മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടതായി മാറിയ നടിയാണ് വിനയ പ്രസാദ്. ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ചിത്രത്തില്‍ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായി വിനയപ്രസാദ് മാറി.
മണിച്ചിത്രത്താഴിന്റെ സെറ്റില്‍ എത്തിയ ആദ്യദിനത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനയപ്രസാദ്. ആ സിനിമയിലേക്ക് തന്നെ വിളിച്ച മാനേജറെയും മോഹന്‍ലാലിനെയും മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂവെന്ന് അവര്‍ പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ അല്‍പം പരിഭ്രമമുണ്ടായിരുന്നെന്നും എന്നാല്‍ തന്നെ കണ്ടപ്പോള്‍ തന്നെ അടുത്തേക്ക് വിളിച്ച് കംഫര്‍ട്ടാക്കിയത് ശോഭനയായിരുന്നെന്ന് വിനയപ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഒന്നുരണ്ട് തെലുങ്ക് സിനിമകളില്‍ താന്‍ ശോഭനയെ കണ്ടിട്ടുണ്ടെന്നും ആ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ പറയുന്നു. തന്റെ കണ്‍ഫ്യൂഷന്‍ കണ്ടിട്ടാണ് ശോഭന അടുത്തേക്ക് വിളിച്ചതെന്നും പിന്നീട് ഷൂട്ട് അവസാനിക്കുന്നത് വരെ തങ്ങള്‍ ഒരുമിച്ചാണ് സെറ്റില്‍ വരുന്നതും പോകുന്നതുമെന്നും വിനയപ്രസാദ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിനയപ്രസാദ്.
‘മണിച്ചിത്രത്താഴിന്റെ സെറ്റിലേക്ക് പോയ സമയത്ത് എനിക്ക് ആകെ അറിയാവുന്നത് രണ്ട് പേരെയായിരുന്നു. ഒന്ന് മോഹന്‍ലാല്‍, മറ്റൊരാള്‍ എന്നെ ഈ സിനിമയിലേക്ക് വിളിച്ച മാനേജര്‍. വേറെ ആരെയും എനിക്ക് പരിചയമില്ല. ആരെങ്കിലും നമ്മളോട് സംസാരിക്കുമോ എന്ന് നോക്കി നടക്കുകയാണ്. ഞാന്‍ മേക്കപ്പ് ചെയ്യാന്‍ വേണ്ടി പോയപ്പോള്‍ ഒരു ശബ്ദം. ‘വരൂ വിനയപ്രസാദ്, എനിക്കറിയാം നിങ്ങളെ. ഇവിടെ വന്ന് ഇരിക്കൂ’ എന്ന് ആരോ പറയുന്നു.
ഇതാരാണ് സംസാരിക്കുന്നതെന്ന് അറിയാന്‍ വേണ്ടി നോക്കി. അപ്പോള്‍ ശോഭന കണ്ണാടി നോക്കി ടച്ചപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ആ കണ്ണാടിയിലാണ് എന്നെ കണ്ടത്. എന്റെ കണ്‍ഫ്യൂഷന്‍ മനസിലായിട്ടാണ് ശോഭന എന്നെ വിളിച്ചത്. ഞാന്‍ ഓടിപ്പോയി ശോഭനയെ കെട്ടിപ്പിടിച്ചു. ഒന്നുരണ്ട് തെലുങ്ക് സിനിമകളില്‍ ഞാന്‍ ശോഭനയെ കണ്ടിട്ടുണ്ട്.
‘ഞാന്‍ നിങ്ങളെ കണ്ടിട്ടുണ്ട്. ഭയങ്കര ഹോംലിയാണ്. പക്ഷേ, ഇത്രക്ക് കംഫര്‍ട്ടായിട്ടുള്ള ആളാണെന്ന് കരുതിയില്ല’ എന്ന് ഞാന്‍ ശോഭനയോട് പറഞ്ഞു. പിന്നീട് ആ ഷൂട്ട് അവസാനിക്കുന്നത് വരെ ഞാനും അവരും ഒരു വണ്ടിയിലാണ് സെറ്റിലേക്ക് പോയതും വന്നതും. കാരണം, അത്രയും ആളുകള്‍ക്കിടയില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ കംഫര്‍ട്ട് സോണായിരുന്നു ശോഭന,’ വിനയപ്രസാദ് പറയുന്നു.
Content Highlight: Vinaya Prasad saying Shobana made her comfortable during first day shoot of Manichithrathazhu