| Sunday, 2nd February 2025, 11:18 am

പോകുന്ന വഴി വന്നാൽ മതിയെന്ന് അദ്ദേഹം, എനിക്ക് കിട്ടിയത് ഒരു സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് വിനീത്. തുടക്കകാലത്ത് തന്നെ സിബി മലയിൽ, കമൽ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങിയ അദ്ദേഹം കരിയറിന്റെ തുടക്കത്തിൽ മോഹൻലാലിനൊപ്പം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, അമൃതം ഗമയ, കമലദളം തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.

സിദ്ധിഖ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം ഹിറ്റ്ലറിൽ ക്ലൈമാക്സ് സീനിൽ മാത്രം വിനീത് വന്ന് പോകുന്നുണ്ട്. ഹിറ്റ്ലറിൽ അഭിനയിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കുകയാണ് വിനീത്. അന്ന് താനൊരു തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഹിറ്റ്‌ലർ സിനിമയുടെ അണിയറപ്രവർത്തകരും തങ്ങളും ഒരേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നതെന്നും വിനീത് പറയുന്നു. കാബൂളിവാല എന്ന സിനിമയിൽ അഭിനയിച്ച ശേഷമുള്ള സമയമാണെന്നും സംവിധായകൻ സിദ്ധിഖ് ആണ് തന്നോട് ക്ലൈമാക്സിൽ വന്നഭിനയിക്കാൻ പറഞ്ഞതെന്നും വിനീത് കൂട്ടിച്ചേർത്തു.

‘പൊള്ളാച്ചിയിൽ ഞാൻ ഒരു തമിഴ് സിനിമ ചെയ്യുകയായിരുന്നു. ഒരുകൊല്ലം മൊത്തം തമിഴിൽ തിരക്കിലായിപ്പോയി. ശക്തിയുടെ ഷൂട്ട് നടക്കുമ്പോൾ സിദ്ധിഖ് സാറും മമ്മൂക്കയുമൊക്കെ അവിടെയുണ്ട്. അവിടെ അന്ന് രണ്ട് ഹോട്ടലുകൾ മാത്രമേയുള്ളൂ. എല്ലാ അഭിനേതാക്കളും ഈ ഹോട്ടലുകളിലാണ്.

മമ്മൂക്കയുണ്ട് മുകേഷേട്ടനുണ്ട് ജഗദീഷേട്ടനൊക്കെയുണ്ട്. താഴത്തെ റൂമിലാണ് ഞാൻ. കാബൂളിവാലയൊക്കെ കഴിഞ്ഞിരിക്കുന്ന സമയമാണ്. ഞാൻ അവരുടെയടുത്തൊക്കെ പോയി സംസാരിക്കുമായിരുന്നു. അപ്പോൾ സിദ്ധിഖ് സാർ ചോദിച്ചു, നാളെ രാവിലെ ഇങ്ങനെയൊരു സീനുണ്ട് വിനീത് ഒന്ന് വന്ന് ചെയ്യുമോയെന്ന്. ഒരു മണിക്കൂറിലേക്കുള്ള പണിയേയുള്ളൂ. പോകുന്ന വഴിക്ക് അതൊന്ന് വന്ന് തീർത്താൽ മതിയെന്ന് പറഞ്ഞപ്പോൾ അങ്ങനെ ഞാൻ ചെയ്ത വേഷമാണ് ഹിറ്റ്ലറിലേത്,’വിനീത് പറയുന്നു.

മമ്മൂട്ടിയുടെ പുതിയ ചിത്രം ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തിൽ വിനീതും അഭിനയിച്ചിട്ടുണ്ട്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത സിനിമയാണ് ഡൊമിനിക്.

Content Highlight: Vineeth About His Charcter In Hitler Movie

We use cookies to give you the best possible experience. Learn more