ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ കളങ്കാവലിനെ സോണി ലിവാണ് പ്രേക്ഷകരിലേക്കെത്തിച്ചത്. തിയേറ്ററില്‍ വന്‍ ഹിറ്റായ ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടി വില്ലനായി വേഷമിട്ട ചിത്രത്തില്‍ നായകനായെത്തിയത് വിനായകനാണ്. മമ്മൂട്ടിക്കൊപ്പം കട്ടക്ക് നില്‍ക്കുന്ന പ്രകടനമായിരുന്നു വിനായകന്റേതും. നത്ത് എന്ന് വിളിപ്പേരുള്ള ജയകൃഷ്ണന്‍ എന്ന പൊലീസ് ഓഫീസറായാണ് വിനായകന്‍ കളങ്കാവലില്‍ പ്രത്യക്ഷപ്പെട്ടത്. അതുവരെ സൈലന്റായി നിന്ന് ക്ലൈമാക്‌സില്‍ വിനായകന്‍ കത്തിക്കയറുകയായിരുന്നു.
എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം വിനായകന്റേത് മിസ്‌കാസ്റ്റാണെന്ന് ചില ‘ഒ.ടി.ടി വിദഗ്ധര്‍’ അഭിപ്രായപ്പെടുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായി വിനായകന്റെ പ്രകടനം ഒട്ടും കണ്‍വിന്‍സ്ഡായില്ലെന്നാണ് പ്രധാന പരാതി. എല്ലാ സീനിലും എയര്‍ പിടിച്ചുള്ള അഭിനയം സിനിമയുമായി ഒട്ടും ചേര്‍ന്നു പോകുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
വിനായകന്‍ Photo: Movie Street/ Facebook
സിനിമയുടെ കഥ കൃത്യമായി മനസിലാക്കിയാല്‍ ഈ വിമര്‍ശനം അര്‍ത്ഥരഹിതമാണെന്ന് മനസിലാകും. വിനായകനെ ആദ്യമായി കാണിക്കുന്ന സീനില്‍ തന്നെ ആ കഥാപാത്രത്തെക്കുറിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. കഥ മുന്നോട്ടുപോകുന്നതിനനുസരിച്ച് വിവിധ സീനുകളിലായി നത്ത് ആരാണെന്നും എങ്ങനെയുള്ള ആളാണെന്നും പറയുന്ന രംഗങ്ങളുണ്ട്.
കളങ്കാവല്‍ Photo: Movie Junction/ Facebook
ആദ്യം മുതല്‍ കുറച്ച് ഉള്‍വലിഞ്ഞ്, ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു കഥാപാത്രമാണ് നത്ത്. സ്റ്റാന്‍ലിയുമായി ജീപ്പില്‍ പോകുന്ന രംഗത്തില്‍ എന്തുകൊണ്ടാണ് നത്ത് എന്ന് വിളിക്കുന്നതെന്ന ചോദ്യത്തിന് കൂടെയുള്ള കീഴുദ്യോഗസ്ഥനാണ് മറുപടി പറയുന്നത്. ഏറ്റെടുക്കുന്ന കേസിലെ പ്രതികളെ പിടിക്കാന്‍ എത്രവേണമെങ്കിലും കാത്തിരിക്കുന്ന സ്വഭാവം കണ്ടാണ് നത്ത് എന്ന പേര് ജയകൃഷ്ണന് ലഭിക്കുന്നത്. എന്നിട്ടും മൂന്ന് പ്രതികള്‍ തന്റെ കൈയില്‍ നിന്ന് വഴുതിപ്പോയിട്ടുണ്ടെന്ന് ജയകൃഷ്ണന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
രണ്ടാം പകുതിയില്‍ സ്റ്റാന്‍ലി കൊലപാതകം നിര്‍ത്തിയെന്ന് ഡിപ്പാര്‍ട്‌മെന്റ് വിശ്വസിക്കുമ്പോള്‍ ജയകൃഷ്ണന്‍ അതിന് ഒരുക്കമാകുന്നില്ല. കൊലപാതകത്തില്‍ ലഹരി ലഭിച്ച ഒരാള്‍ക്ക് അത് പെട്ടെന്ന് നിര്‍ത്താനാകില്ലെന്ന് തന്റെ കാര്യം ഉദാഹരണമാക്കിയാണ് ജയകൃഷ്ണന്‍ സംസാരിക്കുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ ശല്യമായ എലികളെ ഓരോന്നായി കൊന്നൊടുക്കിയ കഥയാണ് നത്ത് ഉദാഹരണമാക്കുന്നത്. കൊല്ലുന്നത് തനിക്ക് ഒരു ഹരമായി മാറിയെന്നും പിന്നീട് എലികളില്ലാത്ത അവസ്ഥ ഭീകരമായിരുന്നെന്നുമാണ് അയാള്‍ പറയുന്നത്.
