ഖന്നയുടെ വില ഇപ്പോ മനസിലായി, വില്ലന്മാരുടെ നിര തന്നെയുണ്ടായിട്ടും റഹ്‌മാന്‍ ദാകൈത്തിനെ മറികടക്കാനായിട്ടില്ല
Indian Cinema
ഖന്നയുടെ വില ഇപ്പോ മനസിലായി, വില്ലന്മാരുടെ നിര തന്നെയുണ്ടായിട്ടും റഹ്‌മാന്‍ ദാകൈത്തിനെ മറികടക്കാനായിട്ടില്ല
അമര്‍നാഥ് എം.
Friday, 20th March 2026, 10:02 pm

ആദ്യദിനം തന്നെ 200 കോടിയിലേറെ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍ 2. ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധറിന്റെ ആദ്യഭാഗം ബോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. രണ്ടാം ഭാഗം 2000 കോടിയിലേറെ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയേക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കൂകുട്ടല്‍.

ആദ്യഭാഗം നിര്‍ത്തിയ പോയിന്റില്‍ നിന്ന് തന്നെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഹംസ അലി മസാരി എന്ന പേരില്‍ പാകിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പുള്ള ജസ്‌കീരത്തിന്റെ ജീവിതവും ചിത്രം കാണിക്കുന്നുണ്ട്. ആദ്യഭാഗത്തിലെ സംഭവങ്ങള്‍ക്ക് ശേഷം ഹംസ ലിയാരി നഗരത്തിന്റെയും അവിടുന്ന് പാകിസ്ഥാന്‍ അധോലോകത്തിന്റെയും നിയന്ത്രണം ഏറ്റെടുത്ത് തന്റെ പ്രതികാരം പൂര്‍ത്തിയാക്കുന്നിടത്ത് ധുരന്ധര്‍ 2 അവസാനിക്കുകയാണ്.

 

ആദ്യഭാഗത്തില്‍ ഞെട്ടിച്ച വില്ലന്‍ കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ ആദ്യാവസാനം രണ്‍വീര്‍ സിങ്ങിന് മുകളില്‍ മറ്റാര്‍ക്കും പെര്‍ഫോം ചെയ്യാന്‍ സാധിച്ചിട്ടില്ല. അര്‍ജുന്‍ റാംപാലിന്റെ മേജര്‍ ഇഖ്ബാല്‍, സഞ്ജയ് ദത്തിന്റെ അസ്‌ലം ചൗധരി, ഡാനിഷ് പണ്ടോറിന്റെ ഉസൈര്‍ ബലോച്ച് എന്നീ കഥാപാത്രങ്ങള്‍ക്കൊന്നും ഒരു പരിധിക്കപ്പുറത്തേക്ക് ഉയരാന്‍ കഴിയാതെ പോയി.

ആദ്യഭാഗത്തിലെ പ്രധാന വില്ലനായ അക്ഷയ് ഖന്നയുടെ റഹ്‌മാന്‍ ദാകൈത്തിനെപ്പോലൊരു വില്ലന്‍ രണ്ടാം ഭാഗത്തിലില്ലാത്തത് ചെറിയ രീതിയില്‍ നിരാശപ്പെടുത്തി. ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടാതെ കിടന്ന ധുരന്ധറിനെ ട്രാക്കില്‍ കയറ്റിയത് ഖന്ന ഒറ്റക്കാണ്. ഫ്‌ളിപ്പറാച്ചി എന്ന ഗാനത്തിന് അക്ഷയ് ഖന്ന ചുവടുവെക്കുന്നതിന്റെ തിയേറ്റര്‍ ക്ലിപ്പുകള്‍ വൈറലായി. ഇതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ കത്തിക്കയറുകയായിരുന്നു.

 

രണ്‍വീര്‍ സിങ്ങടക്കം വന്‍ താരനിര അണിനിരന്നിട്ടും ആദ്യഭാഗത്തില്‍ മുഴുവന്‍ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ഞെട്ടിച്ചത് അക്ഷയ് ഖന്നയായിരുന്നു. രണ്‍വീറിന് പോലും കോമ്പറ്റീഷന്‍ കൊടുത്തുകൊണ്ടായിരുന്നു ഖന്നയുടെ ഡൊമിനേഷന്‍. രണ്ടാം ഭാഗത്തില്‍ വില്ലന്മാര്‍ക്ക് പഞ്ച് ലഭിക്കാതെ പോയതും ഖന്നയുണ്ടാക്കിയ ഇംപാക്ട് കൊണ്ടാണ്. ഫീല്‍ഡൗട്ടില്‍ നിന്ന് തിരിച്ചുവന്ന അക്ഷയ് ഖന്ന കുറച്ച് ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ സെന്‍സേഷനായത് വലിയ വാര്‍ത്തയായിരുന്നു.

ഒരുവശത്ത് തനിക്ക് വെല്ലുവിളിയായ വില്ലന്മാരെയെല്ലാം രണ്‍വീര്‍ നിസാരമായി ഇല്ലാതാക്കുമ്പോഴും പലയിടത്തും ഫ്‌ളാറ്റായ അനുഭവമാണ്. എന്നിരുന്നാലും മാസും ക്ലാസും ചേര്‍ന്ന പെര്‍ഫോമന്‍സ് കൊണ്ട് രണ്‍വീര്‍ നാല് മണിക്കൂറോളമുള്ള സിനിമയെ ഒറ്റക്ക് ഷോള്‍ഡര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ പെര്‍ഫോമന്‍സും മേക്കിങ്ങും ഗംഭീരമാകുമ്പോഴും സംവിധായകന്‍ ചിത്രത്തിലൂടെ പറയുന്ന പ്രൊപ്പഗണ്ടക്ക് നേരെ കണ്ണടക്കാനാകില്ല.

മോദിയെയും ബി.ജെ.പി ഗവണ്മെന്റിനെയും വൈറ്റ് വാഷ് ചെയ്യുന്ന, നോട്ട് നിരോധനം പോലൊരു മണ്ടത്തരത്തെ മികച്ച തീരുമാനമായി അവതരിപ്പിക്കുക എന്നതെല്ലാം വിമര്‍ശിക്കപ്പെടേണ്ടതാണ്. സോഷ്യല്‍ മീഡിയയിലടക്കം ആദിത്യ ധറിന്റെ ഈ നീക്കത്തെ വിമര്‍ശിക്കുന്നവരുണ്ട്.

Content Highlight: Villains in Dhurandhar 2 cannot replace Akshaye Khanna’s performance

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം