മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ നടന് സാധിക്കാറുണ്ട്. നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.
ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വഹിച്ച് 2023ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ആട്ടം. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മിച്ചത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകളാണ് ആട്ടം നേടിയത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഇപ്പോള്‍ ആട്ടം തിയേറ്ററില്‍ കാണാന്‍ പറ്റാത്തതിന് പലരും തന്നോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. ഒ.ടി.ടിയിലും മറ്റുമായി ആട്ടം കണ്ടിട്ട് ഒരുപാട് ആളുകള്‍ തന്നോട് സിനിമ തിയേറ്ററില്‍ കാണാന്‍ പറ്റാത്തതില്‍ ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ഈ സിനിമക്ക് കേട്ടത്ര ക്ഷമ പറച്ചില്‍ താന്‍ ജീവിതത്തില്‍ കേട്ടിട്ടില്ലെന്നും വിനയ് പറയുന്നു.
സിനിമ ഇറങ്ങിയ സമയത്ത് അറിയിക്കുകയും വിളിക്കുകയുമൊക്കെ ചെയ്തിട്ട് പ്രതികരിക്കാത്ത ആളുകള്‍ തന്നെയാണ് ഇത് വന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേണ്ടത്ര സ്വീകാര്യത തിയേറ്ററില്‍ സിനിമ നേടിയില്ലെന്നും എന്നാലും തങ്ങള്‍ ചെയ്ത ഈ ചെറിയ സിനിമ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പട്ടെന്നും താന്‍ ഏറെ സന്തോഷവാനാണെന്നും വിനയ് പറഞ്ഞു. ക്ഷമ വേണ്ടെന്നും സിനിമ തിയേറ്ററില്‍ കണ്ട് വിജയിപ്പിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു വിനയ്.
‘ആട്ടം സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍, ആട്ടത്തിന് കേട്ടത്ര ക്ഷമ പറച്ചില്‍ ഞാന്‍ ലൈഫില്‍ കേട്ടിട്ടേ ഇല്ല. ഒ.ടി.ടി യിലും, ടെലഗ്രാമിലുമൊക്കെ സിനിമ കണ്ടിട്ട് ആളുകള്‍ വന്നിട്ട് പറയും. ‘ എന്നോട് ക്ഷമിക്കണം, ഈ സിനിമ തിയേറ്ററില്‍ കാണാന്‍ സാധിച്ചില്ല’. ഒരു പക്ഷേ നമ്മള്‍ ആ സമയത്ത് അറിയിക്കുകയും വിളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടാകും, അതില്‍ ഒന്നും പ്രതികരിക്കാത്ത ആളുകളാണ് ഇത് വന്ന് പറയുന്നത്. സിനിമ അതിന്റെ ഒരു പൂര്‍ണ രൂപത്തില്‍ ലഭിക്കണമെങ്കില്‍ തിയേറ്ററില്‍ നമ്മള്‍ ഫുള്‍ ആള്‍ക്കൂട്ടത്തില്‍ ഇരുന്ന് കാണണം. അപ്പോളാണ് പല തമാശകളും നിങ്ങള്‍ക്ക് തമാശയായി തോന്നുന്നത്.
ആട്ടം അത്യാവിശ്യം വര്‍ക്ക് ചെയ്ത സിനിമയാണ്. പക്ഷേ അത് ഡിസേര്‍വ് ചെയ്ത തരത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ്. എന്നാലും ഞങ്ങള്‍ ഹാപ്പിയാണ്. ഞങ്ങള്‍ ഒരുപാട് ചെറിയ ആളുകള്‍ ചേര്‍ന്ന് ചെയ്‌തൊരു സിനിമ ആ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിരുന്നു. മൂന്ന് നാഷണല്‍ അവാര്‍ഡ് ഉണ്ടായിരുന്നു. ഇന്ത്യ പോലെ ഇത്രയും പോപ്പുലേഷന്‍ ഉള്ള ഒരു രാജ്യത്ത് ഏറ്റവും മികച്ച സിനിമയായി നമ്മള്‍ ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റില്‍ ചെയ്ത സിനിമ എത്തുക എന്നത് വലിയ കാര്യമാണ്. അപ്പോള്‍ ക്ഷമ വേണ്ട, തിയേറ്ററില്‍ പോയി പടം കണ്ട് വിജയിപ്പിക്കുക എന്നതാണ് ആഗ്രഹം,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
Content Highlight: Vinay Forrt says many people have apologized to him for not being able to watch Aattam in theaters