ജിതിന്‍ കെ.ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തി ബോക്‌സ് ഓഫീസില്‍ വിജയമായി തീര്‍ന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി നെഗറ്റീവ് റോളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ അടുത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാന്‍ലി ദാസ് സ്ത്രീകളെ വശീകരിച്ച് പ്രണയത്തിലാഴ്ത്തുകയും, ലൈംഗികബന്ധത്തിന് ശേഷം അവരെ കൊലപ്പെടുത്തുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന സൈക്കോ കഥാപാത്രമായാണ് എത്തിയത്.

Photo: വിനായകന്‍, കളങ്കാവല്‍ സിനിമയിലെ രംഗത്തില്‍ നിന്ന്/ Youtube.com

വിനായകന്‍ നായകനായെത്തിയ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ ചിത്രീകരണത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനായകന്‍. ജിബിനാണ് സിനിമയില്‍ മുഴുവനും വണ്ടിയോടിക്കുന്ന കഥാപാത്രമെന്ന് അദ്ദേഹം പറയുന്നു.

‘എനിക്ക് വണ്ടി പേടിയാണ്. ഭൂരിഭാഗം രംഗങ്ങളിലും ഞങ്ങള്‍ ഒരുമിച്ചാണല്ലോ, എന്റെ കഥാപാത്രം എത്രയുണ്ടോ അത്രയും തന്നെ ജിബിനുമുണ്ട്. കഴിഞ്ഞ ചിത്രമായ ‘ഒരുത്തീ’യില്‍ കാക്കിയിട്ട പൊലീസായിരുന്നു. അത് പൊലീസാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, കളങ്കാവലില്‍ അങ്ങനെയല്ല.

യൂണിഫോമില്ല, പക്ഷേ, പൊലീസാണെന്ന് കാണിക്കുകയും വേണം. അതൊരു വെല്ലുവിളിയായിരുന്നു. അതാണെനിക്ക് ഏറെ ഇഷ്ടമായതും. ജിബിന്‍ യഥാര്‍ഥ ജീവിതത്തില്‍ പോലീസാണ്. അങ്ങനെ നോക്കുക യാണെങ്കില്‍ അദ്ദേഹം പോലീസും, ഞാന്‍ കള്ളനുമാണ്,’ വിനായകന്‍ പറയുന്നു.

ജിതിന്‍ കെ. ജോസ് സംഗീതത്തില്‍ നല്ല പ്രാവീണ്യമുള്ളയാളാണെന്നും പക്ഷേ, അദ്ദേഹം അത് സമ്മതിച്ചുതരില്ലെന്നും വിനായകന്‍ പറയുന്നു. അദ്ദേഹം കളങ്കാവലിന് വേണ്ടി ചെയ്ത റെഡ് ബാക് എന്ന പാട്ട് അന്താരാഷ്ട്ര നിലവാരമുള്ള പാട്ടാണെന്നും അത്ര ഗംഭീരമാണ് ആ ഗാനമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി കമ്പനിയുടെ ഏഴാം ചിത്രമായൊരുങ്ങിയ കളങ്കാവല്‍ ഒ.ടി.ടി റിലീസിന് ശേഷവും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും മറ്റും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളും പോസ്റ്റുകളുമുണ്ടായിരുന്നു. മുജീബ് മജീദിന്റെ സംഗീതത്തിനും പ്രേക്ഷകരുടെയിടയില്‍ നിന്ന് മികച്ച പ്രതികരണമുണ്ടായിരുന്നു.

Content Highlight: Vinayakan about Gibin gopinath and kalmkaval movie