| Saturday, 11th January 2025, 8:04 pm

കോമഡി വേഷങ്ങളില്‍ മാത്രം തളച്ചിടപ്പെട്ടതില്‍ ആ നടന് വിഷമമുണ്ടായിരുന്നു, അദ്ദേഹത്തിന് ആദ്യമായി സീരിയസ് റോള്‍ കൊടുത്തത് ഞാനാണ്: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ വ്യത്യസ്ത സിനിമകള്‍ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ആകാശഗംഗ, വെള്ളിനക്ഷത്രം, ഡ്രാക്കുള തുടങ്ങിയ ഹൊറര്‍ സിനിമകളെല്ലാം ഒരുക്കിയ അദ്ദേഹം അത്ഭുതദ്വീപ്, അതിശയന്‍ പോലുള്ള വേറിട്ട സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ മാള അരവിന്ദനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനയന്‍. കരിയറില്‍ കൂടുതലും കോമഡി വേഷങ്ങളാണ് അദ്ദേഹത്തിന് കിട്ടിയതെന്ന് വിനയന്‍ പറഞ്ഞു. എന്നാല്‍ മാള അരവിന്ദന് തന്റെ സിനിമകളിലാണ് സീരിയസ് വേഷങ്ങള്‍ കൊടുത്തതെന്നും അതിന്റെ സന്തോഷം എപ്പോഴും തന്നോട് അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

കോമഡി റോള്‍ ചെയ്താലും ശരീരം കൊണ്ട് മുഴുവന്‍ അഭിനയിക്കുന്ന നടനാണ് മാളയെന്നും മറ്റ് നടന്മാരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന കാര്യം അതാണെന്നും വിനയന്‍ പറഞ്ഞു. 2001ന് ശേഷം താന്‍ ചെയ്ത സിനിമകളിലെല്ലാം മാളക്ക് സീരിയസായിട്ടുള്ള വേഷങ്ങളാണ് കൊടുത്തിട്ടുള്ളതെന്നും വിനയന്‍ പറഞ്ഞു.

ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന സിനിമയില്‍ അന്ധനായിട്ടുള്ള തെരുവ് ഗായകന്റെ വേഷമായിരുന്നു മാളയ്‌ക്കെന്നും ആ വേഷം അദ്ദേഹം മികച്ചതാക്കിയിരുന്നെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമക്ക് ശേഷം തന്നെ ഫോണ്‍ വിളിച്ചാല്‍ നീലനിലാവാണ് എന്ന് പറഞ്ഞായിരുന്നു സംസാരം തുടങ്ങിയിരുന്നതെന്നും വിനയന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു വിനയന്‍.

‘മാളച്ചേട്ടനെപ്പറ്റി സംസാരിച്ചാല്‍ അദ്ദേഹം മികച്ചൊരു നടനാണെന്ന് നിസ്സംശയം പറയാം. പക്ഷേ, കരിയറില്‍ കൂടുതലും കോമഡി വേഷങ്ങളായിരുന്നു അദ്ദേഹത്തിന് കിട്ടിയിരുന്നത്. സീരിയസ് വേഷങ്ങള്‍ ചെയ്യാന്‍ ഒരുപാട് ഇഷ്ടമായിരുന്നു മാളച്ചേട്ടന്. എന്റെ സിനിമകളിലാണ് അദ്ദേഹത്തിന് കുറച്ച് സീരിയസായിട്ടുള്ള വേഷങ്ങള്‍ കിട്ടിയിരുന്നത്. ഞാന്‍ ശ്രദ്ധിച്ച വേറൊരു കാര്യം, കോമഡി റോളുകള്‍ ചെയ്യുമ്പോള്‍ അദ്ദേഹം ശരീരം കൊണ്ട് മുഴുവന്‍ അഭിനയിക്കുമായിരുന്നു.

മറ്റ് നടന്മാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തമാക്കി നിര്‍ത്തുന്ന കാര്യം അതാണ്. 2001ന് ശേഷം ഞാന്‍ ചെയ്ത സിനിമയിലെല്ലാം അദ്ദേഹത്തിന് നല്ല വേഷങ്ങള്‍ കൊടുക്കുമായിരുന്നു. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യനില്‍ മാളച്ചേട്ടന്‍ അന്ധനായിട്ടുള്ള തെരുവ് ഗായകന്റെ വേഷമായിരുന്നു ചെയ്തത്. ആ പടത്തിന് ശേഷം എന്നെ വിളിക്കുമ്പോഴെല്ലാം ‘വിനായാ, ഞാന്‍ നീലനിലാവാടാ’ എന്ന് പറഞ്ഞായിരുന്നു പരിചയപ്പെടുത്താറ്. അതെല്ലാം നല്ല ഓര്‍മകളാണ്,’ വിനയന്‍ പറയുന്നു.

Content Highlight: Vinayan shares the memories of Mala Aravindan

We use cookies to give you the best possible experience. Learn more