സിനിമയിലേക്ക് കടന്നുവന്നിട്ട് 37 വര്‍ഷമായെങ്കിലും പലരുടെയും ഇടയില്‍ അണ്ടര്‍റേറ്റഡായി നില്‍ക്കുന്ന നടനാണ് വിനീത് കുമാര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ താരം സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വിനീത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യത്തിലാണ്.
കഴിഞ്ഞദിവസം താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോയാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ധുരന്ധറിലെ ടൈറ്റില്‍ ട്രാക്കിന് വിനീത് കുമാര്‍ ചുവടുവെക്കുന്ന വീഡിയോ പലരെയും അത്ഭുതപ്പെടുത്തി. ചടുലമായ നീക്കങ്ങളും അപാര ഗ്രേസുമാണ് വിനീതിന് വീഡിയോയില്‍ ഉടനീളമുള്ളത്.
വിനീത് കുമാര്‍ Photo: Vineeth Kumar Official/ Instagram
48ാം വയസിലും ഫിറ്റ്‌നസില്‍ വിനീത് നല്‍കുന്ന ശ്രദ്ധയും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഒപ്പം ഡാന്‍സ് ചെയ്യുന്ന ചെറുപ്പക്കാരന്റെ അതേ ചടുലത വിനീതിലുമുണ്ടെന്നതും വീഡിയോയുടെ പ്രത്യേകതയാണ്. ‘യൂ ആര്‍ നോട്ട് റെഡി ഫോര്‍ ദിസ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോക്ക് ലഭിക്കുന്ന കമന്റുകളും പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.
കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. മോളിവുഡിന്റെ ഗ്രീക്ക് ഗോഡ് എന്നാണ് പ്രധാന കമന്റ്. ഗ്ലാമര്‍ മാത്രമേ ഉള്ളൂവെന്ന് കരുതി സമാധാനിച്ച് ഇരിക്കുകയായിരുന്നെന്ന് പറയുന്ന കമന്റിനും നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്. പണ്ട് സ്‌കൂള്‍ കലോത്സവത്തിലെ കലാപ്രതിഭയായിരുന്നു വിനീതെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
വിനീത് കുമാര്‍ Photo: Screen grab/ Wonderwall media network
2024ല്‍ റിലീസായ റൈഫിള്‍ ക്ലബ്ബിലെ പ്രകടനവും വിനീത് കുമാര്‍ എന്ന നടന് കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു. ചോക്ലേറ്റ് ഹീറോ ഷാജഹാന്‍ എന്ന കഥാപാത്രം വിനീതിന് ‘ടെയ്‌ലര്‍ മേഡ്’ ആയിരുന്നെന്നാണ് പ്രധാന കമന്റ്. ചിത്രത്തിന്റെ തുടക്കത്തില്‍ കാണിച്ച ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്ന് ആക്ഷന്‍ ഹീറോയായുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
റൈഫിള്‍ ക്ലബ്ബില്‍ പ്രധാനവേഷം ചെയ്ത ദീലിഷ് പോത്തനെക്കാള്‍ വിനീതിന് പ്രായമുണ്ടെന്ന വസ്തുതയും പലരെയും അമ്പരപ്പിച്ചു. മലയാളസിനിമ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാത്ത നടന്മാരിലൊരാളാണ് വിനീതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ഒരൊറ്റ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയുടെ പരിപ്പെടുത്തിരിക്കുകയാണ് വിനീത് കുമാര്‍.
Content Highlight: Vineeth Kumar’s new dance video viral in social media