| Sunday, 16th March 2025, 10:28 pm

ഒമ്പത് വര്‍ഷം മുമ്പ് മുട്ടിയപ്പോള്‍ രണ്ടാളും ഒപ്പത്തിനൊപ്പമായിരുന്നു, ഇത്തവണ കഥ ആവര്‍ത്തിക്കുമോ? മോഹന്‍ലാല്‍- വിക്രം ക്ലാഷ് കാണാന്‍ സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മലയാളത്തിന്റെ അഭിമാനമാകാന്‍ സാധ്യതയുള്ള എമ്പുരാനുമായി ഒരു മലയാളചിത്രവും ക്ലാഷിന് വന്നിട്ടില്ല.

എന്നാല്‍ തമിഴ്‌നാട്ടില്‍ എമ്പുരാന് കാര്യങ്ങള്‍ കുറച്ച് കഷ്ടമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിയാന്‍ വിക്രം നായകനാകുന്ന വീര ധീര സൂരന്‍ പാര്‍ട്ട് 2 മാര്‍ച്ച് 27ന് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലും 150നടുത്ത് സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒമ്പത് വര്‍ഷം മുമ്പാണ് മോഹന്‍ലാലും വിക്രമും ഇതിന് മുമ്പ് ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ വന്നത്.

2016 ഓണം റിലീസായി മോഹന്‍ലാലിന്റെ ഒപ്പം റിലീസായപ്പോള്‍ വിക്രം ഇരട്ടവേഷത്തിലെത്തിയ ഇരുമുഖനും അതേസമയം തിയേറ്ററുകളിലെത്തിയിരുന്നു. അന്ധനായ ജയരാമന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചപ്പോള്‍ കരിയറിലെ ആദ്യ ഡബിള്‍ റോള്‍ വിക്രം മികച്ച രീതിയില്‍ അവതരിപ്പിച്ചു.

രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നു. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പോ ഒന്നിച്ച ഒപ്പം 75 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. 50 കോടിയില്‍ ഒരുങ്ങിയ ഇരു മുഖന്‍ 85 കോടി കളക്ട് ചെയ്ത് ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി. കേരളത്തില്‍ നിന്ന് ഒമ്പത് കോടിക്ക് മുകളില്‍ ഇരു മുഖന്‍ നേടുകയും ചെയ്തു.

ചിത്താ എന്ന ഹിറ്റിന് ശേഷം എസ്.യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീര ധീര സൂരന്‍. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. മധുരൈ പശ്ചാത്തലമാക്കി ആക്ഷന്‍ ത്രില്ലറാണ് അരുണ്‍ കുമാര്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ്, ടൈറ്റില്‍ ടീസര്‍ വീഡിയോകള്‍ക്ക് മികച്ച പ്രതികരണമായിരുന്നു.

എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ വില്ലന്‍. മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂടും വീര ധീര സൂരനില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദുഷാരാ വിജയനാണ് ചിത്രത്തിലെ നായിക. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. 2016ലേത് പോലെ മികച്ച ചിത്രങ്ങളാകും മോഹന്‍ലാലും വിക്രമും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.

Content Highlight: Vikram’s Veera Dheera Sooran clash with  Empuraan in Kerala Box Office

We use cookies to give you the best possible experience. Learn more