ഓരോ നോവലും സിനിമാറ്റിക് എക്‌സ്പീരിയന്‍സോടെ ഒരുക്കുന്ന ഇന്ദുഗോപന്റെ ഹിറ്റ് നോവല്‍…. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ സച്ചി സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ട്… അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. രണ്ട് മനുഷ്യര്‍ തമ്മിലുള്ള ഈഗോ ക്ലാഷ് എന്നതിലുപരി ശക്തമായ രാഷ്ട്രീയം കൂടി സംസാരിക്കുന്ന കഥയാണ് വിലായത്ത് ബുദ്ധയുടേത്.
സച്ചിക്ക് പകരം സംവിധാന ചുമതല ഏറ്റെടുത്ത ജയന്‍ നമ്പ്യാര്‍ ഈ കഥയെ എങ്ങനെ സമീപിക്കുന്നു എന്നത് കൂടി സിനിമയുടെ ഹൈപ്പ് ഉയര്‍ത്തുന്ന ഘടകമായി മാറി. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററിലെത്തിയ വിലായത്ത് ബുദ്ധ നിരാശപ്പെടുത്തിയില്ലെന്ന് തന്നെ പറയാം. ഇന്ദുഗോപന്‍ എഴുതിയ നോവലിന്റെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന അവതരണമായി ജയന്‍ നമ്പ്യാരുടെ ഈ കലാസൃഷ്ടിയെ കണക്കാക്കാം.
തെറ്റിദ്ധാരണയുടെ പുറത്ത് നാട്ടുകാരുടെ ആജീവനാന്ത പരിഹാസത്തിന് ഇരയാകേണ്ടി വന്ന ഭാസ്‌കരന്‍ മാഷും ചന്ദനക്കടത്തുകാരന്‍ ഡബിള്‍ മോഹനനും തമ്മിലുള്ള വാശിയുടെ കഥയാണ് വിലായത്ത് ബുദ്ധ. തൂവെള്ള ഭാസ്‌കരന്‍ എന്ന വിളിയില്‍ നിന്ന് തീട്ടം ഭാസ്‌കരനിലേക്ക് മാറേണ്ടി വന്ന മുന്‍ അധ്യാപകന്‍ തന്റെ മൃതദേഹം കത്തിക്കാന്‍ വേണ്ടി ചന്ദനം വളര്‍ത്തുന്നതും അത് വെട്ടിമുറിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്ന മോഹനനും തമ്മിലുള്ള പോരാട്ടം നല്ല വൃത്തിക്ക് തന്നെ സംവിധായകന്‍ ഒരുക്കി വെച്ചിട്ടുണ്ട്.
കഥാപരിസരവും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന ആദ്യപകുതിയുടെ ഒടുവിലായാണ് പ്രധാന ഭാഗത്തിലേക്ക് കടക്കുന്നത്. നോവലില്‍ രോമാഞ്ചമുണര്‍ത്തിയ ഭാഗങ്ങളെല്ലാം സിനിമയില്‍ അതേ ലെവലില്‍ തന്നെ ചിത്രീകരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ പല രംഗങ്ങളും അതിഗംഭീരമെന്നേ പറയാനുള്ളൂ.
മോഹനന്റെ ഹീറോയിസം കാണിക്കാനും കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ കൂട്ടാനും വേണ്ടി തിരുകിക്കയറ്റിയ ക്ലൈമാക്‌സ് ഫൈറ്റും ഗ്രാഫിക്‌സ് രംഗങ്ങളും മാത്രമാണ് കല്ലുകടിയായി തോന്നിയത്. സച്ചിയുടെ വാക്കുകള്‍ പിന്തുടര്‍ന്ന് തിരക്കഥയില്‍ കൂട്ടിച്ചേര്‍ത്ത പോസ്റ്റ് ക്രെഡിറ്റ് സീന്‍ നല്ലതായി അനുഭവപ്പെട്ടു.
പെര്‍ഫോമന്‍സിന്റെ കാര്യത്തിലേക്ക് വന്നാല്‍ രണ്ട് ആക്ടിങ് പവര്‍ ഹൗസുകളുടെ മത്സര പ്രകടനമായിരുന്നു വിലായത്ത് ബുദ്ധയില്‍. ഭാസ്‌കരനായി വേഷമിട്ട ഷമ്മി തിലകന്‍ തന്നെയാണ് പെര്‍ഫോമന്‍സില്‍ മുന്നിട്ട് നിന്നത്. മൂന്ന് സ്‌റ്റേറ്റ് അവാര്‍ഡ് നേടിയ പൃഥ്വിയെ കവച്ചുവെക്കുന്ന പ്രകടനമായിരുന്നു ഷമ്മി തിലകന്റേത്. ക്ലൈമാക്‌സിലെ പെര്‍ഫോമന്‍സിന് മാര്‍ക്കിടാന്‍ ആരായാലും ബുദ്ധിമുട്ടും.
