മീടൂ എന്താണെന്ന് അറിയില്ലെങ്കില്‍ പഠിക്കണം വിനായകാ, കണ്‍സെന്റും | Vinayakan | MeToo | WomanXplaining
അനുപമ മോഹന്‍

 

‘ഇത് നിങ്ങള്‍ പറയുന്ന മീ ടൂ ആണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കുമെന്ന്’ ഒരുത്തീയുടെ പ്രസ്സ്മീറ്റില്‍ വെച്ച് ആക്രോശിക്കുന്ന വിനായകനാണ് ഇപ്പോഴത്തെ ചര്‍ച്ച. ഈ പ്രസ്സ്മീറ്റില്‍ മീ ടൂ വിനെ കുറിച്ച് ചോദ്യം ചോദിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്റെ സെക്‌സ് ലൈഫിനെ കുറിച്ചും അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ ജേര്‍ണലിസ്റ്റിനെ ചൂണ്ടിക്കാണിച്ച്’എനിക്ക് ഈ പെണ്ണുമായി സെക്‌സ് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ ഞാന്‍ ചോദിക്കുമെന്നും അതാണ് കണ്‍സെന്റ് എന്നും വിനായകന്‍ പറയുന്നുണ്ട്. മീ ടൂ വിനെ കുറിച്ചും, വിനായകന്‍ കണ്‍സെന്റെന്ന് പറഞ്ഞു നടത്തിയ വ്യാഖ്യാനത്തിലും സ്ത്രീവിരുദ്ധത പറയുന്ന ഒരു പുരുഷനയെ കാണാന്‍ സാധിക്കൂ.

ഒരു സ്ത്രീ തനിക്ക് നേരെ നടന്ന സെക്ഷ്വല്‍ അബ്യുസിനെ കുറിച്ച് തുറന്ന് പറയുന്നതിനെയാണ് മീ ടൂ എന്ന് പറയുന്നത്. അത് ചിലപ്പോള്‍ അബ്യൂസ് നടന്ന ഉടനെയോ അല്ലെങ്കില്‍ കുറെ കാലങ്ങള്‍ക്ക് ശേഷമോ ആയിരിക്കും. തനിക്കു നേരിട്ട അബ്യൂസിനെ കുറിച്ചു സൊസൈറ്റിയോട് തുറന്നു പറയാന്‍ മാനസികമായും ശാരീരികമായും തയ്യാറാകുന്ന സമയത്തായിരിക്കും ഈ തുറന്നു പറച്ചില്‍ നടത്തുക.’ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല,ആ പുരുഷനോടുള്ള ദേഷ്യം തീര്‍ക്കാനുള്ള നാടകമാണിതെന്ന’ ചിലരുടെ സംസാരങ്ങള്‍കൊണ്ട് റദ്ദായി പോകുന്ന കാര്യമല്ല ഒരു സ്ത്രീ പറഞ്ഞ മീ ടൂ.

2017 ഒക്ടോബറില്‍ അമേരിക്കന്‍ സിനിമാ നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ സ്ത്രീകള്‍ ലൈംഗിക പീഡന പരാതിയുമായി രംഗത്തുവന്നു. പിന്നീട് സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ഇയാളില്‍ നിന്നും ലൈംഗിക ഉപദ്രവം നേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി. ഈ സംഭവങ്ങളെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ഹാഷ്ടാഗോടുകൂടി മീ ടൂ മൂവ്‌മെന്റിന് തുടക്കമാവുകയായിരുന്നു.

