ഹിറ്റുണ്ടാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച പാട്ടായിരുന്നു അത്: എപ്പോഴും ഇത്തരം ചിന്തകള്‍ വിജയിക്കണമെന്നില്ല: വിനായക് ശശികുമാര്‍
Malayalam Cinema
ഹിറ്റുണ്ടാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച പാട്ടായിരുന്നു അത്: എപ്പോഴും ഇത്തരം ചിന്തകള്‍ വിജയിക്കണമെന്നില്ല: വിനായക് ശശികുമാര്‍
ഐറിന്‍ മരിയ ആന്റണി
Wednesday, 1st April 2026, 5:45 pm

ആരാധികേ, പവിഴമഴ, ഇല്ലുമ്മിനാറ്റി എന്നീ ഗാനങ്ങളെല്ലാം എഴുതി കഴിഞ്ഞപ്പോള്‍ തന്നെ ഹിറ്റ് സാധ്യത മനസില്‍കണ്ടിരുന്നുവെന്ന് ഗാനരചയിതാവ് വിനായക് ശശിമകുമാര്‍. ഒരു ഗാനം ഹിറ്റാവാന്‍ ഒരുപാട് ഘടകങ്ങള്‍ വേണമെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായക് ശശികുമാര്‍.

‘പാട്ട് ഹിറ്റ്‌ലിസ്റ്റിലേക്കെത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ചുചേരണം. അത് കൃത്യമായി ആസ്വാദകരിലേക്കെത്തുക എന്നതാണ് അതില്‍ പ്രധാനം. ഹിറ്റുണ്ടാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചെഴുതിയ പാട്ടാണ് ‘ഓണം മൂഡ്…’ കഴിഞ്ഞ ജനുവരിയിലോ ഫെബ്രുവരിയിലോയാണ് ഓണം മൂഡ് എഴുതുന്നത്. അന്നു തന്നെ, അടുത്ത ഓണത്തിന് ആളുകളിത് ആഘോഷമായി ഏറ്റെടുക്കണമെന്ന് ഉറപ്പിച്ചു.

എപ്പോഴും ഇത്തരം ചിന്തകള്‍ വിജയിക്കണമെന്നില്ല. ഇല്ലുമ്മിനാറ്റി എന്ന വാക്ക് പാട്ടിലുള്‍പ്പെടുത്തിയപ്പോള്‍ അത് ക്ലിക്കാവുമെന്ന് എനിക്കുറപ്പായിരുന്നു. എന്നാല്‍, സംഗീത സംവിധായകന്‍ സുഷിന് സംശയമുണ്ടായിരുന്നു. തമിഴ് ഡപ്പാന്‍കുത്ത് ശൈലിയിലുള്ള ആ പാട്ടില്‍ ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്നത് തന്നെ ആരും ചിന്തിക്കാത്ത കാര്യമാണ്,’ വിനായക് ശശികുമാര്‍ പറയുന്നു.

ചിന്തിക്കാത്ത ഒരു ആശയം ആ പാട്ടില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ അതിലൊരു പുതുമയുണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ജിത്തുവും തനിക്കൊപ്പം നിന്നുവെന്നും തങ്ങള്‍ക്ക് മുന്നില്‍ രണ്ടുപേര്‍ ഒന്നിച്ചതുകൊണ്ടാണ് ആ പാട്ട് ഇത്തരത്തില്‍ നിങ്ങള്‍ കേള്‍ക്കാനിടവന്നതെന്നും വിനായക് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബിബിന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ എത്തിയ സാഹസം എന്ന സിനിമയിലെ ഗാനമായിരുന്നു ഓണം മൂഡ്. വിനായക് വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയത് ബിബിന്‍ അശോകാണ്. ഫെജോയ്ക്ക് ഒപ്പം ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേര്‍ന്ന ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു.

മലയാളികള്‍ക്ക് സുപരിചിതനായ ഗാനരചയിതാക്കളിലൊരാളാണ് വിനായക് ശശികുമാര്‍. കുട്ടിയും കോലും എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങി അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടി. ഗപ്പി, അമ്പിളി, ആവേശം, രോമാഞ്ചം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മെലഡി ഗാനങ്ങളും ഫാസ്റ്റ് സോങ്ങുകളും ഒരുപോലെ കയ്യടക്കത്തോടെ എഴുതാറുണ്ട്. സര്‍വ്വം മായാണ് വിനായകിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Content Highlight: Vinayak Sasikumar about the song Onam Mood

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.