'മരണം വരെ നീ എന്റെ കൂടെ നില്‍ക്കുമോ' എന്ന ചോദ്യം നിഷ്‌കളങ്കമല്ല; വരികള്‍ എഴുതാന്‍ എളുപ്പം തമിഴില്‍: വിനായക് ശശികുമാര്‍
Malayalam Cinema
'മരണം വരെ നീ എന്റെ കൂടെ നില്‍ക്കുമോ' എന്ന ചോദ്യം നിഷ്‌കളങ്കമല്ല; വരികള്‍ എഴുതാന്‍ എളുപ്പം തമിഴില്‍: വിനായക് ശശികുമാര്‍
ഐറിന്‍ മരിയ ആന്റണി
Wednesday, 21st January 2026, 3:18 pm

കഴിഞ്ഞ വര്‍ഷം ഇറങ്ങി ഹിറ്റായ ചിത്രങ്ങളിലൊന്നായിരുന്നു കളങ്കാവല്‍. ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയായിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാന്‍ലി ദാസ് സ്ത്രീകളെ വശീകരിച്ച് പ്രണയത്തിലാഴ്ത്തുകയും, ലൈംഗികബന്ധത്തിന് ശേഷം അവരെ കൊലപ്പെടുത്തുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന സൈക്കാ കഥാപാത്രമായാണ് എത്തിയത്. തമിഴ് ഗാനങ്ങള്‍ കേള്‍ക്കുന്ന കഥാപാത്രം കൂടിയായിരുന്നു സ്റ്റാന്‍ലി ദാസ്.

ഇപ്പോള്‍ ഇന്‍ഡിവുഡുമായുള്ള അഭിമുഖത്തില്‍ സിനിമയില്‍ താന്‍ എഴുതിയ തമിഴ് ഗാനങ്ങളെ കുറിച്ചും തമിഴ് ഭാഷയെ കുറിച്ചും സംസാരിക്കുകയാണ് ഗാനരചയിതാവ് വിനായക് ശശികുമാര്‍.

‘കളങ്കാവലില്‍ നാലഞ്ച് തമിഴ് പാട്ടുകളാണ് ഞാന്‍ എഴുതിയിരിക്കുന്നത്. ‘വൈഗേ നദി’ എന്നൊരു ഗാനം അതിലുണ്ട്. അത് പ്രണയഗാനമാണ്. ‘ എന്‍ ജാമക്കിളിയേ, എന്തനരുകെ സാകും വരെ നില്‍വായ’ എന്നൊരു വരി ആ പാട്ടിലുണ്ട്. മരണം വരെ നീ എന്റെ കൂടെ നില്‍ക്കുമോ എന്ന് ചോദിക്കുന്നത് ഒട്ടും നിഷ്‌കളങ്കമായിട്ടല്ല. അതാണ് കാര്യം.

സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രത്തിന്റെ പ്രണയഗാനമായത് കൊണ്ടാണ് മരിക്കും വരെ നീ എന്റെ കൂടെ നില്‍ക്കുമോ എന്ന് ഞാന്‍ ആ പാട്ടില്‍ എഴുതിയത്. എന്നാല്‍ മരണപ്പെടുന്നത് ആ കഥാപാത്രം കാരണം തന്നെയാണെന്നുള്ളത് സിനിമ കാണുമ്പോള്‍ മനസിലാകും,’ വിനായക് ശശികുമാര്‍ പറയുന്നു.

തന്നെ എപ്പോഴും ഇന്‍സ്പയര്‍ ചെയ്തിട്ടുള്ള ഭാഷ തമിഴാണെന്നും തമിഴിലെ ഒരോ പാട്ടും കേള്‍ക്കുമ്പോള്‍ മലയാളത്തില്‍ ഈ ആശയം എഴുതി പ്രതിഫലിപ്പിക്കാന്‍ അത്ര എളുപ്പമല്ലോല്ലോ എന്ന് താന്‍ വിചാരിക്കാറുണ്ടെന്നും വിനായക് ശശികുമാര്‍ പറയുന്നു.

അത്തരത്തിലൊരു അസൂയ തനിക്ക് തമിഴ് പാട്ടുകളോട് ഉണ്ടെന്നും നിത്യ ജീവിതത്തില്‍ നമ്മള്‍ പറയുന്ന പല കാര്യങ്ങളും തമിഴില്‍ പച്ചയായി എഴുതാന്‍ കഴിയുമെന്നും എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ പറയുന്ന പല കാര്യങ്ങളും മലയാളത്തില്‍ ഭംഗിയായി എഴുതാന്‍ കഴിയില്ലെന്നും നമ്മള്‍ അതിനെ മറ്റൊരു രീതിയില്‍ ഉപമിച്ച് ആ രീതിയില്‍ ഗാനമെഴുതണമെന്നും അദ്ദേഹം പറഞ്ഞു. തമിഴിലാണെങ്കില്‍ കുറച്ച് കൂടി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് താന്‍  വിചാരിക്കാറുണ്ടെന്നും വിനായക് ശശികുമാര്‍ പറഞ്ഞു.

സമീപകാലത്ത് മലയാളത്തില്‍ വന്ന ഹിറ്റ് ഗാനങ്ങളുടെ പുറകില്‍ വിനായക് ശശികുമാര്‍ എന്ന ഗാനരചയിതാവിന്റെ പേരുണ്ടായിരുന്നു. ഗപ്പി, അമ്പിളി, ഭീക്ഷ്പര്‍വ്വം, രോമാഞ്ചം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് വരിയെഴുതിയ അദ്ദേഹത്തിന്റെ കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.

Content Highlight: Vinayak Sasikumar talks about the Tamil songs written for the movie Kalmkaval

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.