| Tuesday, 11th February 2025, 3:36 pm

അവന്‍ വിളിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കില്ലായിരുന്നു: വിന്ദുജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്. എസ്.ഐ ബിജു പൗലോസ് എന്ന പൊലീസുകാരനായിട്ടാണ് നിവിന്‍ ഈ ചിത്രത്തില്‍ എത്തിയത്.

നിര്‍മാതാവെന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. നിവിന് പോളിക്ക് പുറമെ അനു ഇമാനുവല്‍, സൈജു കുറുപ്പ്, മേജര്‍ രവി, ജോജു ജോര്‍ജ് തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ആക്ഷന്‍ ഹീറോ ബിജുവില്‍ ഒന്നിച്ചത്.

മോഹന്‍ലാല്‍ ചിത്രമായ പവിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി വിന്ദുജ മേനോന്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയ സിനിമ കൂടെയാണ് ആക്ഷന്‍ ഹീറോ ബിജു. ഇപ്പോള്‍ മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് വിന്ദുജ.

‘ഞാന്‍ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ രണ്ട് സീനില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളു. എബ്രിഡ് ഷൈന്‍ ആയിരുന്നു ആ സിനിമയുടെ ഡയറക്ടര്‍. അദ്ദേഹം എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. ഒരുപക്ഷേ ഷൈന്‍ വിളിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ റോള്‍ ചെയ്യില്ലായിരുന്നു എന്നതാണ് സത്യം.

അന്ന് എബ്രിഡ് ഷൈന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ഒരു കാര്യം മാത്രമാണ്. ആ റോള്‍ ഞാന്‍ എന്തിനാണ് ചെയ്യുന്നതെന്നാണ് ചോദിച്ചത്. അന്ന് അദ്ദേഹം പറഞ്ഞത് ഞാന്‍ സ്‌ക്രീനില്‍ കാണണമെന്ന് ആഗ്രഹിച്ച മുഖമായത് കൊണ്ടാണ് എന്നാണ്.

അപ്പോള്‍ തിരികെ മറ്റൊരു കാര്യം ചോദിച്ചു. സിനിമയിലെ ആ കഥാപാത്രം ഞാനല്ല ചെയ്യുന്നതെങ്കില്‍ പിന്നെ എനിക്ക് പകരം ഏത് ആര്‍ട്ടിസ്റ്റിനെ അഭിനയിപ്പിക്കും എന്നായിരുന്നു ചോദിച്ചത്. നടി രേവതിയെ ഉദ്ദേശിച്ചിരുന്നുവെന്ന് ഷൈന്‍ പറഞ്ഞു. പക്ഷേ എന്റെ ആഗ്രഹം വിന്ദുജ തന്നെ ചെയ്യണമെന്നാണെന്ന് ഷൈന്‍ വീണ്ടും പറയുകയായിരുന്നു,’ വിന്ദുജ പറഞ്ഞു.

Content Highlight: Vindhuja Menon Talks About Her Character In Action Hero Biju

Latest Stories

We use cookies to give you the best possible experience. Learn more