണ്ണൂരില്‍ ഒരു ഷൂട്ടിന് മമ്മൂക്ക വന്നിരുന്നു. എന്നെ കണ്ടപ്പോള്‍ നീ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചു. നാട്ടില്‍ തന്നെയാണെന്ന് പറഞ്ഞപ്പോള്‍ എറണാകുളത്തേക്ക് വരാനും പുതിയ അവസരങ്ങള്‍ തേടാനും പറഞ്ഞത് അദ്ദേഹമാണ്.

അവസരങ്ങള്‍ എന്നതിനപ്പുറത്തേക്ക് പുതിയ കാഴ്ചകളിലേക്കെത്താനും നമുക്ക് ജീവിതത്തെ മറ്റൊരു കോണില്‍ കൂടി കാണാനും സാധിക്കും. എനിക്കൊരു ഫോക്കസ് കിട്ടുന്നതും പരസ്യങ്ങളും സംവിധാനവും ചെയ്തു തുടങ്ങുന്നതുമൊക്കെ അതിന് ശേഷമാണ്,’ വിനീത് കുമാര്‍ പറയുന്നു.

മാതാപിതാക്കളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമയില്‍ എത്തില്ലായിരുന്നുവെന്നും യുവജനോത്സവ വേദികളിലേക്കും മറ്റും അവരാണ് തന്നെ കൊണ്ടുനടന്നതും എല്ലാത്തിനും മുന്നില്‍ ഉണ്ടായിരുന്നതെന്നും വിനീത് പറയുന്നു. അച്ഛന്‍ ഒരുപാട് സിനിമകള്‍ കാണുമെന്നും ഒരുപാട് സിനിമകള്‍ തന്നെ കാണിക്കുകയും ചെയ്യുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്ക് ഒരു വീഡിയോ ലൈബ്രറി ഉണ്ടായിരുന്നുവെന്നും അതിലെ സിനിമകളെല്ലാം ചെറുപ്പത്തില്‍ തന്നെ കണ്ടുതീര്‍ത്തിട്ടുണ്ടെന്നും വിനീത് പറയുന്നു. തന്നെ സിനിമാ നടനാക്കണമെന്നോ സംവിധായകനാക്കണമെന്നോ ഉള്ള മോഹത്തിലല്ല അച്ഛന്‍ അതൊക്കെ ചെയ്തതെന്നും അദ്ദേഹത്തിന് സിനിമകള്‍ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും വിനീത് കമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Vineeth kumar says he stepped out of my comfort zone because of Mammootty

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.