| Wednesday, 12th March 2025, 10:13 pm

അന്യനായിരുന്നു അതുവരെയും എന്റെ പ്രിയ ചിത്രം, എന്നാല്‍ ആ സിനിമ അതുക്കും മേലെയായി: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച നടനാണ് വിക്രം. ബാല സംവിധാനം ചെയ്ത സേതുവാണ് വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത്. ബാലയുമായി രണ്ടാമത് ഒന്നിച്ച പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിയാന്‍ സ്വന്തമാക്കി.

വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഐ’. 100 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം വലിയ വിജയമായി മാറിയുന്നു. വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു വിക്രം ചിത്രത്തിലെത്തിയത്. തന്റെ ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘ഐ’ ആണെന്ന് പറയുകയാണ് വിക്രം.

അന്യന്‍ ആയിരുന്നു അതുവരെയും തന്റെ പ്രിയപ്പെട്ട ചിത്രമെന്നും എന്നാല്‍ ‘ഐ’ ഇറങ്ങിയ ശേഷം ആ ചിത്രം തന്റെ ഫേവറിറ്റായി മാറിയെന്നും വിക്രം പറഞ്ഞു. ഒരു ചിത്രത്തില്‍ തന്നെ ബോഡി ബില്‍ഡര്‍, മോഡല്‍, കൂനന്‍ എന്നീ മൂന്ന് മുഖങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഏറെ കഠിനാധ്വാനം ചെയ്തത് ചിത്രമായിരുന്നു ‘ഐ’. ഒരു നടനെന്ന നിലയില്‍ ആ സിനിമയില്‍ ഞാന്‍ സംതൃപ്തനാണ്. എന്റെ കരിയറിലെ മികച്ച ചിത്രമാണ് ‘ഐ’. അതുവരെ ശങ്കര്‍ സാറിന്റെ അന്യനായിരുന്നു എന്റെ പ്രിയ ചിത്രം. ഐ വന്നപ്പോള്‍ ‘അതുക്കുംമേലെ’യായി. ഒരു ചിത്രത്തില്‍ തന്നെ ബോഡി ബില്‍ഡര്‍, മോഡല്‍, കൂനന്‍ എന്നീ മൂന്ന് മുഖങ്ങള്‍ കിട്ടി. അത്രയും സ്‌കോപ്പ് ‘ഐ’ എനിക്ക് തന്നില്ലേ.

രജിനികാന്ത് സാറിന്റെ വലിയ ആരാധകനാണ് ഞാന്‍. ‘ഐ’ ചിത്രം കണ്ട് രജിനികാന്ത് സാര്‍ പറഞ്ഞു, ‘ഒരു സിനിമക്ക് വേണ്ടി ആ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന ഒരു നടന്‍ ഇന്ത്യന്‍ സിനിമയിലും ലോക സിനിമയിലും ഞാന്‍ കണ്ടിട്ടില്ല’ എന്ന്. ഒരു നായകനടന്‍ മറ്റൊരു നായകനടന് നല്‍കുന്ന അംഗീകാരമാണത്. അതില്‍പ്പരം മറ്റെന്ത് വേണം,’ വിക്രം പറയുന്നു.

Content highlight: Vikram talks about  his favorite movie

We use cookies to give you the best possible experience. Learn more