| Friday, 23rd May 2025, 3:22 pm

'മോഹന്‍ലാലിനൊപ്പം പിന്നീട് സിനിമകള്‍ സംഭവിക്കാതിരുന്നതിന്റെ കാരണം..' മറുപടി നല്‍കി വിനയ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മിക്ക മലയാളികള്‍ക്കും പ്രിയപ്പെട്ട ഒന്നാണ് മണിച്ചിത്രത്താഴ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും സിനിമാപ്രേമികള്‍ക്ക് ഈ പടത്തിനോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിക്കില്ല. മണിച്ചിത്രത്താഴില്‍ ഏവര്‍ക്കും പ്രിയപ്പെട്ട ജോഡിയാണ് ശ്രീദേവിയുടെയും സണ്ണിയുടെയും.

സണ്ണിയായി മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ വിനയ പ്രസാദ് ആയിരുന്നു ശ്രീദേവിയായി എത്തിയത്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും മലയാളികള്‍ക്ക് വിനയ എന്ന നടിയെ ഓര്‍ക്കാന്‍.

എന്നാല്‍ മണിച്ചിത്രത്താഴിന് ശേഷം വിനയ മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും മോഹന്‍ലാലിനൊപ്പം വേറെ സിനിമകളൊന്നും ചെയ്തിരുന്നില്ല.

ഒരുമിച്ച് പിന്നീട് സിനിമകള്‍ സംഭവിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിനയ പ്രസാദ്. ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാനും ലാല്‍ സാറുമായി ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അത് മണിച്ചിത്രത്താഴ് ആണ്. പിന്നീട് ഒരുമിച്ച് സിനിമകള്‍ സംഭവിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, അറിയില്ല.

ഞാന്‍ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ചിലപ്പോള്‍ ഇവരെ ശ്രീദേവിയായി മാത്രം കണ്ടാല്‍ മതിയാകുമെന്ന് എല്ലാവര്‍ക്കും തോന്നി കാണാം. ആ സിനിമയിലെ ഞങ്ങളുടെ കെമിസ്ട്രിയുടെ പിന്നിലെ മാജിക്ക് എന്താണെന്ന് ചോദിച്ചാല്‍ അത് സ്‌ക്രീന്‍പ്ലേയുടെ മാജിക്ക് തന്നെയാണ്.

മണിച്ചിത്രത്താഴ് സിനിമയുടെ സ്‌ക്രീന്‍പ്ലേ അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ അതിന്റെ ഇമ്പാക്ട് കുറഞ്ഞു പോയേനേ. അപ്പോള്‍ സ്‌ക്രീന്‍പ്ലേയുടെ മാജിക് തന്നെയല്ലേ അത്.

അഭിനേതാക്കളോ ക്യാമറ വര്‍ക്കോ മാത്രമല്ല ആ കെമിസ്ട്രിയുടെ പിന്നിലെ കാരണം. സ്‌ക്രീന്‍പ്ലേ തന്നെയാണ് ആ സിനിമയുടെ വിജയത്തിനും കാരണമായത്. ഞങ്ങളൊക്കെ അഭിനേതാക്കളായി നിന്ന് സ്‌ക്രീന്‍പ്ലേ സപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തത്,’ വിനയ പ്രസാദ് പറയുന്നു.


Content Highlight: Vinaya Prasad Talks About Her Chemistry With Mohanlal

We use cookies to give you the best possible experience. Learn more