| Tuesday, 1st July 2025, 8:14 pm

എൻ്റെ പേര് വെച്ച് ആരെങ്കിലും കളിയാക്കുമ്പോൾ ഞാൻ ആ നടനെ ഓർക്കും: വിന്ദുജ മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് പ്രിയങ്കരയിയായ നടിയാണ് വിന്ദുജ മേനോൻ. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് വിന്ദുജ പ്രേക്ഷക ശ്രദ്ധനേടുന്നത്. അഭിനേത്രിയെന്നതിനപ്പുറം നൃത്ത അധ്യാപികയും കൂടിയാണ് വിന്ദുജ. ഇപ്പോൾ തൻ്റെ പേരിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

തന്റെ അച്ഛനാണ് തനിക്ക് വിന്ദുജ എന്ന പേര് ഇട്ടതെന്നും പണ്ട് തനിക്ക് ഈ പേര് ഇഷ്ടമല്ലായിരുന്നെന്നും വിന്ദുജ പറയുന്നു.

അതിന് കാരണം ആരോട് പേര് പറഞ്ഞാലും തെറ്റിക്കുമായിരുന്നെന്നും എന്നാല്‍ സിനിമയില്‍ വന്ന ശേഷം വിന്ദുജ എന്ന പേര് തന്നെയാണ് ഭാഗ്യമായതെന്നും നടി പറഞ്ഞു.

കൊച്ചിന്‍ ഹനീഫയാണ് അതിന് കാരണമെന്നും ഇപ്പോഴും താന്‍ കൊച്ചിന്‍ ഹനീഫയെ ഓര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയില്‍ സംസാരിക്കുകായിരുന്നു വിന്ദുജ.

‘എന്റെ അച്ഛനാണ് എനിക്ക് ഈ പേര് ഇട്ടത്. പണ്ടൊക്കെ എനിക്ക് വെറുപ്പായിരുന്നു ഈ പേരിനോട്. കാരണം ആരോട് പേര് പറഞ്ഞാലും എന്റെ പേര് തെറ്റിക്കുമായിരുന്നു. സിന്ധുജ, അല്ലെങ്കില്‍ ബിന്ദുജ, ഹിന്ദുജ എന്നിങ്ങനെയാണ് പറയുക. വി ഒഴിച്ച് ബാക്കി എല്ലാ അക്ഷരങ്ങളും പറയും. പക്ഷെ സിനിമയില്‍ വന്നശേഷം എനിക്ക് കിട്ടിയ ഭാഗ്യം എന്നുപറഞ്ഞാൽ വിന്ദുജ എന്ന പേര് തന്നെയാണ്. ക്രെഡിറ്റ് ശരിക്കും കൂടുതല്‍ പറയാനുള്ളത് കൊച്ചിന്‍ ഹനീഫിക്കയുടെ അടുത്താണ്. ഹനീഫിക്കയുടെ പടമാണ് ഞാന്‍ രണ്ടാമത് അഭിനയിച്ച ഭീഷ്മാചാര്യ.

എന്നോട് ഇപ്പോഴും മനോജ് കെ. ജയനൊക്കെ പറയും ‘നീയാണ് അഭിനയിക്കാന്‍ വരുന്നത് എന്നറിഞ്ഞപ്പോള്‍ ഹനീഫിക്ക പറയുമായിരുന്നു ആരാണ് വരുന്നത് എന്നറിയുമോ വിന്ദുജ മേനോന്‍ (ഒരു പ്രത്യേക ശൈലിയില്‍ പറയുന്നു)’ എന്ന്.

ഇപ്പോഴും ആരെങ്കിലും കളിയാക്കുമ്പോള്‍ ഞാന്‍ ഹനീഫിക്കയെ ഓര്‍ക്കും. എവിടെ വെച്ച് കണ്ടാലും മനോജ് മറക്കാതെ പറയുന്ന ഡയലോഗ് ആണ് അത്,’ വിന്ദുജ പറയുന്നു.

Content Highlight: Vinduja Menon Remembering Cochin Haneefa

We use cookies to give you the best possible experience. Learn more