| Tuesday, 10th December 2024, 5:45 pm

ആ ഹിറ്റ് പാട്ട് സിനിമയില്‍ മുഴുവനായും ഉപയോഗിച്ചില്ല; അത് ഇന്നും എനിക്കൊരു വേദനയാണ്: വിനായക് ശശികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ മലയാളത്തില്‍ ഏറെ തിരക്കുള്ള ഗാനരചയിതാവാണ് വിനായക് ശശികുമാര്‍. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഭീഷ്മ പര്‍വ്വത്തിലെ ‘രതിപുഷ്പം’ രോമാഞ്ചത്തിലെ ‘ആദരാഞ്ജലി നേരട്ടെ’ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ ബോഗയ്ന്‍വില്ലയിലെ ‘സ്തുതി’ വാഴയിലെ ‘ഏയ് ബനാനെ’ തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് വിനായക് ആണ്.

2019ല്‍ പുറത്തിറങ്ങിയ സായ് പല്ലവി – ഫഹദ് ഫാസില്‍ ചിത്രമായ അതിരനിലും വരികള്‍ എഴുതിയത് അദ്ദേഹം തന്നെയായിരുന്നു. പി.എസ്. ജയ്ഹരി ഈണം പകര്‍ന്ന ‘ആട്ടുതൊട്ടില്‍’, പവിഴ മഴ’ എന്നീ പാട്ടുകള്‍ക്കായിരുന്നു വിനായക് വരികള്‍ ഒരുക്കിയത്.

ഇതുവരെ ചെയ്തിട്ടുള്ള പാട്ടുകളില്‍ താനും ജയ്ഹരിയും ഏറ്റവും ആസ്വദിച്ച് ചെയ്ത പാട്ടാണ് ‘ആട്ടുതൊട്ടില്‍’ എന്ന് പറയുകയാണ് വിനായക് ശശികുമാര്‍. അതുപോലെ കണക്ടഡായ ഒരു പാട്ട് വേറെയില്ലെന്നും തനിക്കത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ കണ്ണീരും ചിലപ്പോള്‍ പുഞ്ചിരിയും വരുമെന്നും അദ്ദേഹം പറയുന്നു.

ആ പാട്ട് സിനിമയില്‍ മുഴുവനായി ഇട്ടില്ലല്ലോ എന്ന സങ്കടം തനിക്കുണ്ടെന്നും സംവിധായകന്‍ വിവേകിനെ കാണുമ്പോള്‍ താന്‍ ആ കാര്യം പറയാറുണ്ടെന്നും വിനായക് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ പാട്ട് ശരിക്കും ഞാനും ജയ്ഹരിയും ഏറ്റവും ആസ്വദിച്ച് ചെയ്ത പാട്ടാണ്. ഇതുവരെ ചെയ്തിട്ടുള്ള എല്ലാപാട്ടുകള്‍ നോക്കിയാലും, ‘ആട്ടുതൊട്ടില്‍’ എന്ന പാട്ട് പോലെ കണക്ടഡായ ഒരു പാട്ട് വേറെയില്ല. എനിക്കത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ കണ്ണീര്‍ വരും. ചിലപ്പോള്‍ പുഞ്ചിരി വരും.

അങ്ങനെയാണ് അതിലെ ഓരോ വരിയും. പിന്നെ ആ സമയത്തെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോഴും അതേ ഫീല് തന്നെയാണ്. ആ പാട്ട് സിനിമയില്‍ മുഴുവനായി ഇട്ടില്ലല്ലോ എന്ന സങ്കടമാണ് എനിക്ക്. വിവേകിനെ കാണുമ്പോള്‍ ഞാന്‍ ആ കാര്യം പറയാറുണ്ട്.

അതേസമയം ‘പവിഴ മഴ’ എന്ന പാട്ട് വളരെ ഭംഗിയായിട്ടാണ് പിക്‌സ്ചറൈസ് ചെയ്തത്. അതുകൊണ്ട് തന്നെ ആ പാട്ട് പെട്ടെന്ന് കയറിപോയിരുന്നു. പക്ഷെ ‘ആട്ടുതൊട്ടില്‍’ അതിരനില്‍ മുഴുവനായി കാണിക്കുന്നില്ല. അത് എനിക്കൊരു വേദനയാണ്. ആ പാട്ട് മുഴുവനായി ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,’ വിനായക് ശശികുമാര്‍ പറഞ്ഞു.

Content Highlight: Vinayak Sasikumar Talks About Aattuthottil Song In Athiran Movie

We use cookies to give you the best possible experience. Learn more