| Wednesday, 18th June 2025, 4:02 pm

മണിച്ചിത്രത്താഴിന്റെ സെറ്റില്‍ ശോഭന അങ്ങനെ എന്നോട് പ്രതികരിക്കുമെന്ന് ഞാന്‍ കരുതിയില്ല: വിനയ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടതായി മാറിയ നടിയാണ് വിനയ പ്രസാദ്. ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.

മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിങ്ങനെ വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ വിനയ പ്രസാദും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീദേവി എന്ന കഥാപാത്രമായാണ് നടി അഭിനയിച്ചത്. ഇപ്പോള്‍ മണിചിത്രത്താഴിന്റെ സെറ്റില്‍ വെച്ചുണ്ടായ അനുഭവം പങ്കുവെക്കുകയാണ് വിനയ പ്രസാദ്.

താന്‍ മണിചിത്രത്താഴിന്റെ സെറ്റില്‍ ആദ്യമായി വരുമ്പോള്‍ ശോഭന അവിടെയുണ്ടായിരുന്നുവെന്നും തന്നെ കണ്ടതും അവര്‍ തന്നെ സ്വാഗതം ചെയ്തുവെന്നും വിനയ പ്രസാദ് പറയുന്നു. അങ്ങനെയൊരു വാം വെല്‍ക്കം താന്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സെറ്റില്‍ പുതിയതായി വന്ന ആര്‍ട്ടിസ്റ്റാണ് എന്ന തോന്നല്‍ അപ്പോള്‍ ഉണ്ടായില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

താന്‍ ഇന്നും ശോഭനയുടെ ആ വെല്‍ക്കമിങ് ഓര്‍ക്കുന്നുവെന്നും തന്റെ സെറ്റിലേക്ക് പുതിയ ആര്‍ട്ടിസ്റ്റുകള്‍ വന്നാല്‍ അന്ന് ശോഭന വെല്‍ക്കം ചെയ്തതുപോലെയാണ് താന്‍ ഇപ്പോള്‍ സ്വാഗതം ചെയ്യാറുള്ളതെന്നും വിനയ പ്രസാദ് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ മണിച്ചിത്രത്താഴിന്റെ സെറ്റിലേക്ക് കേറി വരുമ്പോള്‍ ശോഭന ഒരു കണ്ണാടി ഉപയോഗിച്ച് ടച്ച് അപ്പ് ചെയ്യുകയായിരുന്നു. ഞാന്‍ അവിടെ ബാക്കില്‍ നിന്ന് വന്നു. അപ്പോള്‍ ശോഭന എന്നെ കണ്ടു. കണ്ടിട്ട് എന്നോട് ‘വരൂ,വരൂ വിനയ പ്രസാദ് നിങ്ങള്‍ക്ക് ഈ സെറ്റിലേക്ക് സ്വാഗതം’ അങ്ങനെയാണ് പറഞ്ഞത്. ആ ഒരു സ്‌നേഹമുണ്ടല്ലോ.

അപ്പോള്‍ എനിക്ക് പുതിയൊരു സ്ഥലത്തേക്കാണ് ഞാന്‍ വന്നത് എന്ന ഫീലുണ്ടായിരുന്നില്ല. ശോഭനയുടെ ആ ഒരു വാം വെല്‍ക്കം ഞാന്‍ ഓര്‍ക്കുന്നുണ്ട്. അപ്പോള്‍ മുതല്‍ പുതിയ ഒരു ആര്‍ട്ടിസ്റ്റ് നമ്മുടെ സെറ്റില്‍ വന്നാല്‍ ഞാന്‍ തീര്‍ച്ചയായിട്ടും ഒരു നല്ല വെല്‍ക്കമിങ് കൊടുക്കും. ഇപ്പോഴും ശോഭനയെ ഓര്‍ത്തിട്ടാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നത്,’ വിനയ പ്രസാദ് പറയുന്നു.

Content highlight: Vinaya prasad about Shobana

We use cookies to give you the best possible experience. Learn more