വലിയ പ്രീ-റിലീസ് ഹൈപ്പോ ഒന്നുമില്ലാതെ തിയേറ്ററിലെത്തിയ ചിത്രമാണ് പ്രകമ്പനം. എന്നാൽ റിലീസിന് പിന്നാലെ മികച്ച മൗത്ത് പബ്ലിസിറ്റിയോടെ ചിത്രം ശ്രദ്ധ നേടുകയാണ്.
വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ചിത്രത്തിൽ സാഗർ സൂര്യ, ഗണപതി, അൽ അമീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പ്രത്യേകിച്ച് ‘പുണ്യാളൻ’ എന്ന കഥാപാത്രമായി എത്തിയ സാഗർ സൂര്യയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഇപ്പോളിതാ ‘പുണ്യാളൻ’ എന്ന കഥാപാത്രത്തിനായി നിരവധി താരങ്ങളെ സമീപിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാൽ എല്ലാവരും പിന്മാറിയതായാണ് സംവിധായകൻ വിജേഷ് പാണത്തൂർ വ്യക്തമാക്കുന്നത്.
സാഗർ സൂര്യ പോലും ആദ്യഘട്ടത്തിൽ ഈ വേഷം നിരസിച്ചിരുന്നുവെന്നും പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒന്ന് ചെയ്തു നോക്കാം എന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ ഈ കാര്യം പറഞ്ഞത്.
‘ചിത്രത്തിൽ വടക്കൻ കേരളത്തിൻ്റെ പശ്ചാത്തലം ഉപയോഗിക്കുന്നത്, എനിക്ക് അത് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്നതുകൊണ്ടാണ്. പ്രകമ്പനത്തിൽ നായകനായി കണ്ണൂർ ഭാഷ എളുപ്പം കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരാൾ വേണമെന്ന് ചിന്തിച്ചപ്പോൾ ഗണപതി മതി എന്ന് ആദ്യമേ ഉറപ്പിച്ചു.
സാഗർ സൂര്യ, Photo: Sagar Surya/ Instagram
പുണ്യാളൻ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തിലേക്ക് പലരെയും നോക്കിയെങ്കിലും എല്ലാവരും പലകാരണങ്ങളാൽ പിന്മാറി. സാഗർ സൂര്യപോലും ആദ്യം പിന്മാറിയ ആളാണ്. എന്നാൽ, കുറച്ചുദിവസം കഴിഞ്ഞപ്പോൾ ചെയ്തുനോക്കാം എന്ന് പറയുകയായിരുന്നു. അത് സാഗറിൻ്റെ കാരിയറിലെയും പ്രധാനകഥാപാത്രമായിമാറി,’ വിജേഷ് പാണത്തൂർ പറഞ്ഞു.
പ്രതീക്ഷിച്ചതിലും ഇരട്ടി സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നതെന്നും, എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ചിത്രം സന്തോഷിപ്പിക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവരസ ഫിലിംസും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിച്ചത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പള്ളി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്.
Content Highlight: Vijesh panathur talk about the movie Prakambanam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.