ഡബിള്‍ മോഹനനായി വന്ന പൃഥ്വിരാജ് ആദ്യാവസാനം ആ കഥാപാത്രത്തിന്റെ മാസ് ഓറ കാത്തുസൂക്ഷിച്ചിട്ടുണ്ട്. പുഷ്പ എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ ആലോചിച്ചു തുടങ്ങിയ കാലത്ത് അനൗണ്‍സ് ചെയ്ത ചിത്രമാണിത്. പുഷ്പ എന്ന കഥാപാത്രം മോഹനന് വെല്ലുവിളിയാകുമെന്ന് പലരും കണക്കുകൂട്ടിയെങ്കിലും ആ കഥാപാത്രത്തെ കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ പൃഥ്വിരാജ് എന്ന നടന് സാധിച്ചു.
ചൈതന്യത്തെ അവതരിപ്പിച്ച പ്രിയംവദ കൃഷ്ണനും ഗംഭീര പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചത്. നോവലില്‍ ആ കഥാപാത്രത്തിന്റെ അതേ വീറും വാശിയും സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ പ്രിയംവദക്ക് സാധിച്ചിട്ടുണ്ട്. ചെമ്പകമായി വേഷമിട്ട രാജശ്രീയും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്.
മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കേണ്ട നടനാണ് അനു മോഹനെന്ന് അയ്യപ്പനും കോശിയും കണ്ടതുമുതല്‍ തോന്നിയ കാര്യമാണ്. വിലായത്ത് ബുദ്ധയിലേക്ക് എത്തുമ്പോഴും അനു മോഹന്‍ എന്ന പെര്‍ഫോമര്‍ ഞെട്ടിക്കുന്നുണ്ട്. അനി എന്ന കഥാപാത്രത്തിന്റെ എല്ലാ ഇമോഷനും അനു മോഹനില്‍ ഭദ്രമായിരുന്നു.
കാക്കി പപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കിരണ്‍ പീതാംബരന്‍, ജോര്‍ജായി വേഷമിട്ട പ്രമോദ് വെളിയനാട്, ഫോറസ്റ്റ് ഓഫീസറായെത്തിയ ധ്രുവന്‍ എന്നിവരും ഗംഭീരമായി.
ജേക്‌സ് ബിജോയ്… ഈ വര്‍ഷം മൊത്തമായി തൂക്കിയിട്ടേ കളം വിടുള്ളൂ എന്ന് ജേക്‌സ് ഒരിക്കല്‍ കൂടി തെളിയിച്ചു. ആദ്യാവസാനം ഗംഭീര സ്‌കോര്‍ കൊണ്ട് ജേക്‌സ് കത്തിച്ചുവെച്ചിട്ടുണ്ട്. ചേസിങ് സീന്‍ ബി.ജി.എമ്മും ക്ലൈമാക്‌സ് പാട്ടുമെല്ലാം വേറെ ലെവലാക്കിയിട്ടുണ്ട്. അരവിന്ദ് കശ്യപും രെണദിവും ഒരുക്കിയ ഫ്രെയിമുകളെല്ലാം ടോപ് നോച്ച് എന്നേ പറയാനുള്ളൂ. മറയൂരില്‍ ഭാസ്‌കരന്റെയും മോഹനന്റെയും ലോകം ഒരുക്കിയ വിനേഷ് ബംഗ്ലാനും പ്രത്യേക കൈയടി അര്‍ഹിക്കുന്നു.
ടൈറ്റിലിന് മുമ്പ് സച്ചിക്ക് നല്കിയ ട്രിബ്യൂട്ട് വെറുതേയായില്ലെന്ന് വിലായത്ത് ബുദ്ധ ഒരിക്കല്‍ കൂടി അടിവരയിടുന്നുണ്ട്. മാസ് മസാല ഴോണറില്‍ മെയില്‍ ഈഗോയെ അവതരിപ്പിച്ച പക്കാ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചിത്രമെന്ന് വിലായത്ത് ബുദ്ധയെ വിശേഷിപ്പിക്കാം.