വിനായകന്‍ Photo: Screen grab/ Mammootty Kampany
സ്റ്റാന്‍ലിയെപ്പോലെ കില്ലിങ് ഇന്‍സ്റ്റിങ്റ്റ് ഉണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ സാധാരണയായി പെരുമാറുകയാണ് അയാള്‍. തോല്‍വി അംഗീകരിക്കാനും അയാള്‍ തയ്യാറല്ല. മകളുമായി പഞ്ചഗുസ്തിയില്‍ ജയിച്ചതിന് ശേഷം മകള്‍ പറയുന്ന ഡയലോഗ് അയാളില്‍ ഇംപാക്ടുണ്ടാക്കുന്നുണ്ട്. ‘വളര്‍ന്ന് വലുതായ ശേഷം അച്ഛനെ ഞാന്‍ തോല്പിക്കും’ എന്ന ഡയലോഗിന് ശേഷം നത്ത് എന്തോ ആലോചിക്കുന്നുണ്ട്.
വീണ്ടും സ്റ്റാന്‍ലിയെ പിടിക്കാന്‍ ഇറങ്ങണമെന്ന് നത്തിന് തോന്നുന്നത് ഈ പോയിന്റിലാണ്. തന്നെ ഒരാള്‍ തോല്പിക്കുന്നത് അയാള്‍ക്ക് അംഗീകരിക്കാനാകുന്നില്ല. ക്ലൈമാക്‌സ് ഫൈറ്റിനിടയില്‍ മുമ്പ് രക്ഷപ്പെട്ട മൂന്ന് പ്രതികളെയും കൊന്നത് താനാണെന്ന് ജയകൃഷ്ണന്‍ വെളിപ്പെടുത്തുന്നുണ്ട്. താന്‍ അന്വേഷിച്ച കേസുകളിലെ പ്രതികളെയെല്ലാം പിടിച്ച പൊലീസ് ഓഫീസറായി തന്നെയാണ് അയാള്‍ പിന്നീടും ജീവിക്കുന്നത്.
വിനായകന്‍ Photo: Mammootty Kampany/ Facebook
ഈ കാര്യങ്ങളെല്ലാം സ്പൂണ്‍ഫീഡ് ചെയ്യാതെ എഴുത്തിലും പ്രകടനത്തിലും ഒളിപ്പിച്ചുവെച്ചത് സംവിധായകന്റെ കഴിവ് തന്നെയാണ്. സ്റ്റാന്‍ലി ദാസ് വില്ലനാകുമ്പോള്‍ അയാളെപ്പോലെ സൈക്കോ സ്വഭാവമുള്ള നായകന്‍ തന്നെ വേണമെന്ന സംവിധായകന്റെ ചിന്തയാണ് ഈ ബ്രില്യന്റായ കഥാപാത്രസൃഷ്ടിക്ക് പിന്നില്‍.
Content Highlight: Vinayakan’s Character Arc in Kalamkaval movie