വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ആട് 3. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രകടനത്തോടെ മുന്നേറുകയാണ്.
റിലീസിന് പിന്നാലെ തന്നെ ചിത്രത്തിലെ ഓരോ ഡയലോഗും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിരിയുടെ മാലപ്പടക്കം തീർക്കുന്ന കോമഡി രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തിയേറ്ററുകളിൽ ഓരോ രംഗത്തിനും ലഭിക്കുന്ന കൈയടിയും ചിരിയും തന്നെ അതിന്റെ തെളിവാണ്.
ചിത്രത്തിലെ ഓരോ കഥാപാത്രവും തങ്ങളുടെ ഭാഗം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ‘ഡ്യൂഡ്’ എന്ന കഥാപാത്രം ഒരു പടി മുന്നിലാണ്. ഡയലോഗ് ഡെലിവറിയിലും എക്സ്പ്രഷനിലും വിസ്മയിപ്പിച്ച വിനായകൻ, ചിലപ്പോൾ താഴെ പോകാമായിരുന്ന സിനിമയെ പോലും ഉയർത്തിപ്പിടിച്ചെന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്.
ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ കേൾക്കുമ്പോൾ തന്നെ അവരുടെ രൂപം പ്രേക്ഷകരുടെ മനസിലേക്ക് വരുന്നതാണ് ഈ സിനിമയുടെ ശക്തി. ‘ഡ്യൂഡ്’ എന്ന് പറഞ്ഞാൽ ചുവന്ന കോട്ടിട്ട് എത്തുന്ന വിനായകനെയാണ് ആദ്യം ഓർമ വരിക. അതുപോലെ തന്നെ ‘അറക്കൽ അബു’ എന്ന് പറഞ്ഞാൽ സൈജു കുറുപ്പിന്റെ കഥാപാത്രവും പ്രേക്ഷക മനസിൽ തിളങ്ങും.
ഇപ്പോൾ മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. ‘ഡ്യൂഡ്’ ആയി ശ്രദ്ധ നേടിയ താരം, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘അറക്കൽ അബു’ എന്ന കഥാപാത്രമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. അത്രയും ഇഷ്ടമായതിനാൽ, ആ കഥാപാത്രം ചെയ്യാൻ സംവിധായകൻ മിഥുൻ മാനുവൽ തോമസിനോട് താൻ ചോദിച്ചിരുന്നുവെന്നും വിനായകൻ വെളിപ്പെടുത്തി.
‘സത്യം പറഞ്ഞാൽ ആട് ഫസ്റ്റ് വരുമ്പോൾ ഞാൻ മിഥുനിനോട് പറഞ്ഞത് അറക്കൽ അബുവിന്റെ റോൾ തരുമോ, അത് ചെയ്യാമെന്നായിരുന്നു. എനിക്കിഷ്ടപ്പെട്ടത് ആദ്യം അറക്കൽ അബുവിന്റെ കഥാപാത്രമാണ്. അപ്പോൾ മിഥുൻ പറഞ്ഞു, വേണ്ട ചേട്ടാ, ചേട്ടൻ ഡ്യൂഡ് ചെയ്താൽ മതി എന്ന്.
ആട് 3, Photo: YouTube/ Screengrab
ഞാൻ അവതരിപ്പിച്ച റോൾ അറക്കൽ അബുവായ സൈജു കുറുപ്പിനും, എന്റെ റോൾ അറക്കൽ അബുവായിട്ടും ചെയ്യാമെന്നായിരുന്നു ഞാൻ പറഞ്ഞത്. പക്ഷേ പെട്ടുപോയതാണ്, ഞാൻ ഡ്യൂഡ് ആയി പോയി. ഇപ്പോൾ എല്ലാവരും എന്നെ ഡ്യൂഡ് എന്നാണ് വിളിക്കുന്നത്. എല്ലായിടത്തും ഞാൻ ഡ്യൂഡ് ആയി മാറി,’ വിനായകൻ പറഞ്ഞു.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡ്യൂഡിന്റെ സ്ഥാനത്ത് ഇനി മറ്റാരെയും ചിന്തിക്കാൻ കഴിയില്ലെന്നും, വിനായകൻ തന്നെയാണ് ആ കഥാപാത്രത്തിന് ഏറ്റവും യോജിച്ചതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും സ്റ്റൈലും തന്നെയാണ് ഡ്യൂഡിനെ ഇത്രയും ശ്രദ്ധേയമാക്കിയതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, അറക്കൽ അബു എന്ന കഥാപാത്രം സൈജു കുറുപ്പ് ചെയ്തതുകൊണ്ടാണ് അതിന് പൂർണത ലഭിച്ചതെന്നും ചിലർ പറയുന്നു. സൈജു കുറുപ്പിന്റെ അവതരണശൈലി തന്നെയാണ് ആ കഥാപാത്രത്തെ വേറിട്ടതാക്കി മാറ്റിയതെന്നും ആരാധകർ പങ്കുവെക്കുന്നു.
Content Highlight: Vinayakan talk about the character Abu in the movie Aadu
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.