| Wednesday, 29th January 2025, 1:35 pm

ഞാന്‍ ചെയ്തതില്‍ ഇന്നും എനിക്ക് പ്രിയപ്പെട്ട ചിത്രം അതാണ്; ബിഗ്സ്‌ക്രീനില്‍ ആ സിനിമയുടെ സൗന്ദര്യം അതിശയിപ്പിക്കുന്നത്: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിച്ച് 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാവണ്‍. വിക്രം, ഐശ്വര്യ റായ്, പൃഥ്വിരാജ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രമായ ചിത്രം രാമായണത്തിന്റെ മോഡേണ്‍ അഡാപ്‌റ്റേഷന്‍ ആയിരുന്നു.

തന്റെ പ്രിയപ്പെട്ട ചിത്രം മണിരത്‌നത്തിനോടൊപ്പം ചെയ്ത രാവണ്‍ ആണെന്ന് പറയുകയാണ് നടന്‍ വിക്രം. മണിരത്‌നത്തിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും വിക്രം പറഞ്ഞു.

ഫ്രെയിമുകള്‍ എടുക്കുമ്പോള്‍ ക്യാമറാമാനോട് സീനില്‍ വേണ്ട ഫീലിങ്ങിനെക്കുറിച്ചാണ് മണിരത്‌നം സംസാരിക്കുകയെന്നും ദൃശ്യങ്ങളിലൂടെ തണുപ്പും ചൂടും പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് മണിരത്‌നം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ അതിശയിപ്പിച്ച മറ്റൊരു സംവിധായകനാണ് ഷങ്കര്‍ എന്നും വിക്രം പറഞ്ഞു.

‘ഓരോ സംവിധായകര്‍ക്കും ആവശ്യമായത് നല്‍കാന്‍ കഴിയുക എന്നതാണ് പ്രധാനം. നടനില്‍നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ കഴിവുള്ള സംവിധായകര്‍ തമിഴില്‍ ഒരുപാടുണ്ട്. ഓരോ സംവിധായകരുടേയും ഇടപെടലുകളിലും ചിത്രീകരണരീതികളിലുമെല്ലാം വലിയ വ്യത്യാസങ്ങളുണ്ട്.
മണിരത്‌നത്തിനൊപ്പം ചെയ്ത രാവണ്‍ എത്ര ചിത്രം ഇന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമ്പോള്‍ അവിടെ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഫ്രെയിമുകള്‍ എടുക്കുമ്പോള്‍ ക്യാമറാമാനോട് അദ്ദേഹം പറയുക ആ സീനില്‍ വേണ്ട ഫീലിങ്ങിനെക്കുറിച്ചാണ്. ജ്വലിച്ചുനില്‍ക്കുന്നതോ കുളിരണിഞ്ഞുകിടക്കുന്നതോ ആയ ദൃശ്യങ്ങളിലൂടെ തണുപ്പും ചൂടും പ്രേക്ഷനിലേക്കെത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ബിഗ്സ്‌ക്രീനിലെ മണിരത്‌നം സിനിമയുടെ സൗന്ദര്യം നമ്മെ അതിശയിപ്പിക്കും. ക്യാമറാമാന് അദ്ദേഹം നല്‍കുന്ന ടിപ്സുകള്‍ കേള്‍ക്കാന്‍ ഞാനും അടുത്ത് പോയിനില്‍ക്കാറുണ്ട്.

ഷങ്കര്‍ അതിശയിപ്പിക്കുന്ന മറ്റൊരു സംവിധായകനാണ്. ലൊക്കേഷന്‍ എവിടെയായാലും ചിത്രത്തിന്റെ കണ്‍ട്രോള്‍ എപ്പോഴും അദ്ദേഹത്തില്‍ ശക്തമായിരിക്കും. ടെക്‌നിക്കലായുള്ള വലിയ ഇടപെടലുകളായിരിക്കും സംഘട്ടനത്തിലും ഗാന രംഗത്തുമെല്ലാം അദ്ദേഹം കൊണ്ടുവരിക. അതുകണ്ട് വാ പൊളിച്ചു നിന്നുപോകും,’ വിക്രം പറയുന്നു.

Content Highlight: Vikram talks about his favorite film and directors

We use cookies to give you the best possible experience. Learn more