വൈകാതെ ലോകമെമ്പാടും ഈ മൂവ്‌മെന്റ് ശക്തിയാര്‍ജിച്ചു. സിനിമാ മേഖലയിലുള്ളവരും അതിനു പുറത്തുള്ളവരുമെല്ലാം ധൈര്യസമേതം മീ ടൂ എന്ന ഹാഷ്ടാഗില്‍ തങ്ങള്‍ക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയാനും സംസാരിക്കാനും തുടങ്ങി. ലൈംഗികമായ ഉപദ്രവങ്ങളെ കുറിച്ച് മിണ്ടാതിരിക്കണം എന്ന കാഴ്ചപ്പാടില്‍ നിന്നും സമ്മര്‍ദങ്ങളില്‍ നിന്നും പുറത്തുവന്നുകൊണ്ട്, തുറന്നുപറച്ചില്‍ തന്നെ സെക്ഷ്വല്‍ അബ്യൂസിനെതിരെയുള്ള പ്രതിരോധമാക്കി മാറ്റുന്ന സ്ത്രീകളെയാണ് മീ ടു മൂവ്‌മെന്റിലൂടെ ലോകം കണ്ടത്.

മീ ടു വിനെ കുറിച്ച് ചോദിച്ച ആ മാധ്യമ പ്രവര്‍ത്തകനോട് വിനായകന്‍ എന്താണ് മീ ടൂ, പെണ്ണിനെ കേറി പിടിച്ചോ എന്നൊക്കെ പൊട്ടിത്തെറിക്കുന്നു. മീ ടൂ വിന്റെ രാഷ്ട്രീയം സംസാരിച്ച ആ മാധ്യമപ്രവര്‍ത്തകനോട്, തികച്ചും പേഴ്സണലായ അയാളുടെ സെക്‌സ് ലൈഫിനെ കുറിച്ച് വിനായകന്‍ തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നു.

നിങ്ങള്‍ ഭാര്യയുമായാണോ ആദ്യം സെക്‌സ് ചെയ്തത്, നിങ്ങള്‍ക്ക് ഒരു സ്ത്രീയുമായി സെക്‌സ് ചെയ്യാന്‍ തോന്നുമ്പോള്‍ നിങ്ങള്‍ എങ്ങനെ അറിയിക്കും എന്നൊക്കെയായിരുന്നു ആ വൃത്തികെട്ട ചോദ്യങ്ങള്‍. മറ്റൊരാളുടെ സെക്‌സ് ലൈഫിനെ ഇത്തരത്തില്‍ പരസ്യമായി ചോദ്യം ചെയ്യാനുള്ള ഒരു അവകാശവും ആര്‍ക്കുമില്ല. വിനായകന്‍ ആ മാധ്യമ പ്രവര്‍ത്തകനോട് ചെയ്തത് തെറ്റായ കാര്യമാണ്.

ഒരു വ്യക്തിക്ക് മറ്റൊരാളുമായി സെക്‌സ് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ ചോദിക്കുക തന്നെയാണ് വേണ്ടത്. എന്നാല്‍ അത് വിനായകന്‍ പറയുന്ന പോലെ ‘ചോദിച്ചാലല്ലേ കിട്ടൂ’ എന്ന വൃത്തികേട് ആഘോഷിച്ചുകൊണ്ടല്ല. രണ്ട് പേര് പരസ്പര സമ്മതത്തോടെയും സമാധാനത്തോടെയും സെക്‌സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നതാണ് കണ്‍സെന്റ്. അത് ഓപ്പോസിറ്റ് നില്‍ക്കുന്ന സ്ത്രീയുടെ മാനസികാവസ്ഥയെയും അവര്‍ നില്‍ക്കുന്ന ഇടങ്ങളെയുമെല്ലാം ബഹുമാനിച്ചു കൊണ്ടുമായിരിക്കണം. അല്ലാതെ പുരുഷന്‍മാര്‍ക്ക് തോന്നുന്ന സമയം തോന്നുന്ന തരത്തില്‍ ചോദിക്കാനുള്ളതല്ല കണ്‍സെന്റ്.

വിനായകന്‍ അവിടെ ഇരുന്ന ഒരു ജേര്‍ണലിസ്റ്റിനെ ചൂണ്ടിക്കാട്ടി ഈ പെണ്ണിനോട് എനിക്ക് സെക്‌സ് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ ഞാന്‍ ചോദിക്കും. അപ്പോള്‍ അവള്‍ മാന്യമായിട്ട് നോ പറയും എന്ന് പറയുന്നു. ഇത് കേട്ടതും അവിടെ കൂടിയവരൊക്കെ ചിരിക്കുകയും വളരെ സാധാരണമാന്നെ തരത്തില്‍ അതിനെ വകവെച്ചു കൊടുക്കുകയും ചെയ്യുന്നു.

