| Monday, 21st April 2025, 4:22 pm

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലെ ആ സീൻ മണിയുടെ ജീവിതമായിരുന്നു; ഷോട്ടിന് ശേഷം അവൻ കരഞ്ഞു: വിനയൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ വിനയൻ. ചിത്രത്തിൽ തോമസ് മുതലാളി വന്നോ എന്ന് അലക്കുകാരിയോട് ചോദിക്കുന്ന സീൻ ഉണ്ടെന്നും അത് നന്നായപ്പോൾ എല്ലാവരും കയ്യടിച്ചെന്നും വിനയൻ പറയുന്നു.

എന്നാൽ കലാഭവൻ മണി അപ്പോൾ തന്റെ അടുത്ത് വന്ന് കരഞ്ഞെന്നും സന്തോഷം കൊണ്ടായിരിക്കുമെന്ന് താൻ കരുതിയെങ്കിലും ബാല്യകാലം ഓർത്താണ് മണി കരഞ്ഞതെന്നും വിനയൻ പറഞ്ഞു. മണി സ്‌കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ പോലും പുതിയ ഉടുപ്പ് കിട്ടിയിട്ടില്ലെന്നും അമ്മ വീട്ടുജോലിക്ക് പോയിരുന്ന വീട്ടിലെ കുട്ടിയുടെ ഉടുപ്പായിരുന്നു ഇടുന്നതെന്നും കലാഭവൻ മണി പറഞ്ഞിട്ടുണ്ടെന്ന് വിനയൻ കൂട്ടിച്ചേർത്തു. ആ സംഭവം ഓർത്താണ് അന്ന് കലാഭവൻ മണി കരഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘അന്ധനായ തെരുവ് ഗായകൻ രാമു, തോമസ് മുതലാളി വന്നോ എന്ന് അലക്കുകാരിയോട് ചോദിക്കുന്ന ഒരു സീനുണ്ട് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിൽ. തോമസ് മുതലാളി വരുമ്പോൾ കൊടുക്കുന്ന പഴയ പൈജാമയും ഉടുപ്പുമായിരുന്നു രാമു സ്ഥിരം ഉപയോഗിച്ചിരുന്നത്.

സീൻ അതിഗംഭീരമായപ്പോൾ എല്ലാവരും കൈയടിച്ചു. പക്ഷെ മണി എന്റെയടുത്ത് വന്ന് വിതുമ്പിക്കരഞ്ഞു. സന്തോഷം കൊണ്ടായിരിക്കുമെന്ന് ഞാൻ കരുതി. പക്ഷേ തന്റെ ബാല്യകാലം ഓർത്തായിരുന്നു മണി വിതുമ്പിയത്.

‘ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ പോലും ഒരു പുതിയ ഉടുപ്പ് എനിക്കു കിട്ടിയിട്ടില്ല സാർ, എന്റെ അമ്മ വീട്ടുവേലക്ക് പോയിരുന്ന കുടുംബത്തിലെ എന്റെ ക്ലാസിൽ പഠിക്കുന്ന പയ്യന്റെ പഴയ ഉടുപ്പും നിക്കറും എനിക്ക് കൊണ്ടുത്തരുമായിരുന്നു. അത് ഇട്ടുകൊണ്ട് സ്‌കൂളിൽ ചെല്ലുമ്പോൾ ആ പയ്യൻ എന്നെ നോക്കി പരിഹസിച്ചു ചിരിക്കുമായിരുന്നു. അതുകണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്’, ഈ കഥ മണിയുടെ ആത്മകഥയിലും എഴുതിക്കണ്ടു,’ വിനയൻ പറയുന്നു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും

വിനയന്റെ സംവിധാനത്തിൽ കലാഭവൻ മണി, സായി കുമാർ, പ്രവീണ, കാവേരി, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999ൽ പുറത്തിറങ്ങിയ ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ഈ സിനിമയിലെ അഭിനയത്തിന് കലാഭവൻ മണിക്ക് 1999ലെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.

Content Highlight: Vinayan Talks About Kalabhavan Mani

We use cookies to give you the best possible experience. Learn more