| Wednesday, 19th March 2025, 6:24 pm

അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ ആ നടിക്ക് അവാര്‍ഡ് കിട്ടുമെന്നായിരുന്നു കരുതിയത്: വിന്‍സി അലോഷ്യസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടിയാണ് വിന്‍സി അലോഷ്യസ്. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് വിന്‍സി സിനിമാലോകത്തേക്ക് കടന്നുവന്നത്. വളരെ പെട്ടെന്ന് മലയാളത്തിന്റെ മുന്‍നിരയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കാന്‍ വിന്‍സിക്ക് സാധിച്ചു.

വിന്‍സിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു രേഖ. ഒരു സാധാരണ പെണ്‍കുട്ടിയുടെ റിവഞ്ച് സ്റ്റോറിയായിരുന്നു ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത രേഖ പറഞ്ഞത്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിന്‍സി അലോഷ്യസ്. രേഖ എന്ന ചിത്രം കണ്ട ശേഷം അതുപോലുള്ള സിനിമകള്‍ ചെയ്യരുതെന്ന് തന്റെ അച്ഛന്‍ ആവശ്യപ്പെട്ടെന്ന് വിന്‍സി പറഞ്ഞു.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ അവര്‍ക്ക് അംഗീകരിക്കാനായില്ലെന്നും അത്രമാത്രം അവരെ വേദനിപ്പിച്ചെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സിനിമക്ക് തനിക്ക് അവാര്‍ഡ് കിട്ടുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും അത് അവരോട് പറഞ്ഞിരുന്നെന്നും വിന്‍സി പറയുന്നു. വീട്ടില്‍ വൈകുന്നേരങ്ങളില്‍ സംസാരിക്കുമ്പോള്‍ അവാര്‍ഡിന്റെ കാര്യം കടന്നുവരാറുണ്ടായിരുന്നെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ആ പ്രതീക്ഷ പോയെന്ന് വിന്‍സി പറഞ്ഞു. ജയ ജയഹേയിലെ പെര്‍ഫോമന്‍സിന് ദര്‍ശന കൊണ്ടുപോയെന്ന് വിചാരിച്ചെന്നും ആ സിനിമ കൊമേഴ്‌സ്യലി സക്‌സസ് ആയതായിരുന്നെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ തനിക്ക് ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെന്നും വിന്‍സി പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിന്‍സി അലോഷ്യസ്.

‘രേഖ ഞാനെന്റെ വീട്ടുകാരുടെ കൂടെയിരുന്നാണ് കണ്ടത്. ആ പടം അവര്‍ക്ക് തീരെ ഇഷ്ടമായില്ല. പ്രത്യേകിച്ച് ആ പടത്തിലെ ഇന്റിമേറ്റ് സീന്‍. പൊന്നാനിക്കാരായി ജീവിച്ച രണ്ടുപേര്‍ക്ക് ഒരിക്കലും സ്വന്തം മകള്‍ അത്തരമൊരു സീന്‍ ചെയ്യുന്നത് ഇഷ്ടമാകില്ല. ‘ഇനി അങ്ങനെയുള്ള പടം ചെയ്യരുത്’ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഈ പടത്തിന് എനിക്ക് അവാര്‍ഡ് കിട്ടിയാല്‍ നിങ്ങള്‍ അംഗീകരിക്കുമോ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു.

പിന്നീട് ഞങ്ങളുടെ വീട്ടില്‍ മിക്ക വൈകുന്നേരങ്ങളിലും അവാര്‍ഡിനെപ്പറ്റിയുള്ള സംസാരം കടന്നുവരും. എനിക്ക് അവാര്‍ഡ് കിട്ടുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ ദിവസത്തോടടുക്കുമ്പോഴും അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെയും ദര്‍ശന കൊണ്ടുപോയെന്നാണ് വിചാരിച്ചത്. ജയ ജയഹേയില്‍ നല്ല പെര്‍ഫോമന്‍സായിരുന്നു. ആ പടം കൊമേഴ്‌സ്യലി സക്‌സസും ആയിരുന്നു. ഒടുക്കം അവാര്‍ഡ് എനിക്ക് തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി,’ വിന്‍സി അലോഷ്യസ് പറയുന്നു.

Content Highlight: Vincy Aloushius says she expected that Darshana Rajendran will get State Award

We use cookies to give you the best possible experience. Learn more