| Wednesday, 29th January 2025, 9:00 am

അന്ന് മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ സ്വീകരിക്കാനായില്ല; മാറ്റം കൊണ്ടുവരണമെന്ന് തോന്നി: വിമല രാമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണയകാലം എന്ന സിനിമയിലെ ‘ഒരു വേനല്‍ പുഴയില്‍’ എന്ന പാട്ടിലൂടെ മലയാളികള്‍ എന്നും ഓര്‍ക്കുന്ന നടിയാണ് വിമല രാമന്‍. 2007ല്‍ അജ്മല്‍ അമീറിനൊപ്പം വിമല അഭിനയിച്ച ചിത്രമായിരുന്നു പ്രണയകാലം. എന്നാല്‍ 2006ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

പിന്നീട് ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിച്ച ടൈം എന്ന ചിത്രത്തിലൂടെ നടി മലയാള സിനിമയിലേക്ക് എത്തുകയായിരുന്നു. ശേഷം പ്രണയകാലത്തിന് പുറമെ വിമല സൂര്യന്‍, നസ്രാണി, കോളേജ് കുമാരന്‍, റോമിയോ, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമായി.

2016ല്‍ നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാലിന്റെ ഒപ്പം എന്ന സിനിമയിലും വിമല രാമന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ എന്തുകൊണ്ടാണ് ഇടവേളകള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിമല.

ഒരു കാരണത്തിന്റെ പുറത്തുണ്ടായ ഇടവേളകള്‍ അല്ലെന്നാണ് നടി പറഞ്ഞത്. തന്നെ ഇപ്പോഴും മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ‘ഒരു വേനല്‍ പുഴയില്‍’ എന്ന പാട്ടില്‍ പ്രത്യക്ഷപ്പെടുന്ന നായികയായിട്ടാണെന്നും ഒരു പാവം കുട്ടിയായോ വിനയക്കൂടുതലുള്ള കഥാപാത്രമായോ ആണ് പലരും തന്നെ വിലയിരുത്തുന്നതെന്നും വിമല പറഞ്ഞു. മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സത്യം പറഞ്ഞാല്‍, ഇടവേള എന്തിനായിരുന്നുവെന്ന് എനിക്ക് അറിയില്ല. ഒന്നും ഒരു കാരണത്തിന്റെ പുറത്തുണ്ടായ ഇടവേളകള്‍ അല്ല എന്നതാണ് സത്യം. എന്നെ ഇപ്പോഴും മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ‘ഒരു വേനല്‍ പുഴയില്‍’ എന്ന പാട്ടില്‍ പ്രത്യക്ഷപ്പെടുന്ന നായികയായിട്ടാണ്.

അതേസമയം ഒരു പാവം കുട്ടി, വിനയക്കൂടുതലുള്ള കഥാപാത്രമായാണ് പലരും എന്നെ വിലയിരുത്തുന്നത്. ഒടുവില്‍ എന്റെ കഥാപാത്രത്തില്‍ എന്തെങ്കിലും ഒക്കെ മാറ്റം കൊണ്ടുവരണമെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു.

പിന്നെ എനിക്ക് എന്നെത്തന്നെ ഒരു ഓള്‍ ഇന്ത്യ ആര്‍ട്ടിസ്റ്റ് എന്ന ഫീലാണ് തോന്നാറ്. കാരണം എനിക്ക് സംഭവിച്ചിരിക്കുന്നത് റിവേഴ്സ് മൈഗ്രേഷനാണല്ലോ. ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് വന്നതാണല്ലോ ഞാന്‍.

മറ്റ് ഭാഷകളില്‍ ഞാന്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ആ സമയത്തൊക്കെ എനിക്ക് മലയാളത്തില്‍ കിട്ടിയ അവസരങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല,’ വിമല രാമന്‍ പറഞ്ഞു.

Content Highlight: Vimala Raman Talks About Her Career Break In Malayalam Movie

We use cookies to give you the best possible experience. Learn more