മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. ചുരുങ്ങിയ വേഷങ്ങള്‍ കൊണ്ട് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലിജോമോള്‍ ജോസും വിനയ് ഫോര്‍ട്ടും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് സംശയം. നവാഗതനായ രാജേഷ് രവിയാണ് സിനിമ സംവിധാനം ചെയ്തത്. ഇപ്പോള്‍ ലിജോമോളെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്.
താന്‍ കൂടെ പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും മികച്ച നടിയാണ് ലിജോമോള്‍ എന്ന് നടന്‍ പറയുന്നു. ഏത് കഥാപാത്രം ചെയ്യുമ്പോഴും പ്രക്ഷകര്‍ക്ക് അതില്‍ ഒരു മനുഷ്യനെ കാണാന്‍ കഴിഞ്ഞാല്‍, സത്യസന്ധമായി തോന്നിയാല്‍ അതാണ് അഭിനേതാവിന്റെ വിജയമെന്നും ലിജോമോള്‍ അത്തരമൊരു കലകാരിയാണെന്നും അദ്ദേഹം പറയുന്നു. കഥാപാത്രങ്ങളെ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്ന നടിയാണ് ലിജോയെന്നും സിനിമയിലും ജീവിതത്തിലും അവര്‍ കൃത്രിമം കാണിക്കാറില്ലെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും മികച്ച നടിയാണ് ലിജോമോള്‍. ഞാന്‍ അഭിനയത്തെ നോക്കിക്കാണുന്നത് സത്യമുള്ളത്, സത്യമില്ലാത്തത് എന്നിങ്ങനെയാണ്. ഏത് കഥാപാത്രം ചെയ്യുമ്പോഴും പ്രേക്ഷകര്‍ക്ക് അതില്‍ ഒരു മനുഷ്യനെ കാണാന്‍ കഴിഞ്ഞാല്‍, അയാള്‍ പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായി തോന്നിയാല്‍, അയാളുടെ വികാരങ്ങള്‍ നിങ്ങളുടേതായി മാറിക്കഴിഞ്ഞാല്‍ വിജയിക്കും.
അങ്ങനെയൊരു കലാകാരിയാണ് ലിജോ. വളരെ സത്യസന്ധമായാണ് അവര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപ്പോള്‍ നമുക്ക് തിരിച്ചും അതുപോലെ ചെയ്യാന്‍ എളുപ്പം സാധിക്കും. നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും സത്യസന്ധതയുള്ള അഭിനേതാവാണ് അവര്‍. സിനിമയിലും ജീവിതത്തിലും കൃത്രിമം കാണിക്കില്ല ലിജോ,’ വിനയ് ഫോര്‍ട്ട് പറയുന്നു.
Content Highlight: Vinay Forrt talks about Lijomol jose