മെലഡി എഴുതാന്‍ അറിയുന്ന ഗാനരചയിതാവായി അംഗീകരിക്കപ്പെട്ടത്, ആ പാട്ടിന് ശേഷം: വിനായക് ശശികുമാര്‍
Malayalam Cinema
മെലഡി എഴുതാന്‍ അറിയുന്ന ഗാനരചയിതാവായി അംഗീകരിക്കപ്പെട്ടത്, ആ പാട്ടിന് ശേഷം: വിനായക് ശശികുമാര്‍
ഐറിന്‍ മരിയ ആന്റണി
Monday, 30th March 2026, 7:25 am

മലയാള സിനിമയില്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗാനരചയിതാക്കളില്‍ ഒരാളാണ് വിനായക് ശശികുമാര്‍. 2013ല്‍ പുറത്തിറങ്ങിയ കുട്ടിയും കോലും എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ കഴിഞ്ഞിരുന്നു.


ആവേശം, തുടരും, രോമാഞ്ചം, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങി സമീപകാലത്തിറങ്ങിയ മിക്ക സിനിമകളിലെയും ഗാനങ്ങള്‍ക്ക് പുറകില്‍  എന്ന വിനായക് ശശികുമാര്‍ ഗാനരചയിതാവിന്റെ പേരുണ്ടായിരുന്നു. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പി, അമ്പിളി എന്നീ സിനിമകളില്‍ വിനായക് എഴുതി ഗാനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ ന്യൂജെന്‍ പാട്ടെഴുത്തുകാരന്‍, എന്ന ലേബലില്‍ മാറ്റംവരുന്നത് ‘ഗപ്പി’യിലെ ഗാനങ്ങള്‍ പുറത്തുവന്നതോടെയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് വിനായക് ശശികുമാര്‍.’ഗപ്പി’ തന്റെ പന്ത്രണ്ടാമത്തെ സിനിമയാണെന്നും അതിലും താനെഴുതാന്‍ കൊതിച്ച പാട്ട് തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

‘പ്രദര്‍ശനത്തിനെത്തിയ സമയത്ത് വലിയതോതില്‍ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ് ഗപ്പി. അതുകൊണ്ടുതന്നെ അതിലെ പാട്ടുകള്‍ക്കും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. പിന്നീട്, സിനിമയിലെ ‘ഗബ്രിയേലിന്റെ ദര്‍ശനസാഫല്യ മായ്…’ എന്ന പാട്ടാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ‘തനിയെ മിഴികള്‍’ ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല.

സിനിമയില്‍ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി അവതരിപ്പിക്കാനായി എഴുതിയ ഗാനമായിരുന്നു അത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ പാട്ട് ആസ്വാദക ഹൃദയം കീഴടക്കി. മെലഡിയെഴുതാനറിയാവുന്ന ഗാനരചയിതാവാണെന്ന് അംഗീകരിക്കപ്പെട്ടു. ‘അമ്പിളി’ സിനിമയിലെ ‘ആരാധികേ…’ എന്ന ഗാനം ആ ലേബല്‍ ഉറപ്പിച്ചു തന്നു. ‘മായാനദി’ എന്റെ ഇരുപതാമത്തെ സിനിമയാണ്,’ വിനായക് ശശികുമാര്‍ പറയുന്നു.

സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഗാനരചയിതാക്കളുടെ പേരുകള്‍ എഴുതിക്കാണിക്കുമ്പോള്‍ തന്റെ പേര് അവസാനവരിയില്‍ കാണുന്നതായിരുന്നു പതിവെന്നും കാരണം, സിനിമയില്‍ തനിക്കുപുറമേ പാട്ടെഴുതിയവരെല്ലാം തന്നെക്കാള്‍ സീനിയേഴ്സായിരിക്കുമെന്നും വിനായക് പറയുന്നു. ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും തനിക്ക് കിട്ടുന്നത് കരിങ്കുന്നും സിക്‌സസ് മുതല്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാനരചയിതാവ് എന്ന നിലയില്‍ നിന്ന് തിരക്കഥാകൃത്ത് എന്ന മേഖലയിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് വിനായക് ശശികുമാര്‍. അടുത്തിടെ ജിയോ ഹോട്ട് സ്റ്റാറിലൂടെ പുറത്തിറങ്ങിയ റോസ്ലിന്‍ എന്ന വെബ് സീരീസിന് തിരക്കഥ എഴുതിയത് വിനായക് ശശികുമാറാണ്.

Content Highlight: Vinayak Sasikumar talks about his film career and the changes after the film Guppy

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.