| Thursday, 22nd May 2025, 4:39 pm

അന്ന് മഞ്ജു വാര്യര്‍ മണിച്ചിത്രത്താഴിനെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് അതിശയം തോന്നി: വിനയ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ എന്നും ഓര്‍ക്കുന്ന നടിയാണ് വിനയ പ്രസാദ്. ചിത്രത്തില്‍ ‘ശ്രീദേവി’ എന്ന കഥാപാത്രമായിട്ടായിരുന്നു നടി എത്തിയത്.

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും പലരും വിനയ പ്രസാദിനെ ശ്രീദേവി ആയിട്ട് തന്നെയാണ് കാണുന്നത്. മണിച്ചിത്രത്താഴ് സിനിമയുടെ റിലീസിന് ശേഷം കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോള്‍ തന്നെ അതിശയിപ്പിച്ച ഒരു അനുഭവം പങ്കുവെക്കുകയാണ് നടി.

തന്റെ വരാനിരിക്കുന്ന തഗ്ഗ് സി.ആര്‍ 14324 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യന്‍ സിനിമ ഗാലറി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വിനയ പ്രസാദ്.

‘മണിച്ചിത്രത്താഴ് സിനിമ കഴിഞ്ഞിട്ട് വേറെയൊരു സിനിമയുടെ ഷൂട്ടിന് വേണ്ടി വന്നപ്പോള്‍ എന്നെ അതിശയിപ്പിച്ച ഒരു സംഭവമുണ്ടായി. അന്ന് മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയയോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

ആ സിനിമയുടെ ഷൂട്ടിന്റെ ഇടയില്‍ ആരോ ശ്രീദേവിയെന്ന് വിളിക്കുന്നതാണ് ഞാന്‍ കേട്ടത്. എനിക്ക് അപ്പോള്‍ ആരെയാണ് വിളിക്കുന്നതെന്ന് മനസിലായില്ല. എന്നെയാണ് വിളിക്കുന്നതെന്ന് എനിക്ക് മനസിലാകണ്ടേ (ചിരി).

അപ്പോള്‍ മഞ്ജു വാര്യരാണ് ആ കാര്യം എന്നോട് പറയുന്നത്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ സമയത്തായിരുന്നു സംഭവം. ആ സിനിമയില്‍ മഞ്ജുവും ഉണ്ടായിരുന്നല്ലോ. മഞ്ജു എന്നോട് ചേച്ചിയെയാണ് അവര്‍ വിളിക്കുന്നതെന്ന് പറഞ്ഞു.

ഞാന്‍ ആണെങ്കില്‍ ‘എന്നെയോ’ എന്നും ചോദിച്ച് ഞെട്ടി നിന്നു. ‘അത് ചേച്ചിയുടെ മണിച്ചിത്രത്താഴ് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്’ എന്ന് മഞ്ജു പറഞ്ഞു. അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്. ‘ഹോ ഇങ്ങനെയും ഉണ്ടല്ലേ’ എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് അതിശയം തോന്നി,’ വിനയ പ്രസാദ് പറയുന്നു.


Content Highlight: Vinaya Prasad Talks About Manju Warrier And Manichithrathazhu Character

Latest Stories

We use cookies to give you the best possible experience. Learn more