ജോലി ചെയ്യാന്‍ വന്ന ഒരു സ്ത്രീയോട് പരസ്യമായി സെക്‌സ് ചെയ്യാനുള്ള താല്പര്യം ചോദിക്കുന്നതിലൂടെ ആ സ്ത്രീയെ അപമാനിക്കുകയും സെക്ഷ്വല്‍ ഹരാസ്സ്‌മെന്റ് നടത്തുകയുമാണ് വിനായകന്‍ ചെയ്യുന്നത്. ഇതല്ല കണ്‍സെന്റ് ചോദിക്കാനുള്ള ശരിയായ മാതൃക. അങ്ങനെ എപ്പോള്‍ വേണമെങ്കിലും സ്ത്രീകളോട് കണ്‍സെന്റ് ചോദിക്കാനുള്ള ഒരു അവകാശവും പുരുഷന്‍മാര്‍ക്കില്ല.യാതൊരു പരിചയവുമില്ലാത്ത ഒരു സ്ത്രീയുടെ ഇന്‍ബോക്‌സില്‍ പോയി സെക്‌സ് ചെയ്യാമോയെന്നു ചോദിക്കുന്നതും വഴിയിലൂടെ നടന്നു പോകുമ്പോള്‍ പോരാമോ എത്ര കാശ് വേണമെങ്കിലും തരാമെന്ന് പറയുന്നതൊന്നും കണ്‍സന്റല്ല.

ഈ പ്രസ് മീറ്റിനിടക്ക് വിനായകന്‍ പറയുന്നുണ്ട് ഞാന്‍ പത്ത് സ്ത്രീകളുമായി സെക്‌സ് ചെയ്തിട്ടുണ്ട്. അതൊക്കെ അവരുടെ സമ്മത പ്രകാരവുമാണ് എന്ന്. കുറെ സ്ത്രീകളുമായി സെക്‌സ് ചെയ്‌തെന്നു പറഞ്ഞാല്‍, നിങ്ങള്‍ കൊട്ടിഘോഷിക്കുന്ന സ്ത്രീ വിരുദ്ധതയും നിങ്ങള്‍ക്കെതിരെയുള്ള മീ ടൂ വും റദ്ദായി പോകില്ല.

ഒരു സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമയുടെ പ്രൊമോഷനില്‍ വെച്ചാണ് സ്ത്രീകള്‍ നേരിടുന്ന സെക്ഷ്വല്‍ അബ്യൂസിനെയും കണ്‍സെന്റിനെയും കുറിച്ച് കളിയാക്കി ചിരിക്കുന്നതെന്നതാണ് ഇതിലെ വിരോധാഭാസം. ആ സിനിമയിലെ നായികയായ നവ്യ നായരും, ഡറക്ടറായ വി കെ പ്രകാശും വിനായകന്റെ ഈ സ്ത്രീ വിരുദ്ധ സംസാരങ്ങള്‍ കേട്ട് ചിരിക്കുന്നത് അതിലും നിരാശാജനകവും.

സെക്‌സില്‍ ആണുങ്ങള്‍ക്കുണ്ടായിരുന്ന അധികാര ബോധത്തെ സ്ത്രീകള്‍ പ്രതിരോധിക്കാന്‍ തുടങ്ങിയതുമുതല്‍ നടക്കുന്ന ആണുങ്ങളുടെ ഇത്തരം പൊട്ടിത്തെറികളുടെ ഏറ്റവും പുതിയ കാഴ്ച മാത്രമാണ് വിനായകന്റെ ഈ പ്രകടനവും.

Content Highlight: Actor Vinayakan’s controversial statement about MeToo and Consent in Sex – explained