| Sunday, 12th January 2025, 1:29 pm

എന്റെ മനസിലെ പവി അത്ര ലൗഡായിരുന്നില്ല, ദിലീപേട്ടന്റെ മനസിൽ മറ്റൊരു സിനിമയായിരുന്നു: വിനീത് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമ ജീവിതം ആരംഭിച്ച നടനാണ് വിനീത് കുമാർ. കരിയറിന്റെ തുടക്കത്തിൽ തന്നെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ വിനീതിന് സാധിച്ചിരുന്നു. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും വിനീത് കരസ്ഥമാക്കിയിട്ടുണ്ട്. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് തുടങ്ങിയ സിനിമകളിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

ദിലീപ് നായകനായ പവി കെയർ ടേക്കർ ആയിരുന്നു അവസാനമിറങ്ങിയ വിനീത് ചിത്രം. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ദിലീപിന്റെ  മനസിലുണ്ടായിരുന്ന സിനിമയായിരുന്നില്ല തന്റെ മനസിലുണ്ടായിരുന്നതെന്ന് പറയുകയാണ് വിനീത്. താൻ ഉദ്ദേശിച്ച പവി എന്ന കഥാപാത്രം അത്ര ലൗഡല്ലായിരുന്നുവെന്നും ആ രണ്ട് സങ്കല്‌പങ്ങളും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമം താൻ നടത്തിയിരുന്നുവെന്നും വിനീത് കുമാർ പറയുന്നു.

നല്ല സിനിമയൊരുക്കുന്ന പല സംവിധായകരെയും ഇന്ന് തിരിച്ചറിയാതെ പോകുന്നുണ്ടെന്നും തനിക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ടെന്നും വിനീത് കുമാർ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

ദിലീപേട്ടൻ്റെ മനസിലെ സിനിമയായിരുന്നില്ല എൻ്റെ മനസിലുണ്ടായിരുന്നത്. പവി അത്രയും ലൗഡായിരുന്നില്ല
– വിനീത് കുമാർ

‘ദിലീപേട്ടൻ്റെ മനസിലെ സിനിമയായിരുന്നില്ല എൻ്റെ മനസിലുണ്ടായിരുന്നത്. എൻ്റെ മനസിലെ പവി അത്രയും ലൗഡായിരുന്നില്ല. ആ രണ്ട് സങ്കല്‌പങ്ങളും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമം എൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇന്ന് ഓരോ സിനിമയും ഓരോ പുതിയ സംവിധായകരെ പരിചയപ്പെടുത്തുന്നുണ്ട്.

പണ്ടത്തെക്കാൾ എടുക്കാനിരിക്കുന്ന ഒരു സിനിമയെക്കുറിച്ച് നിർമാതാക്കളെ ബോധ്യപ്പെടുത്താൻ എളുപ്പമുണ്ട്. എ.ഐ സാങ്കേതികവിദ്യയിൽ സിനിമയുടെ മൂലകഥയിൽ ഒരു കൊച്ചു സിനിമയുണ്ടാക്കി കാണിച്ചുകൊടുക്കാം.

ഇന്ന് നല്ല സിനിമയൊരുക്കുന്ന പല സംവിധായകരെയും തിരിച്ചറിയാതെ പോകുന്നുണ്ട്. തുടർച്ചയായി അവരുടെ സിനിമ വരുമ്പോൾ മാത്രമേ ശ്രദ്ധിക്കപ്പെടുന്നുള്ളൂവെന്നതാണ് സങ്കടം. ഇനിയും എനിക്കേറെ മുന്നോട്ടു പോകാനുണ്ട്, അതിനാൽ ഫോക്കസ് എന്നും മുന്നോട്ടുതന്നെയായിരുന്നു. എന്നെക്കാൾ മുന്നേ ആരും കടന്നു പോകുന്നത് ഞാൻ കണ്ടിട്ടില്ല. ബാല നടനായി വന്ന് ഇത്രയുംകാലം നില നിന്നുവെന്നതാണ് എന്റെ വിജയം. സ്വ‌പ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിനാൽ സന്തോഷംമാത്രം,’വിനീത് പറയുന്നു.

Content Highlight: Vineeth Kumar About Pavi Care Taker Movie

We use cookies to give you the best possible experience. Learn more