ആള്‍റെഡി ചിരിച്ച് വയ്യാണ്ടായി ഇരിക്കുമ്പോള്‍ ആശാന്റെ വരവുണ്ട്, പൊട്ടിച്ചിരി കൂട്ടച്ചിരിയാക്കി വിനയ് ഫോര്‍ട്ട് അഥവാ മോഹിനിയാട്ടത്തിലെ പാര്‍ത്ഥന്‍
Malayalam Cinema
ആള്‍റെഡി ചിരിച്ച് വയ്യാണ്ടായി ഇരിക്കുമ്പോള്‍ ആശാന്റെ വരവുണ്ട്, പൊട്ടിച്ചിരി കൂട്ടച്ചിരിയാക്കി വിനയ് ഫോര്‍ട്ട് അഥവാ മോഹിനിയാട്ടത്തിലെ പാര്‍ത്ഥന്‍
അമര്‍നാഥ് എം.
Friday, 17th April 2026, 10:18 pm

തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ രീതിയില്‍ കോമഡി മെയിന്റെയിന്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച ചിത്രമാണ് മോഹിനിയാട്ടം. വാഴയുടെ വമ്പന്‍ കുതിപ്പിനിടയില്‍ കുറഞ്ഞ സ്‌ക്രീനുകളില്‍ ഗംഭീര മുന്നേറ്റമാണ് മോഹിനിയാട്ടം നടത്തുന്നത്. ആദ്യ വീക്കെന്‍ഡില്‍ 10 കോടിയിലേറെ നേടിയ ചിത്രം ഇനിയും ഗംഭീര കളക്ഷന്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്.

ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ വന്‍ പരാജയമായി മാറിയിരുന്നു. ഭരതനാട്യം നിര്‍ത്തിയ പോയിന്റില്‍ നിന്ന് ആരംഭിച്ച മോഹിനിയാട്ടം ഇത്തവണ ഡാര്‍ക്ക് കോമഡി ഴോണറിലാണ് കഥപറയുന്നത്. പഴയ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും ഇത്തവണ എന്‍ട്രി നടത്തിയിട്ടുണ്ട്. അത്തരത്തില്‍ പുതിയ കഥാപാത്രങ്ങളിലൊരാളാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച സി.ഐ പാര്‍ത്ഥന്‍.

താടിവെച്ച പൊലീസായി വിനയ് ഫോര്‍ട്ട് വരുമ്പോള്‍ തന്നെ ചിരിയാണ്. അതുവരെയുള്ള സീനുകള്‍ കണ്ട് ചിരിച്ച് വയ്യാതായി ഇരിക്കുമ്പോഴാണ് പാര്‍ത്ഥന്റെ മാസ് എന്‍ട്രി. പിന്നീടങ്ങോട്ട് ഫോര്‍ട്ട് കൊച്ചി സ്ലാങ്ങില്‍ അഴിഞ്ഞാട്ടമാണ്. ഓരോ ഡയലോഗും ഓര്‍ത്ത് ചിരിക്കാന്‍ പാകത്തിന് ഗംഭീരമാക്കിയിട്ടുണ്ട്. അതില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്ന സീനില്‍ ചിരിയുടെ പൂരമായിരുന്നു.

ചോദിക്കുന്ന ചോദ്യത്തിന് എങ്ങും തൊടാത്ത മറുപടി ലഭിക്കുമ്പോള്‍ പാര്‍ത്ഥന്റെ തലപെരുക്കുന്നുണ്ട്. ഒടുവില്‍ വാതില്‍ കൊട്ടിയടച്ച് ആ സ്ത്രീ പോകുമ്പോള്‍ പാര്‍ത്ഥന്‍ നിരാശനാകുന്നുണ്ട്. ‘മെനകെട്ട സ്ത്രീ, എനിക്ക് ഇതൊന്നും ഡീക്കോഡ് ചെയ്യാനുള്ള സമയമില്ല’ എന്ന് പറയുന്നതെല്ലാം വളരെ നാച്ചുറലായിരുന്നു. അന്ധയായ സ്ത്രീയെ റോഡ് ക്രോസ് ചെയ്യാന്‍ സഹായിച്ച ശേഷം ഗോവിന്ദരാജയുടെ പോസ്റ്റര്‍ കാണിച്ച് ‘ഇയാളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ’ എന്ന് ചോദിക്കുമ്പോള്‍ ചിരി പൊട്ടും.

പ്രേമത്തിന് ശേഷം വിനയ് ഫോര്‍ട്ടിനെ അഴിഞ്ഞാടാന്‍ വിട്ട കഥാപാത്രമെന്ന് പാര്‍ത്ഥനെ വിശേഷിപ്പിക്കാം. കേസന്വേഷിക്കാന്‍ സുഭാഷിന്റെ വീട്ടിലെത്തുന്നതും അവിടെയുള്ളവരെ ചോദ്യം ചെയ്യുന്നതുമെല്ലാം കൂട്ടച്ചിരി പടര്‍ത്തി. പാര്‍ത്ഥനൊപ്പം അധികം ഡയലോഗൊന്നുമില്ലാതെ സ്‌കോര്‍ ചെയ്യാന്‍ കോണ്‍സ്റ്റബിള്‍ ദീപക്കിനും സാധിച്ചിട്ടുണ്ട്.

നെല്‍സണ്‍ പോലും ചിന്തിക്കാത്ത ലെവല്‍ ഡാര്‍ക്ക് കോമഡിയാണ് മോഹിനിയാട്ടത്തില്‍ കൃഷ്ണദാസ് മുരളി ഉപയോഗിച്ചത്. ഓരോ സീനിലും ഉപയോഗിച്ച ബി.ജി.എം ചെറുതായി മാറ്റിയാല്‍ അങ്ങേയറ്റം വയലന്‍സ് നിറഞ്ഞ ചിത്രമായി മോഹിനിയാട്ടം മാറിയേനെ. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ മോഹിനിയാട്ടത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Vinay Fort’s performance in Mohiniyattam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം