മുങ്ങിപ്പോവേണ്ട പടമായിരുന്നു, അപ്പൊ വന്താ തലൈവരേ അന്ത ആള്, ആടിനെ കൈപിടിച്ചുയര്‍ത്തി ഡ്യൂഡ് അഥവാ വി'നായകന്‍'
Malayalam Cinema
മുങ്ങിപ്പോവേണ്ട പടമായിരുന്നു, അപ്പൊ വന്താ തലൈവരേ അന്ത ആള്, ആടിനെ കൈപിടിച്ചുയര്‍ത്തി ഡ്യൂഡ് അഥവാ വി'നായകന്‍'
അമര്‍നാഥ് എം.
Thursday, 19th March 2026, 7:10 pm

ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാജി പാപ്പനും ഗ്യാങ്ങും വീണ്ടുമെത്തിയിരിക്കുകയാണ്. കമ്മട്ടവും നീലക്കൊടുവേലിയും മാറി ഇത്തവണ പുതിയൊരു ഐറ്റമാണ് പാപ്പനും ഡ്യൂഡും സേവ്യറുമെല്ലാം തേടിനടക്കുന്നത്. ആദ്യത്തെ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു ഴോണര്‍ സംവിധായകന്‍ പരീക്ഷിച്ചിരിക്കുകയാണ്.

രണ്ട് കാലഘട്ടത്തിലായാണ് ആട് 3യുടെ കഥ നടക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ സിനിമയില്‍ പകുതിയിലധികം സമയവും വേള്‍ഡ് ബില്‍ഡിങ്ങിനായാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ ഉപയോഗിച്ചത്. ആദ്യപകുതിയിലെ തമാശകളില്‍ ചിലത് വര്‍ക്കാവുകയും ചിലത് ചീറ്റുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ സ്‌ക്രീനില്‍ കരഘോഷങ്ങള്‍ ഉയര്‍ന്നു.

ഷാജി പാപ്പന് ശേഷം ഏറ്റവും ആരാധകരുള്ള ഡ്യൂഡ് രണ്ടാം പകുതിയിലാണ് പ്രത്യക്ഷപ്പെട്ടത്. രണ്ടാം ഭാഗത്തിലെ തുടക്കത്തില്‍ കാണിക്കുന്നതുപോലെ ദാരിദ്യത്തിലും കഷ്ടപ്പാടിലുമാണ് ഡ്യൂഡിനെ കാണിക്കുന്നത്. എന്നാല്‍ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ സ്‌ക്രീനിനെ തീ പിടിപ്പിക്കുന്ന തരത്തില്‍ ഐക്കോണിക് ഡ്യൂഡ് എന്‍ട്രിയുമായി വിനായകന്‍ കളം നിറഞ്ഞു.

ഡ്യൂഡിന്റെ ഐക്കോണിക് ബി.ജി.എം തിയേറ്ററുകളെ ഇളക്കിമറിച്ചു. പിന്നീടങ്ങോട്ട് ആടിന്റെ സ്ഥിരം കയോസും കഥാപാത്രങ്ങള്‍ തമ്മിലുള്ള കോണ്‍ഫ്‌ളിക്ടുമായി സിനിമ അടുത്ത ലെവലിലേക്ക് ഉയര്‍ന്നു. പാസ്റ്റ് പോര്‍ഷനില്‍ വിനായകന്റെ അസ്‌ലം ഖാന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിന്റെ പലിശയടക്കം ഡ്യൂഡായി വേഷമിട്ടപ്പോള്‍ വിനായകന്‍ തീര്‍ത്തിട്ടുണ്ട്.

ഐക്കോണിക് കോസ്റ്റ്യൂമും കൂടെയുള്ള മണ്ടന്മാരും ഇത്തവണയും ഡ്യൂഡിന് പണിവാങ്ങി കൊടുക്കുന്നുണ്ട്. ഷാജി പാപ്പന്‍, ഡ്യൂഡ് എന്നിവരുടെ ഫേസ് ഓഫ് സീനിലെല്ലാം നിറഞ്ഞ കയ്യടികളായിരുന്നു.

പഞ്ച് ഡയലോഗ് കൊണ്ടുള്ള ആറാട്ടായിരുന്നു അവസാനത്തോടടുക്കുമ്പോള്‍. ദാമോദരന്‍ ഉണ്ണി മകന്‍ ദില്‍മന്‍ ഇടക്കൊച്ചി ഇത്തവണയും കലക്കിയെന്ന് തന്നെ പറയാം. ടെയ്ല്‍ എന്‍ഡിലെ സീനുകളിലും വിനായകന്‍ ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. വരാനിരിക്കുന്ന വലിയ പൂരത്തിനുള്ള സാമ്പിള്‍ വെടിക്കെട്ടായി ആട് 3യെ കണക്കാക്കാം.

മൂന്ന് മാസം മുമ്പ് മമ്മൂട്ടി വില്ലനായി വേഷമിട്ട കളങ്കാവലില്‍ നായകനായെത്തിയത് വിനായകനായിരുന്നു. കളങ്കാവലിലെ നത്തില്‍ നിന്ന് ആടിലെ അസ്‌ലം ഖാന്‍/ ഡ്യൂഡിലേക്ക് എത്തിയപ്പോള്‍ തന്നിലെ നടനെ കൂടുതല്‍ ഗംഭീരമാക്കിയിട്ടുണ്ട്. ആവറേജിന് താഴെ പോകേണ്ട സിനിമയെ ഏതാണ്ട് ഒറ്റക്കാണ് വിനായകന്‍ കൈപിടിച്ചുയര്‍ത്തിയത്.

Content Highlight: Vinayakan’s performance saved second half of Aadu 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം